Tuesday, February 16, 2016

നിരീക്ഷണം- നേരത്തെ പറയുന്നു ...

നിരീക്ഷണം നേരത്തെ പറയുന്നു ... ''ഇത് ഇപ്പൊ ബെല്യ ലാബത്തിന്റെ കച്ചോടൊന്നൊല്ലാ എൻക്ക്... പുള്ളോ ബന്നാ ഇല്ല്യോ ....പീസ്‌ തരാന് ബൈദെങ്ക്.... മാഷ്‌ട്ടംമാരെ അട്ക്കം പൊർത്തിട്ടിറ്റ്, ഈടെ കൊട്ടത്തേങ്ങ ഒണ്ക്കാന്ടും '' കാസർകോട്ടെ ഒരു സ്കൂൾ മൊതലാളി പി.ടി.എ . യോഗത്തിൽ പറഞ്ഞത് എന്നോട് ഒരു സുഹൃത്ത് പറഞ്ഞിരുന്നു. (കൊപ്രാ കച്ചോടം പച്ചപ്പിടിച്ചപ്പോൾ ആ സ്കൂൾ പൂട്ടിയോ അതോ ഇപ്പോഴുമുണ്ടോ എന്നറിയില്ല ). നിരീക്ഷണം ഒരൽപം വിദ്യാഭ്യാസ പ്രവർത്തനത്തെക്കുറിച്ചാകാം. ഈയ്യടുത്ത കാലത്താണല്ലോ, കൃത്യമായി പറഞ്ഞാൽ ഇംഗ്ലീഷ് മീഡിയോമാനിയ നാട്ടിൻപുറങ്ങളെ ഒരു ''ബാധ പോലെ'' പിന്തുടർന്നപ്പോഴാണല്ലോ പലരും മക്കളെ പഠിപ്പിക്കാൻ ഒന്നുണർന്നത്. കാരണങ്ങൾ വായനക്കാർ ഇവിടെ പങ്ക് വെക്കട്ടെ. നിരീക്ഷണം അതെഴുതി വിവാദമാക്കുന്നില്ല. ഇംഗ്ലീഷ് മീഡിയമുള്ള സ്വകാര്യ സ്ഥാപനങ്ങൾ തേടി നാട്ടുകാർ പരക്കം പാഞ്ഞതോടെ നമ്മുടെ പഞ്ചായത്തിലെ ഏക സർക്കാർ ഹൈസ്കൂൾ ക്യാമ്പസ് പരിസരം മുഴുവൻ അനാഥത്വം നിഴലിക്കാൻ തുടങ്ങി. പട്ള സ്കൂളിൽ ചെറിയ ക്ലാസ്സുകളിൽ കുട്ടികളുടെ എണ്ണത്തിൽ കുറവ്, നാട്ടുകാരുടെ അശ്രദ്ധ, പിടിഎ യിലും താൽപര്യക്കുറവ്, അധ്യാപനം നേരെ ചൊവ്വേ ഇല്ല .... ഇതൊക്കെ അന്ന് വിഷയമാകാൻ തുടങ്ങി. അന്ന് നാട്ടിൽ ഉണ്ടായിരുന്ന അഞ്ചാറു പേരെ അന്തരിച്ച എബ്രഹാം മാസ്റ്റർ സ്കൂളിൽ വിളിച്ചു അദ്ദേഹം തന്റെ ഉത്കണ്ഠ അറിയിച്ചു വികാരാധിതനായി സംസാരിച്ചത് ഓർക്കുന്നു. ''നാട്ടുകാർ കയ്യൊഴിഞ്ഞ ഒരു സ്കൂളും ദിശാബോധം നഷ്ടപ്പെട്ട കുറെ പിള്ളേരും അവരെ പഠിപ്പിക്കാൻ ''വിധിക്കപ്പെട്ട'' വാധ്യാന്മാരും വല്ലപ്പോഴും സ്കൂൾ വരാന്ത കേറുന്ന രക്ഷിതാക്കളും നിങ്ങളുടെ അശ്രദ്ധ കൊണ്ട് ഇട്ടേച്ചു പോയ പള്ളിക്കൂടവും അതിൽ രാത്രി കാലങ്ങളിൽ യഥേഷ്ടം വിഹരിക്കുന്ന സാമൂഹ്യ ദ്രോഹികളും ... ഞാൻ പറയേണ്ടത് പറഞ്ഞു. ഇനി നിങ്ങൾക്ക് ആലോചിക്കാം''. എബ്രഹാം മാസ്റ്റർ ഒരു യു.പി. ക്ലാസ് റൂമിൽ ഇരുന്ന് ഞങ്ങളോട് അത് പറയുമ്പോൾ അവിടെ സംബന്ധിച്ച ആറു പേരിൽ ഞാനടക്കമുള്ള ചിലരുടെയെങ്കിലും മക്കൾ സ്വകാര്യ സ്കൂളിൽ ഇംഗ്ലീഷ് ''പഠിക്കു''കയായിരുന്നു. (സി.എച്ചിനും മെമ്പർ എം. എ യ്ക്കും ആ യോഗത്തിൽ സംബന്ധിച്ചവരെ ഓർമ്മ കാണും ). സി.എച്ചിന്റെയും സുരേഷ് മാഷിന്റെയും നേതൃത്വത്തിൽ സമാന ചിന്താക്കാരുടെ ചിട്ടയാർന്ന നീക്കങ്ങൾ തുടര്ന്നുണ്ടായി. വളരെ കരുതലോടെയുള്ള അവരുടെ നീക്കങ്ങൾ ഫലം കണ്ടു. സി.എച്ച് അപ്പപ്പോൾ അപ്ഡേഷൻ ആ സ്കൂളിലെ രക്ഷിതാവല്ലാഞ്ഞിട്ടു പോലും എന്നെ പോലുള്ളവർക്ക് കൈമാറിയിരുന്നതും അദ്ദേഹത്തിന്റെ ഇച്ഛാശക്തിയുടെ ഭാഗം. സി.എച്ചിനെപ്പോലുള്ളവരുടെ സ്നേഹപൂർവമുള്ള ബോധ്യപ്പെടുത്തലുകൾ പലരെയും കുട്ടികളെ സ്വകാര്യ സ്കൂളുകളിൽ ചേർക്കുന്നതിൽ നിന്നും മാറ്റിച്ചിന്തിപ്പിച്ചു. (കൂട്ടത്തിൽ പറയട്ടെ പട്ള സ്കൂളിലെ ആദ്യ ഇംഗ്ലീഷ് ബാച്ചിലെ ബെഞ്ചിൽ എന്റെ മകനും ടി.സി. വാങ്ങിവന്നു ഇരുന്നു.) തുടർന്നു നാം കണ്ടതും അനുഭവിച്ചതും വിസ്മയിപ്പിക്കും വിധം. ഉറങ്ങിപ്പോകുമോയെന്നു ഭയപ്പെട്ടിരുന്ന പട്-ല സ്കൂൾ ഒരേ സമയം ഇംഗ്ലീഷ്, മലയാളം ബാച്ചുകൾ മികവു പുലർത്തുന്നത് നാം നേരിൽ അനുഭവിച്ചു. രക്ഷിതാക്കൾ ഉണർന്നു, അധ്യാപകർ ഒന്ന് കൂടി അവരെ ഉണർത്താൻ ഉണർത്തു പാട്ട് പാടി. ഒന്നാം ക്ലാസ്സ് ഇംഗ്ലീഷ് ബാച്ച് തുടങ്ങിയതേയുള്ളൂ; പക്ഷെ ഫലം കണ്ടു തുടങ്ങുന്നത് ഹൈസ്കൂൾ മലയാളം ക്ലാസ്സുകളിൽ. മദർ പിടിഎ. ക്ലാസ്സ് മീറ്റിങ്ങുകൾ. സ്കൂൾ അസംബ്ലിയിലൊക്കെ ഒന്ന്പോയി നോക്കണം നമ്മുടെ മക്കളുടെ സംഘാടന മികവ് കാണാൻ. കാസര്കോട് പ്രദേശങ്ങളിൽ ഒരു പ്ലാനും വിഷനുമില്ലാതെ തുടങ്ങി വെച്ച ''ഇൻഗ്ലീച് ഇസ്കൂളിൽ'' കെട്ടടങ്ങാൻ വിധിക്കപ്പെടുമായിരുന്ന നമ്മുടെ ഗ്രാമത്തിലെ കുട്ടികളും അവരുടെ വിദ്യാഭ്യാസവും, ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടതിന് പിന്നിൽ അന്നത്തെ പി.ടി.എ കമ്മറ്റിക്കും അതിനു നേതൃത്വം നൽകിയവർക്കും ചെറുതല്ലാത്ത പങ്കുണ്ട്. നൂറുമേനി നൂറുമേനി എന്നൊക്കെ കേൾക്കാനും വായിക്കാനും എളുപ്പമാണ്. അതിനു പിന്നിൽ ആത്മാർഥമായി പ്രവർത്തിച്ചവരുടെ നേതൃപാടവം മറക്കാൻ പറ്റുമോ ? ഇന്ന് ഏത് സർക്കാർ സ്ഥാപനത്തിൽ ചെന്നാലും infrastructure ഒന്ന് കൂടി മെച്ചപ്പെടുത്താനുള്ള പദ്ധതികളുമായുള്ള അപേക്ഷകളുടെ കൂട്ടത്തിൽ പട്ള പിടിഎ യുടെ പേപ്പർ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ ടേബിളിനു മുന്നിൽ തന്നെ അയാളെ തുറിച്ചു നോക്കുന്ന രൂപത്തിലേക്ക് വരെ കാര്യങ്ങൾ ഇന്ന് എത്തിച്ചേർന്നു. സ്കൂളുമായി ബന്ധപ്പെട്ട എന്ത് ധനസഹായവും നമ്മുടെ പിടിഎയുടെ കണ്ണുവെട്ടിച്ചു മാറ്റാനും മറിക്കാനും പറ്റാത്ത രൂപത്തിലേക്ക് വരെ ഇന്ന് കാര്യങ്ങൾ നീങ്ങി കഴിഞ്ഞു. അതിലും വലിയ സന്തോഷം ഈ സർക്കാർ സ്കൂളിൽ പഠിച്ചു വളർന്ന മക്കൾ തന്നെയാണ് നാട്ടിലെ അധികം പ്രൊഫെഷണൽ കോഴ്സ് ബിരുദ-ബിരുദാനന്തധാരികളും. സ്വകാര്യ സ്കൂളുകളിൽ പഠിച്ചവർ എല്ലാ കാര്യത്തിലും പിന്നിലാണെന്നു തന്നെയാണ് എന്റെ ഒരു വിലയിരുത്തൽ. (മറുവാദം ഉണ്ടാകാം ). നമ്മുടെ സ്കൂൾ ഇനിയും ഉന്നതിയിലെത്തണം. അതിന്റെ പ്രതാപം നില നിൽക്കണം. അവിടെ നമ്മുടെ മക്കൾ പഠിച്ചു വളരണം. അതിനു വേണ്ട എന്ത് സഹായ സഹകരണത്തിനും നാം ഒരു പടി മുന്നിൽ തന്നെ നിൽക്കണം. ഈ ഫെബ്രവരി കഴിയുന്നതോടെയോ മാർച്ച ആദ്യത്തിലോ SSLC പരീക്ഷയ്ക്ക് സ്കൂൾ അടചേക്കും. മാർച്ച് 9 തുടങ്ങി 23ന് പബ്ലിക് പരീക്ഷ തീരും. പിന്നെ മധ്യവേനലവധി തുടങ്ങും. അതിനിടയിലുള്ള സമയം നമുക്ക് സ്കൂളിനെ മറക്കാനുള്ളതല്ല. വലിയ പ്രതീക്ഷയോടെ തുടങ്ങിയ പ്രീ -സ്കൂളിലേക്കടക്കം മക്കളെ ചേർക്കാനുള്ളതാണ്. അതിനു ''കുടയും വടി''യുമെടുത്ത് ഫീൽഡിൽ ഇറങ്ങാനുള്ളതാണ്. സി.പി. നേതൃത്വത്തിന്റെ കയ്യിൽ നല്ല ഒരു ഡാറ്റാ ബാങ്കുണ്ട്. ഇത്തരം ആവശ്യങ്ങൾക്ക് വേണ്ടിയൊക്കെയാണ്‌ നമ്മൾ അന്നത് മുൻകൈ എടുത്തുണ്ടാക്കിയത്. ചെറിയ മക്കളുടെ ലിസ്റ്റെടുക്കാൻ എക്സെൽ ഫയലിൽ filtering ചെന്നാൽ, ഒരു ''ക്ലിക്ക്'' മതി. ബന്ധപ്പെട്ടവർ ഉപയോഗപ്പെടുത്തുക. യുവാക്കളുടെ ഊർജ്ജം കുറച്ചു ഇതിനായും ഉപയോഗിക്കാം. ഞങ്ങളെ മൈന്ഡ് ചെയ്യുന്നില്ലെന്ന യുവരക്തത്തിന്റെ പരാതിയും തീരും. ''Good Habits Formed at Youth and Make all Difference'' Arestotel. അത്കൊണ്ട്, Make Use of Them, ആരെ ? യുവാക്കളെ.

No comments: