Tuesday, February 16, 2016

കുട്ടിക്കാല കുസൃതിക്കണ്ണുകൾ


കുട്ടിക്കാല കുസൃതിക്കണ്ണുകൾ

സ്കൂൾ അവധിയായാൽ മിക്ക വീടിന്റെ മുന്നിലും ഒരു കൂട് പീടിക പ്രത്യക്ഷ്യപ്പെടും. പെരുന്നാളിന് കിട്ടിയ പൈസ, നോമ്പിനു കിട്ടുന്ന പൈസ, തൊട്ടിൽകെട്ടലിനു കിട്ടിയത്, ആരെങ്കിലും വിരുന്നുകാർ വന്നു തന്നാൽ, പെങ്ങളുടെ ഭർത്താവ് ബോംബെയിന്ന് നാട്ടിൽ വന്നാൽ കിട്ടുന്നത്... ഇതൊക്കെ ചില പാവങ്ങൾ കുഞ്ഞികുടുക്കയിലും ഉമ്മാന്റെ പെട്ടിയുടെ ഒരു മൂലയിലുമായി സൂക്ഷിച്ചു വെക്കും. 
പിള്ളേർ മിഠായി വാങ്ങി തിന്നുന്നതിന് ഉപ്പയോ ഉമ്മയോ കണ്ടെത്തുന്ന ഉപായമാണ് ''സാലെ അട്ചിട്ട്ടായിറ്റ്'' വീട്ടിനു മുന്നിൽ ഒരു കട ഇട്ടുതരാമെന്ന വാഗ്ദാനം. പാവങ്ങൾ, ഈ കച്ചവടം ചെയ്ത് കിട്ടുന്ന ലാഭവും അതുക്കും മേലെ 10 സൂപർമാർക്കെറ്റും കിനാവ് കണ്ട് ധനശേഖരം തുടങ്ങും. 
ഇതൊക്കെ എത്ര കൂട്ടിയാലും ചെറിയ സംഖ്യേയാകൂ. സുന്നത്ത് കല്യാണത്തിനാണ് നല്ലൊരു പൈസ കയ്യിൽ വരിക.  പക്ഷെ അത് കയ്യിൽ കിട്ടണം.  പക്ഷെ ആ പൈസ ഒന്ന് സൂക്ഷിച്ചു വെക്കാനും പ്രയാസമാണ്. മോന്തായത്തിൽ തുണിയും കെട്ടി കൂടാരമുണ്ടാക്കി, ഉടൽ അകത്തും തല പുറത്തുമി ട്ടു സന്ദർശകരുടെ ''സുന്നത്ത്-കൈനീട്ട''വും കാത്ത്, വേദന കടിച്ചു പിടിച്ചു കിടക്കുന്ന ഈ പാവങ്ങളുടെ കയ്യിന്നു ചില കണ്ണിൽ ചോരയില്ലാത്ത ഏട്ടന്മാർ ''സുന്നത്ത് പൈസ ചില്ലറ അടക്കം ലൂട്ട് ചെയ്യുമ്പോൾ ആ പൈസ എങ്ങിനെ ബാക്കിയാകും? അന്ന് നാട്ടിൽ അതൊരു സ്ഥിരം ഏർപ്പാടായിരുന്നു. നമ്മുടെ ''കുഞ്ഞിപുയ്യാപ്ല '' കുളിച്ചും നലച്ചും നാലാഴ്ച കഴിഞ്ഞു ഇറങ്ങുമ്പോഴേക്കും ഏട്ടന്മാർ ഈ പാവത്തിന്റെ പൈസ കൊണ്ട് കട്ടായി-മിടായി-അരുൽ ജ്യോതി-തേൻചക്കിളിത്യാദി കഴിച്ചു ഏംബക്കമിട്ടിരിക്കും. 
  അന്നൊക്കെ ഒരുത്തൻ പീടികയിൽ നിന്ന്അസാധാരണമായി ഇമ്മാതിരി വകുപ്പുകൾ വാങ്ങി പാത്തും പതുങ്ങിയും തിന്നുന്നത് കണ്ടായിരുന്നു ഞങ്ങളൊക്കെ ആ വീട്ടിൽ ഒരു സാധു അനിയൻ ചെക്കൻ സുന്നത്ത് കല്യാണം കഴിഞ്ഞ് മോന്തായം നോക്കി സൂപർമാർക്കറ്റ് സ്വപ്നം കണ്ടുകൊണ്ട് കിടക്കുന്നതൊക്കെ ഊഹിച്ചെടുത്തിരുന്നത്. ചിലരൊക്കെ രാത്രി പീടികയുടെ കോലായിൽ ഇരുന്നു അവിയൽ കുഴക്കലിനു ഷെയർ കൂടുതന്നതും ഈ കാശ് പൊക്കിയാണ്. (അവിയൽ കുഴക്കലിന്റെ ഒരു ഒന്നൊന്നൊര അനുഭവം ആ സമയമെത്തുമ്പോൾ എഴുതാം. ഇത് തന്നെ എഴുതിത്തീരുമ്പോൾ എവിടെ എത്തുമോ ആവോ ?). 
ഇതൊക്കെ എന്ത് പൊക്കൽ ? ഈ പാവങ്ങളുടെ   പുണ്ണ് ഉണങ്ങാൻ നല്ല നെയ്യും മുളകുമിട്ട് ഉണ്ടാക്കിയ കോഴിക്കറിയുടെ ചട്ടിയിൽ നിന്ന് രായ്ക്ക് രാമാനം  പീസ്  അടിച്ചു മാറ്റുന്ന ഒരു സൌകൂനെ അറിയാം. പുള്ളിക്ക് കുറെ അനിയന്മാർ ഉണ്ടായിരുന്നു. അവന്റെ ഉമ്മാന്റെ അടികൊള്ളാൻ  അവിടെ അവൻ  ഒരു കണ്ടൻ പൂച്ചയെ എവിടെന്നെങ്കിലും കൊണ്ട് വന്നു  വളർത്തുമത്രെ. ബായ് ബരാത്തെ ആ ജീമനാദി ഇപ്പോൾ  എവിടെ അന്ത്യ വിശ്രമം കൊള്ളുന്നുണ്ടോ ആവോ ?
പൈസ പൊക്കാൻ കുൽസുമാരും ഒട്ടും  കുറവല്ല.  അത് ‘’ഇച്ചാ’’മ്മാറെ ഏൽപ്പിക്കും. അതിനുള്ള പ്രതിഫലമായി ഒരു കട്ടായി കഷ്ണം പകരം കിട്ടും. (ഇവർക്ക് ഈ ഒരു കട്ടായി കഷ്ണം തന്നെ മതി മൂന്ന് ദിവസത്തേക്ക് നക്കിയും നുണഞ്ഞും തിന്നാൻ. ഇപ്പോഴും പെമ്പിള്ളേർ അങ്ങിനെതന്നെയാണെന്ന് അറിയാൻ കഴിഞ്ഞു - എനിക്ക് പെൺമക്കൾ ഇല്ലാത്തത് കൊണ്ട് ഇക്കാര്യത്തിൽ വലിയ അറിവില്ല).
''അപ്പ്യോക്ക് സുന്നതാക്കീട്ട് കൊറേ പൈസ കിട്ട്ന്ന് ....ആഗ...എന്റെ സുന്നത്താക്ക് അമ്മാ....'' നിഷ്കളങ്കമനസ്സിൽ അമ്മയോട് വാശി പിടിച്ച ബന്നൂറെ ഒരു ''സുകു''വിന്റെ കഥ കുഞ്ഞിമ്മാളു അമ്മ എന്റെ വീട്ടിലെ ‘’സായാഹ്നവനിതാ സൊറ പറച്ചിലി’’നിടയിൽ പറഞ്ഞു ചിരിച്ചു ചിരിച്ചു വീണതും ഞാനും അത് കേട്ട് ചിരിച്ചപ്പോൾ ഒരു കുൽസുവിന്റെ ഉമ്മ എന്നെ ശ്രദ്ധിച്ചതും അവർ എന്റെ ഉമ്മയോട് നട്ടാൽ മുളക്കാത്ത പരാതി പറഞ്ഞു രണ്ടെണ്ണം എനിക്ക് കിട്ടാൻ എരിതീയിൽ എണ്ണയൊഴിച്ചതും ഓർമ്മ വരുന്നു.
ഇന്നത്തെ പോലെയല്ല, അന്ന് റമദാനിലും ഒരു മാസം സ്കൂൾ അവധി കിട്ടുമായിരുന്നു. പറമ്പിന്റെ മുമ്പിലായിരിക്കും മിക്ക പയ്യന്സിന്റെ മിഠായി കട. ആരെങ്കിലും ഒരുത്തൻ വന്നു കാശ് കൊടുത്ത് വാങ്ങിയാലായി. ബാക്കി അധികവും സ്വന്തം വീട്ടിലെ തന്നെ ചെറിയ കുട്ടികൾ വന്നു ബഹളം വെച്ചും നിലവിളിച്ചും ഭരണിയിൽ കയ്യിടും. അതൊക്കെ കടമായി പിള്ളേർ കാര്യായി എഴുതി വെക്കും. 
ഒരു പൊളിഞ്ഞ മാൻ മാർക്ക് ഓടിലെ പരന്ന സ്ഥലത്ത്   സ്കൂളിലെ ഓഫീസ് റൂമിന്റെ പിൻവശത്ത് നിന്ന് കിട്ടുന്ന കുഞ്ഞു ചോക്ക് കഷ്ണം കൊണ്ടോ വെള്ള മണ്ണിൻ കട്ട കൊണ്ടോ ഒപ്പിച്ചു എഴുതി പിടിപ്പിക്കും. കടം പറയാൻ പെമ്പിള്ളേരായിരുന്നു   ഉഷാർ. 
കടം-ബോർഡിലെ   എഴുത്തൊക്കെ കണ്ടാൽ വൈകുന്നേരം വരെ ചിരിക്കാൻ മതി. (അന്നൊക്കെ whatsaap ഉണ്ടായിരുന്നുവെങ്കിൽ…..) .  പെട്ടിക്കടയിലെ മിഠായി തിന്നാൽ എനിക്ക് മാത്രം വരുന്ന വയറ്റു വേദന അന്ന് ഉണ്ടായിരുന്നത് കൊണ്ട് പെട്ടിക്കടയിലെ സകല സാധനങ്ങളും വീട്ടുകാർ എനിക്ക് ''ഹറാം'' ആക്കി. പിന്നെ അതിനു മെനക്കെടാതെ ഞാൻ കടയുടെ മുമ്പിൽ വന്നു ഇതൊക്കെ വായിച്ചു സ്വയം ചിരിക്കുക എന്നത് ഒരു സ്ഥിരം ഹോബിയാക്കി.  
ഒരു ദിവസം ഞാൻ  വയറു വേദന വന്നു ഉള്ളതിലും കൂടുതൽ ആക്റ്റ് ചെയ്യുമ്പോൾ ഒരു കൊസറാക്കൊള്ളി കുൽസൂന്റെ ഉമ്മ വീട്ടിൽ കയറി വന്നു. അവർ എന്റെ ഓവർ സ്മാര്ട്ട് കണ്ട് എനിക്ക്  തന്ന എട്ടിന്റെ പണിയായിരുന്നു - ''ക്ടാഉ അ  ആ നാർന്നെ മുട്ടായി തുന്ന്റ്റായ്റ്റ്ണ്ടാഉ''   എന്ന പൊളപ്പൻ അന്നം മുട്ടുന്ന ഡയലോഗ്.  ഉമ്മയും സഹോദരിമാരും  അതേറ്റെടുത്തു. ഈ ഫണ്ട് നിർത്തലാക്കാൻ എന്തെങ്കിലും ഒരു കാരണം നോക്കി  അവർ നടക്കുകയാണെന്ന് എനിക്ക് തോന്നിപ്പോയി  ആ ഒരു മയമില്ലാത്ത തീരുമാനം എടുത്തപ്പോൾ.  പെട്ടിക്കടയിൽ നിന്ന് വല്ലപ്പോഴും എന്തെങ്കിലും വാങ്ങി നുണയാൻ കിട്ടിയിരുന്ന പൈസ അതോടെ  എന്നെന്നേക്കുമായി നിലച്ചു. ( ഇപ്പോഴും അതൊക്കെ ഓർമ്മ വരുമ്പോൾ ഞാൻ വിചാരിക്കാറുണ്ട് വയറു വേദന നാടകം കുറച്ചു ഓവറായിപ്പോയില്ലേയെന്നു ). 
സൗകുമാർ അന്ന് കടം-ബോർഡിൽ എഴുതി വെച്ചിരുന്ന ഓർമ്മയിലുള്ള ചിലത് ചുവടെ:
മഞ്ഞ - പതൈ. 
പതൈ - അഞ്ചൈ 
എസൈ - കട്ടൈ 1
അദ്ലജി  -നൂജറുട്ടൈ  1
എന്ന് വെച്ചാൽ, മാഞ്ഞ എന്ന മറിയംബി പത്തു പൈസ കടം. പാതൈ എന്ന ബീഫാതിമ അഞ്ചു പൈസ കടം.  ഐസൈ എന്ന ആയിഷ ഒരു കട്ടായി മുടായി കടം; അദ്-ലഞ്ഞി എന്ന അബ്ദുല്ല നൂലിൽ കോർത്ത അന്നത്തെ പത്തു പൈസ ഷേയ്പ്പുള്ള  വട്ടത്തിൽ കറക്കി പിന്നെ ഒരു ആയത്തിൽ വലിച്ചു കളിക്കുന്ന മിഠായി കടം  (''സ'' എന്ന അക്ഷരം ഓടിന്റെ കുഴിയുള്ള ഭാഗത്തായിരിക്കും ഉണ്ടാവുക). 
അന്ന് മിഠായി ഇട്ടു വെക്കാനുള്ള കുപ്പി കിട്ടാനും പ്രയാസമാണ്. ചിലർ ലേഹ്യം കഴിച്ച് തീർന്നാൽ, അതല്ലെങ്കിൽ വെള്ളപ്പൊക്കം വരുമ്പോൾ എവിടെന്നെങ്കിലും ഒലിച്ചു വരുന്ന ''ചബാരെ''യുടെ കൂടെ കിട്ടുന്ന ഭരണികൾ ഇതൊക്കെയാണ് ആശ്രയങ്ങൾ. ചില ഐറ്റംസൊക്കെ കുടക്കമ്പി വളച്ചു, അതിൽ അങ്ങിനെ തന്നെ തൂക്കും. അതിലേറെ രസം നാലഞ്ചു കുപ്പിയും അതിനുള്ള ഉരുടികളുമാണ് ഉള്ളതെങ്കിലും മിക്ക കടയിലും മൂന്ന്-നാല് സെയിൽസ്മാന്മാർ കാണും ! ശമ്പളം കൊടുക്കേണ്ടല്ലോ അത് കൊണ്ടായിരിക്കും ഇത്രേം സെയിൽസ്മാന്മാർ. 
പെട്ടിക്കട തുടങ്ങുമ്പോഴേ ചില വിദ്വാന്മാർ കടം ഉണ്ടോന്നു ചോദിച്ചറിയും. അത് പിന്നെ എഴുതി തള്ളലാണ്. ട്രാജെഡി എന്ന് പറയുന്നത്  പത്തു പതിനഞ്ചു ദിവസത്തിൽ തന്നെ മിക്ക കൂടുകടകളും നഷ്ടത്തിൽ അടച്ചു പൂട്ടും.  പറ്റ് കൊണ്ടും പറ്റിക്കൽ കൊണ്ടുമായിരുന്നു ശരിക്കും അന്നവരുടെ കടകളൊക്കെ അടച്ചു പൂട്ടിയത്.  പിന്നെ ഈ ചെറുകിടകച്ചവടക്കാർ ‘‘കുട്ടീംദാണെ'' കളി തുടങ്ങും.

No comments: