Tuesday, February 16, 2016

എന്റെ ഓർമ്മയിലെ ഒ .എൻ .വി.

എന്റെ ഓർമ്മയിലെ ഒ .എൻ .വി. അസ്‌ലം മാവില ഇരുപത്തെട്ട് വർഷം പിന്നിലേക്ക്. കാസർകോട്‌ ഗവ: കോളേജിൽ ഡിഗ്രിക്ക് പഠിക്കുന്ന കാലം. അഴിക്കോടും വിജയൻ മാഷും സുകുമാരൻ സാറും എന്റെ favorite പ്രസംഗകരും ഒ .എൻ .വിയും സുഗതകുമാരിയും അയ്യപ്പപണിക്കരും favorite കവിത്രയങ്ങളായി മനസ്സിൽ കൊണ്ട് നടക്കുന്ന കാലം. ഒ .എൻ. വി. കാസർകോട് എത്തുന്നുണ്ടെന്ന് കോളേജിനകത്ത് പ്രൊഫ. ഇബ്രാഹിം ബെവിഞ്ചയുടെ ക്യാബിനു എതിർവശത്തുള്ള മതിലിൽ കൈപ്പടകൊണ്ടുള്ള നോട്ടീസ് എന്റെ ശ്രദ്ധയിൽ പെട്ടു. വൈകുന്നേരം. സ്ഥലം ടൌണ് യു.പി. സ്കൂൾ. ഞാനും കവി മധുവും (മധു ഇന്ന് ഗവ തലത്തിൽ ഉന്നത ഉദ്യോഗം വഹിക്കുന്നു ) നേരത്തെ തന്നെ അവിടെയെത്തി. ഒ. എൻ.വി യെ സ്റ്റെജിൽ പ്രതീക്ഷിച്ചു കുറെ നേരം ഞങ്ങൾ ഒരു ബെഞ്ചിൽ ഇരുന്നു. പുറത്ത് ജനാലയിൽ കൂടി മധു എനിക്ക് കൈ ചൂണ്ടി പറഞ്ഞു - ദേ, ഒ .എൻ .വി. തൂവെള്ള വസ്ത്രധാരിയായ മനുഷ്യൻ. മൂക്ക് കണ്ണട. നന്നായി ചീകി ഒതുക്കി വെച്ച തലമുടി. തോൾ സഞ്ചിയുമില്ല; ഭുജി ഊശാൻ താടിയുമില്ല. വൃത്തിയും വെടിപ്പുമുള്ള മനുഷ്യൻ. അദ്ദേഹം സ്കൂൾ പരിസരവും അവിടെയുള്ള പൂച്ചെടികളും ചുറ്റുപാടും നോക്കി നടന്നു നീങ്ങുന്നു. പൂൻതേൻ തേടിയുള്ള വണ്ടിനെപ്പോലെ തന്റെ കവിതയ്ക്കുള്ള ''റോ മെറ്റീരിയൽ'' തെരയുകയായിരുന്നു അദ്ദേഹമെന്ന് തുടർന്ന് നടന്ന പ്രസംഗത്തിൽ നിന്ന് മനസ്സിലായി. ഒ .എൻ .വി അങ്ങിനെയാണ്. കുറെ സമയം ഒരിടത്തും ഇരിക്കില്ലത്രേ. അന്ന് അവിടെ അദ്ദേഹം ''ഭൂമിയ്ക്കൊരു ചരമ ഗീതം'' ആലാപനം നടത്തി. മുഴുവനല്ല അതിലെ ആദ്യത്തെ കുറച്ചു ഭാഗം. കൂട്ടത്തിൽ ഹ്രസ്വമായ കവിത തുളുമ്പുന്ന പ്രസംഗവും, പുറം കാഴ്ച കാണുന്നതിന്റെ രഹസ്യവും പറഞ്ഞു സദസ്സിന്റെ കയ്യടി വാങ്ങി. വൈകുന്നേരത്തെ തീവണ്ടി സമയമായത് കൊണ്ടാകാം അദ്ദേഹം പ്രസംഗം കഴിഞ്ഞയുടനെ തന്നെ വേദി വിട്ടു. എല്ലാവരും സദസ്സ് ഒഴിയുകയും ചെയ്തു. പിന്നെ കുറെ ദിവസക്കാലം മധുവിനും എനിക്കും കൂട്ടുകാർക്കും കോളേജ് ക്യാമ്പസിലെ മരച്ചുവട്ടിലിരുന്നു ഒ .എൻ .വിയെക്കുറിച്ചും അദ്ദേഹത്തിന്റെ കവിതകളെകുറിച്ചും സംസാരിക്കലായിരുന്നു പ്രധാന ഏർപ്പാട്. രാഘവൻ മാഷും കെ.എം. അഹമ്മദ് മാഷും ബേവിഞ്ച സാറുമായിരുന്നു അന്ന് സാഹിത്യ വേദിയുടെ സാരഥികളും സംഘാടകരും. ആദരാഞ്ജലികൾ ! ''ഭൂമിക്കൊരു ചരമ ഗീത''ത്തിൽ നിന്നുള്ള ഏതാനും വരികൾ ചുവടെ : ഇനിയും മരിക്കാത്ത ഭൂമി! നിന്നാസന്ന- മൃതിയില്‍ നിനക്കാത്മശാന്തി! ഇത് നിന്റെ (എന്റെയും) ചരമശുശ്രൂഷയ്ക്ക് ഹൃദയത്തിലിന്നേ കുറിച്ച ഗീതം. മൃതിയുടെ കറുത്ത വിഷപുഷ്പം വിടര്‍ന്നതിന്‍- നിഴലില്‍ നീ നാളെ മരവിക്കേ, ഉയിരറ്റനിന്‍മുഖത്തശ്രു ബിന്ദുക്കളാല്‍ ഉദകം പകര്‍ന്നു വിലപിക്കാന്‍ ഇവിടെയവശേഷിക്കയില്ലാരു, മീ ഞാനും! ഇതു നിനക്കായ് ഞാന്‍ കുറിച്ചീടുന്നു ; ഇനിയും മരിക്കാത്ത ഭൂമി ! നിന്നാസന്ന- മൃതിയില്‍ നിനക്കാത്മശാന്തി! പന്തിരുകുലം പെറ്റ പറയിക്കുമമ്മ നീ എണ്ണിയാല്‍ തീരാത്ത, തങ്ങളിലിണങ്ങാത്ത സന്തതികളെ നൊന്തു പെറ്റു! ഒന്നു മറ്റൊന്നിനെ കൊന്നു തിന്നുന്നത് കണ്ണാലെ കണ്ടിട്ടുമൊരുവരും കാണാതെ കണ്ണീരൊഴുക്കി നീ നിന്നൂ! പിന്നെ, നിന്നെത്തന്നെയല്പാല്പമായ്‌ത്തിന്നുഃ തിന്നവര്‍ തിമിര്‍ക്കവേ ഏതും വിലക്കാതെ നിന്നു നീ സര്‍വംസഹയായ്! .................................................... .................................................. aslam mavilae

No comments: