Tuesday, February 16, 2016

NIREEKSHNAM


അസ്‌ലം മാവില കഴിഞ്ഞ ദിവസവും അയാളെ കണ്ടുമുട്ടി. പഠാൻ, വയസ്സ് അറുപതൊക്കെ കഴിഞ്ഞ് കാണണം. ഞങ്ങൾ ''ചാച്ചാ'' എന്ന് നീട്ടി വിളിക്കും. പുള്ളിക്ക് അങ്ങിനെ വിളി കേൾക്കുന്നതാണ് ഇഷ്ടം. രണ്ടു മാസങ്ങൾക്ക് മുമ്പാണ് പഠാൻചാച്ചയുടെ ഭാര്യ മരണപ്പെടുന്നത്. അന്ന് ഞാൻ നാട്ടിലും. ഞാൻ താമസിക്കുന്ന കെട്ടിടത്തിനു തൊട്ടു മുമ്പിലുള്ള കെട്ടിടത്തിന്റെ മേൽനോട്ടക്കാരനാണ് ചാച്ച ( ''ഹാരിസ്'' എന്നൊക്കെ എഴുതിയാൽ തെറ്റിദ്ധരിക്കരുതെന്ന് വിചാരിച്ചാണ് അങ്ങിനെ എഴുതിയത് ). ഞങ്ങളുടെ കെട്ടിടത്തിനു അഭിമുഖമായി ചാച്ച ഒരു പഴയ കസേരയിൽ ഇരിപ്പുറപ്പിക്കും. ഞങ്ങളുടെ കെട്ടിടം നോക്കി നോക്കി ഇപ്പോൾ ഈ കെട്ടിടത്തിന്റെയും പാർട്ട്‌ ടൈം മേൽനോട്ടപ്പണിയും ശമ്പളത്തോടെ പുള്ളി ഏറ്റെടുത്തു. ഇത്രയും എഴുതിയത് ഒരു വായനാ സുഖത്തിനു. ചാച്ച പറയും - മെസ്സിലെ ഭക്ഷണത്തിന് രുചി കുറഞ്ഞു കുറഞ്ഞു വരുന്നു. അവിടെത്തെ ''കൂട്ടു''കളിൽ എന്തോ കുറവുള്ളത് പോലെ. ഒന്നും വേണ്ട. നാക്കിനു രുചിക്കുറവ്. ഇപ്പോൾ ഭക്ഷണം കഴിക്കുന്നത് തന്നെ ''വേണം-വേണ്ട'' എന്ന പോലെ. തീൻ മേശയ്ക്ക് മുമ്പിലിരുന്നാൽ ഉടനെ എഴുന്നേൽക്കാൻ തോന്നും. ഒരേ മെനു. ഒരേ ദാലും ''പ്രാട്ട''യും. ഒരു മാറ്റവും ഇല്ല. ****************************************** ചില വാട്സാപ് ഗ്രൂപ്പുകൾ നിങ്ങൾക്ക് അങ്ങിനെയും തോന്നി തുടങ്ങിയിരിക്കും. ചിലതല്ല, ഒരു പാട്. അതൊരു പ്രകൃതി നിയമമാണ്. എന്നും എപ്പോഴും പറഞ്ഞതും കേട്ടതും കണ്ടതും ....അത് തന്നെ ഒരു മാതിരി പറയുകയും കേൾപ്പിക്കകയും ചെയ്യുമ്പോൾ സ്വാഭാവികമായും വിരസത അനുഭവിക്കും. വ്യത്യസ്തതകൾ വരുമ്പോഴാണ് പ്രേക്ഷകർ ഉണ്ടാകുക. ഇല്ലെങ്കിൽ മടുപ്പ് മടി കൂടാതെ കടന്നു വരും. സോഷ്യൽ മീഡിയയിൽ പല നല്ല കൂട്ടായ്മകളും അങ്ങിനെയാണ് കൂമ്പ് വാടുന്നത്. RT യും അഹങ്കരിക്കണ്ട; RT യുടെ കാര്യത്തിലാണെങ്കിലും അങ്ങിനെത്തന്നെ. ഒരു നല്ല സന്ദേശം എത്തിക്കാനാണ് കൂട്ടായ്മകൾ ഉണ്ടാക്കുന്നത്. എല്ലാവർക്കും പ്രവാസികൾക്ക് പ്രത്യേകിച്ചും ഇതൊരു ഇ -മീറ്റ്അപ്പ് കൂടിയാണ്. തലമുറകളുടെ വിടവുകൾ മാറാനും മാറ്റാനും സോഷ്യൽ മീഡിയ ഒരു പാട് സഹായിച്ചിട്ടുണ്ട്. പള്ളിക്കൂടത്തിൽ കൂടെ പഠിച്ചവരെയും പണിസ്ഥലത്ത് ചങ്ങാത്തം കൂടിയവരെയും വീണ്ടും കാണാനും, മിണ്ടാനും പറയാനും, അനിയന്മാരെയും ജേഷ്ടന്മാരെയും അവരുടെ കുടുംബത്തോടൊപ്പം എല്ലാ ദിവസവും ''കണ്ട് കൊണ്ടിരിക്കാനും '' ഇത് മൂലം സാധിക്കുന്നുവെന്നത് ചെറിയ കാര്യമല്ലല്ലോ.. ഒരു നാടിന്റെ കൂട്ടായ്മയിൽ പ്രധാനമായും ആരും ശ്രദ്ധിക്കുക - സേവനവും ക്ഷേമ പ്രവര്ത്തനങ്ങളും ഒട്ടും കുറയാത്ത സാംസ്കാരിക ചലനങ്ങളുമാണ്. വാട്ട്സ്ആപ് പോലുള്ള virtual / ഇ-കൂട്ടായ്മയിൽ അവയുടെ അപ്ഡേഷൻ ആണ് നടക്കുക. ഒരു ഫോട്ടോഗ്രാഫർ എങ്ങിനെ ഒരു ഇമേജ് ഒപ്പിയെടുക്കുന്നു അത്പോലെ. അയാളുടെ മിടുക്ക് പോലെയിരിക്കും അതിന്റെ സൗന്ദര്യവും ആകർഷണീയതയും. ത്രിമാന പ്രതലത്തിൽ സദസ്സിലിരുന്നു ബോറടിക്കുമ്പോൾ നമുക്ക് എഴുന്നേറ്റ് പോയി പിന്നെയും തിരിച്ചു വന്നിരിക്കാം. വാട്ട്സ്ആപ് കൂട്ടായ്മകളിൽ നിന്ന് ''എഴുന്നേറ്റ്'' പോകാനേ പറ്റൂ ; നമ്മുടെ ഇഷ്ടത്തിനനുസരിച്ച് ''തിരിച്ചു വന്നിരിക്കാൻ'' വകുപ്പില്ലല്ലോ. അത് കൊണ്ടാകാം പല ഗ്രൂപുകളിലും നിവൃത്തിയില്ലാതെ ചിലർ ''എന്നെപ്പോലുള്ളവരെ'' സഹിക്കുന്നത്. ഒരു സുഹൃത്ത് പറഞ്ഞു , (പല സുഹൃത്തുക്കളും). മുമ്പത്തെ പോലെ ''ദമ്മ്'' ഇല്ല നമ്മുടെ / ഞങ്ങളുടെ ഗ്രൂപ്പുകൾക്ക്, മുമ്പത്തെപോലെ. ഉറങ്ങുകയാണ്; വല്ലപ്പോഴും ഞെട്ടി ഉണർന്നാലായി. ആ പരിതപിക്കലിൽ തന്നെ ഉത്തരമുണ്ട്. മൂടി തുറന്നു ''ദമ്മ്'' വരാൻ കാത്തിരിക്കുന്നത് വെറുതെ, പരിതപ്പിക്കുന്നതും വെറും വെറുതെ. മൂടി അടക്കണം, താഴെ കനൽ എരിഞ്ഞു കൊണ്ടേയിരിക്കുകയും വേണം. വല്ലപ്പോഴും ഞെട്ടി ഉണരുന്നത് നല്ല ലക്ഷണവുമല്ല. ''കനൽ'' ഒരു വിശദീകരണം : അത് പുതുമയും പുതിയ സ്വപ്നങ്ങളും ആകർഷക ഇനങ്ങളുമാണ്. അത് പോലെ പുതിയ പദ്ധതികളും അവയുടെ പ്രായോഗിക വൽക്കരണവും അതിന്റെ അപ്ഡേഷനുമാണ്. ബറ്റിച്ചത് : ഗ്രൂപ്പിൽ ആളെ കൂട്ടാൻ സുക്കർ ബർഗ്ഗ് 100 ൽ നിന്ന് 250 + ലേക്ക് അവസരം തരുന്നതിലല്ല, മറിച്ച് ഉള്ള ആൾക്കാരിൽ വിരസതയില്ലാത്ത മണിക്കൂറുകൾ നില നിർത്തുന്നതിലാണ് കാര്യം. അവസരത്തിനൊത്തുയർന്നില്ലെങ്കിൽ, ഗ്രൂപ്പുകളൊക്കെ കാർണിവൽ കഴിഞ്ഞ കടലോരം പോലെയിരിക്കും.

No comments: