Tuesday, February 16, 2016

എന്റെ യാത്ര

എന്റെ യാത്ര അസ്ലം മാവില പ്രവാസകാലം തല്കാലത്തേക്ക് ഒഴിവാക്കി നാട്ടിൽ 18 മാസം പൂർത്തിയാക്കി. യാഹൂ ചാറ്റിംഗ് വഴി പരിചയപെട്ട പത്തനംതിട്ടക്കാരൻ രഞ്ജിത്ത് ഇടയ്ക്കിടക്ക് പറയും ബോംബയിലേക്ക് വണ്ടി കേറാൻ. അവന്റെ റൂമിൽ താമസിക്കാം. ജോലി അന്വേഷിക്കാം. എന്റെ സി.വി. നോക്കി പുള്ളി പറയും - ഒരു മാസത്തിനുള്ളിൽ എന്തായാലും ജോലി ശരിയാകും. അതിനിടയിൽ അബദ്ധത്തിൽ വന്ന ഒരു ഫോൺ കോളിൽ പരിചയപ്പെട്ട കൊച്ചിക്കാരൻ എന്നോട് എറണാകുളം വരാൻ പറഞ്ഞു - അവന്റെ സുഹൃത്ത്‌ അവിടെയുള്ള ഒരു എസ്. ഐയുടെ ഭാര്യ ജോലി ചെയ്യുന്ന റിക്രൂട്ട് എജെൻസിയിൽ പോയി പേര് രജിസ്ടർ ചെയ്യാൻ. കൊച്ചിയിൽ പോയി എന്റെ ഡിമാണ്ടിനനുസരിച്ചുള്ള ജോലി അല്ലാത്തത് കൊണ്ട് ഞാൻ തിരിച്ചു വന്നു. പിന്നെ രണ്ടും കൽപ്പിച്ചു 2012 ഒരു മെയ് മാസം ആദ്യം ബോംബയിലേക്ക് വണ്ടി കയറി . (ടി.പി. ചന്ദ്ര ശേഖരൻ വധമൊക്കെ ന്യൂസ് ചാനലിൽ കാണുന്നത് അവിടെ വെച്ചാണ് ) അവിടെ മാഹിമയിൽ കമ്പനി നൽകിയ രണ്ജിത്തിന്റെ ചെറിയ ഒരു ഫ്ലാറ്റിൽ ഞാൻ താമസം. സുബഹിക്ക് നമസ്ക്കരിക്കാൻ അവന്റെ സ്നേഹപൂർവ്വമുള്ള വിളി. സഊദി അറേബ്യ ദിക്ക് നോക്കി അവന്റെ ഗൂഗിൾ സേർച്ച്‌.. ; എന്നോടുള്ള സ്നേഹം കൊണ്ട് അന്ന് വരെ അവിടെ ശനി, ഞായർ ദിവസങ്ങളിലെ അവന്റെയും കൂട്ടുകാരുടെയും ''കുപ്പി പൊട്ടിക്കൽ'' ബഹളം, വേറൊരു ഫ്ലാറ്റിലേക്ക് മാറ്റുകയും ചെയ്തു. എനിക്ക് സംശയത്തിനു ഇടവരാത്ത വിധം ജീവനുള്ള കോഴി കൊണ്ട് വന്നു എന്നെകൊണ്ട്‌ അറുപ്പിച്ചു മെസ്സ് സജീവമാക്കൽ ... എന്നെ അതൊക്കെ അത്ഭുതപ്പെടുത്തി. എന്നും രാവിലെ 6 മണിക്ക് ആരംഭിക്കുന്ന ജോലി അന്വേഷണം. ഏറെ വൈകിയാണ് ഞാൻ റൂമിൽ തിരിച്ചു വരിക. ഫ്ലാറ്റിനു താഴെ വലിയ ഹോസ്പിറ്റൽ Sugun Multi-specialty Hospital ആണോ S L Raheja Hospital ആണോ എന്ന് ഓർമ്മയില്ല. അതിന്റെ വലതു വശം ഒരു പെട്ടിക്കട. പെട്ടിക്കടയിൽ നിന്ന് നാല് ചുവട് വെച്ചാൽ ഒരു ബിഹാരി നിലത്ത് പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചു പത്രങ്ങൾ വിൽക്കുന്നുണ്ടാകും. അവിടെ നിന്നാണ് ഞാൻ എനിക്ക് ആവശ്യമുള്ള പത്രങ്ങൾ വാങ്ങുന്നത്. NRI Assignment Times, Assignment Abroad Times മുതലായവ. എന്നെ കാണുമ്പോൾ തന്നെ പുള്ളിക്ക് മനസ്സിലായിട്ടുണ്ട് ജ്വാലി തപ്പി വന്ന പാർട്ടിയെന്നു. ഏറ്റവും പുതിയ എഡിഷൻ എനിക്ക് അയാൾ തരും. പിന്നെ അതിലെ എനിക്ക് ഇണങ്ങിയ ജോലി വേക്കൻസികൾ മാർക്ക് ചെയ്ത് നേരെ റെയിൽവേ സ്റ്റെഷനിലെക്ക്. ഞാൻ താമസം വെസ്റ്റ്‌ മാഹിം. 10-15 മിനുട്ട് നീട്ടി നടക്കണം അവിടെ എത്താൻ. തിരക്ക് പിടിച്ച 28 ദിവസങ്ങൾ. തലങ്ങും വിലങ്ങും ഞാൻ ജോലി നോക്കി ഇറങ്ങും. നരിമാൻ പോയിന്റു മുതൽ ഇങ്ങു വാഷി വരെ എന്നും തീവണ്ടി യാത്ര. ഒന്നുകിൽ പടിഞ്ഞാറ് വശമായിരിക്കും ഞാൻ അന്വേഷിക്കുന്ന റിക്രൂട്ട്മെന്റ് ഓഫീസുകൾ; അല്ലെങ്കിൽ കിഴക്ക് വശം. ഒരാളും വഴി അന്വേഷിച്ചപ്പോൾ എന്നോട് വഴി മാറി പറഞ്ഞിട്ടില്ല. അവർ പറഞ്ഞത് തന്നെയായിരുന്നു ആ ഓഫീസുകൾ എത്തിപ്പെടാൻ ഏറ്റവും എളുപ്പവും. രസകരവും അത്ഭുതപ്പെടുതുന്നതുമായ കുറച്ചു അനുഭവങ്ങൾ എനിക്ക് ആ ബോംബെ തീവണ്ടി യാത്രകളിലും നഗര ജീവിതത്തിലും ഉണ്ടായിട്ടുണ്ട്. ഇന്ന് പറയുന്നതിൽ നിങ്ങൾ സാധാരണ എന്റെ എഴുത്തിൽ നിന്ന് പ്രതീക്ഷിക്കുന്ന താമാശയൊന്നുമില്ല. അന്ന് അതിരാവിലെ തന്നെ നോർത്ത് അന്ധേരിയിൽ ഇറങ്ങി. അന്നും പതിവ് പോലെ 10-20 ബയോഡാറ്റ എന്റെ ഫയലിൽ ഉണ്ട്. പത്ര പരസ്യം കണ്ട സ്ഥലത്തേയ്ക്ക് ഞാൻ വണ്ടിയിറങ്ങി നടന്നു. കുറച്ചു ദൂരമുണ്ട്. ഒരു ഹിന്ദി ചാച്ച എന്നോട് പറഞ്ഞു - ''ആ പറഞ്ഞ സ്ഥലം അത്ര പന്തിയല്ല. ഉധർ സബ് ചോർ ലോഗ് ഹേ. പാസ്സ്പോർട്ട് നഹീ ദേനാ. പൈസ ഭീ ദൊ മത്.'' ഹാ ..ഒരു വഴിക്കിറങ്ങിയതല്ലേ, പോയിക്കളയാമെന്നു ഞാൻ തീരുമാനിച്ചു. വളഞ്ഞു പുളഞ്ഞു ഞാൻ ഒരു പഴയ കെട്ടിടത്തിന്റെ അടുത്ത് എത്തി. ഏതു സമയത്തും വീഴുമോന്നു തോന്നിക്കുന്ന ബിൽഡിംഗ്‌.; നാലോ അഞ്ചോ നിലയിൽ ഒരു ബോർഡ് തൂങ്ങുന്നുണ്ട്. അതിലെ അക്ഷരങ്ങൾ അത്ര വ്യക്തമല്ല. അതും ലക്ഷ്യമാക്കി കെട്ടിടത്തിനകത്തെ ഇരുണ്ട ഇടനാഴിയിൽ കൂടി നടന്നു. എന്റെ മൊബൈലിലെ ടോർച്ചു ഞെക്കിപ്പിടിച്ചു ചവിട്ടു പടി കണ്ടു പിടിച്ചു. റോബിന്സൺ ക്രൂസോയിലെ കെട്ടിടമൊക്കെ ഇതിന്റെ മുന്നിൽ ഒന്നുമല്ല. നാലാം നിലയിൽ എത്തിയപ്പോൾ അവിടെ ഒരു ഓഫീസ്‌ കണ്ടു. ഞാൻ വാതിൽ തുറന്നു അകത്തു കയറി. Have a pleasant Day ! I came here looking for the job you published in a magazine ? whhhatt ...? ഒരു മീശക്കാരൻ സർദാർ സർവ്വ ഒച്ചയിലും. If I am not made mistaken, It is the office I think. If not , I may leave the place. അതും പറഞ്ഞു ഞാൻ ഇറങ്ങാൻ ഭാവിക്കുമ്പോൾ, പിന്നിൽ നിന്ന് ഒരു മാതിരി ഒച്ച. ''റൂക്ക് ജാ ....'' വയറൊക്കെ ചാടി ഒഴുകിയ വെളുത്തു തടിച്ച ഒരാൾ കസേരയോ മറ്റോ നീക്കി എഴുന്നേറ്റ് എന്റെ അടുത്ത് വന്നു . ടൈയ്യും ഫയലുമായി നിൽക്കുന്ന എന്നെ അയാളും ആപാദ ചൂഡം സ്കാൻ ചെയ്തു, ഇതേതു അലവലാതി എന്ന ഭാവത്തോടെ. who the hell did send you here ? ഞാൻ പറഞ്ഞു- ''ആരും അയച്ചതല്ല, പത്ര പരസ്യം കണ്ടു വന്നതാണ്. ഞാൻ പോയേക്കാം. എനിക്ക് വേറെയും അഞ്ചെട്ടു ഓഫീസ് കേറിയിറങ്ങാനുള്ളതാ..'' പെട്ടെന്ന്, എനിക്ക് ചെറിയ ഒരു വല്ലായ്ക അനുഭവപ്പെട്ടു. ഹിന്ദി ചാച്ച പറഞ്ഞത് അപ്പോൾ ഓര്മ്മ വന്നു. പണി പാളിയോ ? എവിടെ പോയാലും ഞാനിറക്കുന്ന ചില നമ്പരുകളുണ്ട്. അതിലൊന്ന് അവിടെ കാച്ചി. May I sit here to have a cup of water, if you don't mind. ( ഇതൊക്കെ എന്നെത്തന്നെ മാർകെറ്റിംഗ് ചെയ്യുന്നതിന്റെ ഭാഗമായുള്ള കുളൂസുകളാണ്. അവർ ഒരു കപ്പു വെള്ളം കൊണ്ട് വരാൻ പോകുമ്പോഴോ ആരോടെങ്കിലും വെള്ളത്തിന്‌ പറയുമ്പോഴോ ഞാൻ എന്റെ ബാഗിൽ നിന്ന് ബോട്ടിൽ വെള്ളമെടുത്തു മോന്തും. അതും ചുമ്മാ ... എന്റെ ഉദ്ദേശം അവിടെ ഒന്ന് ഇരിക്കണം. വെള്ളം കുടിക്കാൻ ഇരിക്കണമെന്നൊക്കെ പറഞ്ഞാൽ NO എന്ന് ആരും പറയില്ല. കൂട്ടത്തിൽ, ചമ്മലും മാറിക്കിട്ടും; ഇന്റർവ്യൂവിനു അറ്റൻഡ് ചെയ്യാൻ കുറച്ചു ബോൾഡ് ആകും. വെള്ളം മോന്തുന്നതിനിടക്ക് front office ൽ ഉള്ളവരിൽ നിന്ന് ഈ കമ്പനിയെകുറിച്ചും ''ദുഫായ്'' കമ്പനിയെ കുറിച്ചും ഒരു ചെറിയ ധാരണ കിട്ടുകയും ചെയ്യും ) ''ടീക്ക് ഹേ ....'' വയർ ചാടിയ ആൾ ഒന്ന് കൂളായത് പോലെ. ഞാൻ ബോട്ടിൽ തുറന്നു ജലപാനം തുടങ്ങി. പത്ര കട്ടിംഗ് നോക്കി എന്നോട് പുള്ളി പറഞ്ഞു - ഇത് താൻ ഉദ്ദേശിക്കുന്ന ഓഫീസല്ല. പരസ്യം കൊടുത്തവന് പടിഞ്ഞാറ് കിഴക്കായതാണ്. ദ്വാരാ നഹീ ആനാ ...ജാ ....ടീക്ക് ഹേ ...'' അതിൽ ഫോൺ നമ്പറില്ല. ഒരു മെയിൽ ഐഡി കൊടുത്തിട്ടുണ്ട്. ഒരു കോഫി ഷോപ്പിന്റെ എതിർ വശമുള്ള കെട്ടിടം, നാലാം നില. ആ കെട്ടിടത്തിൽ നിന്ന് ഇറങ്ങി വരാൻ എനിക്ക് പിന്നെ ടോർച്ചിന്റെ ആവശ്യമേ വന്നില്ല. അന്നത്തെ എല്ലാ ഇന്റർവ്യൂവും വേണ്ടെന്നു വെച്ച് ഞാൻ പെട്ടെന്ന് റൂമിലെത്തി. രാത്രി രണ്ജ്തിനോട് കാര്യങ്ങൾ പറഞ്ഞപ്പോൾ രണ്ജ്തിന്റെ മറുപടി - '' ഇവിടെ ഒരു പാട് കൊട്ടേഷൻ കേന്ദ്രങ്ങളൊക്കെ ഉണ്ട്, അന്ധേരി ഭാഗത്ത് പ്രത്യേകിച്ച്. നീ അവന്മാരുടെ മടയിൽ എത്തിയതായിരിക്കും. തടി കേടാകാതെ തിരിച്ചു വന്നത് ഭാഗ്യം. ഇല്ലെങ്കിൽ ''ഗുദാഗവാ'' ആയേനെ.

No comments: