Tuesday, February 16, 2016

നിരീക്ഷണം

നിരീക്ഷണം അസ്‌ലം മാവില ''വായിക്കുക, സൃഷ്ടിച്ചവനായ നിന്റെ ദൈവത്തിന്റെ നാമത്തിൽ. മനുഷ്യനെ അവൻ ഭ്രൂണത്തിൽ നിന്ന് സൃഷ്ട്ടിച്ചിരിക്കുന്നു. നീ വായിക്കുക , നിന്റെ രക്ഷിതാവ് ഏറ്റവും വലിയ ഔദാര്യവാനാകുന്നു. പേന കൊണ്ട് പഠിപ്പിച്ചവൻ. മനുഷ്യന് അറിയാത്തത് അവൻ പഠിപ്പിച്ചിരിക്കുന്നു'' പരിശുദ്ധ ഖുർ-ആൻ ആൽബർട്ട് ഐൻസ്റ്റീൻ ഇങ്ങനെ പറഞ്ഞു : നിങ്ങൾ ഒരു കാര്യം അറിഞ്ഞിരിക്കുക തന്നെ വേണം, THE LOCATION OF LIBRARY. ''കയ്യിൽ ഒരു കനപ്പെട്ട പുസ്തകത്തിന്റെ ആധികാരികത ഇല്ലാതെ വാചകമടിക്കുന്നവനെ സൂക്ഷിക്കണം'' - Lumeny Snicket ഒരാൾ ലൈബ്രറി അന്വേഷിച്ചാണ് പോകുന്നതെങ്കിൽ അയാളെ സൂക്ഷിക്കുക; തിരിച്ചു വരിക ഒരു പാട് ചോദ്യങ്ങളും ചിന്തകളും വെല്ലുവിളികളുമായിട്ടായിരിക്കും. വായിക്കുന്നവനെ അധികമാർക്കും അധിക സമയം വിഡ്ഢിയാക്കാൻ സാധിക്കില്ല. ''പുസ്തകമുള്ള ഭവനത്തിലാണ് ആത്മാവ്. അതില്ലാത്തിടം ശ്മശാന തുല്യം''. പ്ലേറ്റോ നമ്മുടെ പഴയ ഓർമ്മയിൽ വായനായിടം മർഹൂം ഖാദർ ഹാജി സാഹിബിന്റെ പല വ്യഞ്ജന കട. റീഡിംഗ് സ്റ്റാന്റ് ''കുന്നോ''ളം വലിപ്പം തോന്നിക്കുന്ന ഉപ്പു ചട്ടി. വായന തൊട്ടടുത്ത ഹോട്ടലിലേക്ക് നീളും; പിന്നെ പേജുകൾ പാറി പാറി (കൈമാറി കൈമാറി) ഹോട്ടലിന്റെ അകത്തുള്ള ഒരു വരി കട്ടിലിലേക്ക്; പിന്നെ പോസ്റ്റ്‌ ഓഫീസിന്റെ ഉമ്മറത്തുള്ള കാവി തേച്ച സീറ്റിൽ ....അന്നത്തെ തുറന്ന വായന ശാലയുടെ നീളവും പരിധിയും അത്രയും നീളവും വീതിയുമുണ്ടായിരുന്നു. അന്ന് ഗൌരവത്തോടെ വായിച്ചിരുന്നവരും ഉണ്ടായിരുന്നു. എന്റെ പിതാവ് മുതൽ ഞങ്ങളുടെ അയൽക്കാരായ കഴിഞ്ഞ ദിവസം നമ്മോട് വിടപറഞ്ഞ മർഹൂം സീദിക്കുഞ്ഞി സാഹിബ്, മർഹൂം മുഹമ്മദ്‌ കുഞ്ഞി സാഹിബ് .....അങ്ങിനെ അങ്ങിനെ ഒരു പാട് വായനക്കാർ. തുടർന്ന് അവരുടെ വട്ടം കൂടിയുള്ള ചർച്ചകൾ. പരസ്പരം കൊണ്ടും കൊടുത്തും ഉൾക്കൊണ്ടും ഉള്ളറിഞ്ഞുമുള്ള സംഭാഷണങ്ങൾ .... വായിക്കാൻ പ്രയാസപ്പെടുന്നവർക്കും പ്രായമേറെ ചെന്നവർക്കും ഉറക്കെ വായിച്ചു കേൾപ്പിക്കുന്ന മർഹൂം ഹമീസ്ച്ച ... ഒരു കാലഘട്ടം അങ്ങിനെ കടന്നു പോയിട്ടുണ്ട്. ഇതേ പോലുള്ള ഓപ്പൺ വായനശാല പിന്നെ കാണുന്നത് മർഹൂം മമ്മിൻച്ചാന്റെ കടയിൽ. അവിടെ പത്രം നീണ്ടു വിശാലമായി ഇരുന്നു വായിക്കാൻ കുറച്ചു കൂടി സൗകര്യം, പത്രങ്ങൾ കൂടാതെ വാരികകളും മാസികകളും അവിടെ ഉണ്ടാകും. മാസാമാസമോ രണ്ടു മാസത്തിലൊരിക്കലോ എഴുതി ത്തീരുന്ന മുറയ്ക്ക് അന്നത്തെ ഞങ്ങളുടെ കയ്യെഴുത്ത് പ്രസിദ്ധീകരണങ്ങൾ തിരിച്ചു ലഭിക്കുമെന്ന വിശ്വാസത്തോടെ കൊണ്ടിടാൻ പറ്റിയ നല്ല സ്ഥലം... സീച്ചും എച്ച്ക്കെയും എഞ്ചി. ബഷീറും ബി. ബഷീറും സാപും മുഹമ്മദ് കുഞ്ഞി മാഷുമൊക്കെ അതിലെ സ്ഥിരം എഴുത്തുകാരായ സന്ദർഭങ്ങൾ.... ആ കടകളിൽ ആൾപ്പെരുമാറ്റം നിലച്ചപ്പോൾ ആ രണ്ടു ജനകീയ ഓപ്പൺ വായനശാലകളും ചർച്ചാ വേദികളും എടുത്തു പോയി. സാക്ഷരതാ പ്രവർത്തനത്തിന്റെ ഭാഗമായി മമ്മിൻച്ചാന്റെ കടയും ബൂഡിൽ പോക്കുച്ചാന്റെ കടയും രാത്രി 9 മണിക്ക് ശേഷം ഞങ്ങൾക്ക് സ്നേഹപൂര്വ്വം വിട്ടു തന്നത്, ചിമ്മിനിയുടെ അരണ്ട വെളിച്ചത്തിൽ അക്ഷരങ്ങൾ കൂട്ടി പഠിപ്പിച്ചത് ..എല്ലാം ഓർമ്മയിൽ മിന്നലാട്ടം...... 1984 ൽ ഒ എസ്. എ രൂപീകരണം. 1988 ഓഗസ്റ്റ് 08 നു ഒ.എസ് .എ യുടെ വായനശാല കരീം സാഹിബിന്റെ കെട്ടിടത്തിൽ തുടക്കം. വായിക്കാൻ അവിടെ കന്നഡ, ഇംഗ്ലീഷ്, മലയാള പത്രങ്ങൾ. പിന്നീട് വായനശാല മർഹൂം എം.എ. മൊയ്തീൻ കുഞ്ഞി സാഹിബിന്റെ കെട്ടിടത്തിലേക്ക് കൂട് മാറ്റം. അവിടെയും കുറച്ചു വർഷങ്ങൾ. ചെറിയ രൂപത്തിൽ ഗ്രന്ഥശാലയുടെ തുടക്കം അവിടെ. പുസ്തകങ്ങൾ വായിക്കാൻ സ്ത്രീകൾ അടക്കം രജിസ്റ്റെർ ചെയ്യുന്നു. വീടുകളിൽ നിന്ന് വായിച്ചു തീര്ന്ന പുസ്തകങ്ങളുടെ ശേഖരണം..... നല്ല ഓർമ്മകൾ മാത്രം ഇവിടെ കുറിക്കുന്നു; അതാണ്‌ ഇപ്പോൾ ആവശ്യം എന്ന് തോന്നിയത് കൊണ്ട്. വർഷങ്ങൾക്ക് ശേഷം സന്മനസ്സുള്ളവരുടെ ശ്രമ ഫലമായി തുടങ്ങിയ പടല വായനശാലയുടെ പൊതുസഭ ഇന്ന് ചേരുമ്പോൾ അവിടെ സംബന്ധിക്കുന്നവരുടെ മനസ്സിൽ പഴയ കാല ഓർമ്മകൾ മിന്നി മറയുമായിരിക്കും. ഇന്നലെ വോയിസ് നോട്ടിൽ സൂചിപ്പിച്ചത് ഇവിടെയും ആവർത്തിക്കുന്നു, വായനശാല ഒരു അടയാളമാണ്. നന്മയുടെയും സക്രിയതയുടെയും അടയാളം. അത് പൊടിപിടിക്കാതെ നിലനിൽക്കുക മാത്രമല്ല; കൂടുതൽ വെട്ടിത്തിളങ്ങണം. വായന ശാല സജീവമാകണം. ഗ്രന്ഥപ്പുര അതിലിടം കണ്ടെത്തണം. വായനയുടെ ഒരു transaction നിരന്തരം നടക്കണം. സ്വന്തമായ കെട്ടിടം. ഇരുന്നും നിന്നും വായിക്കാനുള്ള സൗകര്യം. കനപ്പെട്ട പുസ്തകങ്ങൾ. അവ അവിടെ തന്നെ വിശ്രമിക്കാതെ നിരന്തരം കൈമാറ്റം ചെയ്യപ്പെടുക. അങ്ങിനെയുള്ള വായനാപരിസരം ഉണ്ടെന്നു ഉറപ്പു വരുത്തുന്ന ചെറു സംഘമുണ്ടാകുക. പുസ്തക ചർച്ച; കലാ -സാഹിത്യ കൂട്ടായ്മകൾ ; മത്സരങ്ങൾ. വായന പ്രോത്സാഹിപ്പിക്കുന്ന വേദികൾ . എഴുത്തുകാരെയും കലാകാരന്മാരെയും പരിചയപ്പെടുത്തൽ. എഴുതുന്നവർക്ക് പ്രോത്സാഹനം നൽകി അവരെ കണ്ടെത്തി അറിവിന്റെ സദസ്സിൽ അനുമോദിക്കൽ...... എന്നും പ്രസക്തമായതാണ് ഈ കുറിച്ചത്. Reading something is like re-writing something for yourself.

No comments: