one
പ്രഹ്ലാദൻ: കുറച്ചു ദിവസങ്ങളായി ...മനസ്സിന് ഒരു വല്ലായ്ക. എന്തോ ഒറ്റപ്പെടലിന്റെ ഒരു ഒരു.....
ഗൌതമൻ : നിർത്തൂ ..വല്യച്ഛാ .... അതിന് മാത്രം ഇവിടെ എന്ത് നടന്നു....? എല്ലാം നമുക്കില്ലേ......എന്ത് അസൌകര്യമാണ് നിങ്ങളെ വേട്ടയാടുന്നത് ?
പ്രഹ്ലാദൻ: ഗൗതമാ. ..നിനക്ക് അത് പറഞ്ഞാൽ മനസ്സിലാകുമെന്ന് എനിക്ക് തോന്നുന്നില്ല. നിന്നെ ഒരിക്കലും കുറ്റപ്പെടുത്താനും ഞാൻ ആളല്ല....ഈ കാലമാണ് നിന്നെ അങ്ങിനെ പറയിപ്പിക്കുന്നത് ...?
ഗൌതമൻ : വല്യച്ഛൻ ....എന്താണ് ഉദ്ദേശിക്കുന്നത് ? അവിടെയും ഇവിടെയും തൊടാതെ .....എന്താണ് ? അതൊന്നു തെളിച്ചു പറയൂ...
പ്രഹ്ലാദൻ : ഗൗതമാ..... നിന്നോട് ആരാണ് നൈമിനിഷമെന്നു പ്രപിതാക്കൾ പറഞ്ഞു പഠിപ്പിച്ച ഭൌതിക ജീവിതത്തിൽ സമ്പത്തും അത് വഴി ഉണ്ടായ പ്രതാപവും അവസാന വാക്കെന്നു പറഞ്ഞു തന്നത് ? സംസ്കൃത ചിത്തനാകാൻ അതാണോ നീ കാണുന്ന മാനദണ്ഡം ...? കഷ്ടം.... ഞാൻ ഇറങ്ങുവാ....
ഗൌതമൻ : ഞാൻ വല്യഛനോട് അതിര് കടന്നു സംസാരിച്ചുവോ ?
പ്രഹ്ലാദൻ : നോക്കൂ..ഗൗതമാ.... വെളുപ്പാൻ കാലത്ത് ആ മരച്ചില്ലയിൽ സംഗീതം പൊഴിക്കുന്ന കുയിലും, അതിന്റെ നാദം കേട്ട് കണ്ണ് മിഴിക്കുന്ന പൂമൊട്ടുകളും ഏത് രാജകൊട്ടാരത്തിലെ അന്തേവാസികളാണ് ? അവരുടെ കൈകളിൽ ഏതു രാജാവ് നല്കിയ പട്ടും വളയുമാണുള്ളത്....
ഗൌതമൻ: അപ്പോൾ പറഞ്ഞു വരുന്നത്.....ഇവിടെ സാംസ്കാരിക ദാരിദ്ര്യം താങ്കൾക്ക് അനുഭവപ്പെടുന്നുണ്ട് എന്നാണോ ?
പ്രഹ്ലാദൻ : എനിക്ക് മാത്രമല്ല, ഭൂപ്രദേശത്തെ മുഴുവൻ ചരാചരങ്ങൾക്കും ...വഴി മാറൂ ഗൗതമാ....നനവുള്ള മണ്ണ് നോക്കി ഞാൻ ഇറങ്ങട്ടെ...
TWO
പിതാവ് : ഊം ...കുറെ നേരമായല്ലോ....അവിടെ ഒരു സ്ത്രീയും കുഞ്ഞും കപ്യാര് : അതേ ..പിതാവേ... അവളെ കണ്ടിട്ട് എവിടെന്നോ ക്ഷീണിച്ചു...വന്ന പ്രകൃതം
പിതാവ് : എന്നാ നീ പോയൊന്നു നോക്കിയിട്ട് വാ.... കുർബാനക്ക് ഒരുങ്ങാൻ നേരമായി, ആള്താരയിൽ കാൽപ്പെരുമാറ്റം കേട്ട് തുടങ്ങിയല്ലോ... (നടത്തം കുറഞ്ഞു കുറഞ്ഞു ഇല്ലാതാകുന്ന ശബ്ദം) വീണ്ടും നടത്തത്തിനു വേഗത കൂടി കൂടി വരുന്ന ശബ്ദം
പിതാവ് : കപ്യാർ എന്താ ഇത്ര ധൃതിയിൽ കിതച്ചു വരുന്നത്.....? മുഖത്ത് ഒരു മ്ലാനത ...
കപ്യാര് :പിതാവേ....വളരെ അകലെ നിന്ന് നടന്നു ക്ഷീണിച്ച ഒരു സ്ത്രീയാണ് , കൂടെ കൈകുഞ്ഞും...
പിതാവ് : എന്ത് ചോദിച്ചു അവൾ നിന്നോട്... എന്നെ കാണണമെന്നോ മറ്റോ...?
കപ്യാര് :ദാഹിചിരിക്കുകയാണ് അവളും കുഞ്ഞും, കുറച്ചു വെള്ളം ചോദിച്ചു....ഞാൻ തിരിഞ്ഞു നടന്നു, അവൾ എന്റെ പിന്നാലെയും...ഏതോ അഭയാർഥിയെന്ന് തോന്നുന്നു....
പിതാവ് : കപ്യാരേ ...താൻ പറഞ്ഞു തീർന്നില്ല ...ദെയ് , അവൾ ഏന്തി വലിച്ചു വരുന്നുണ്ട്...അവൾ അല്ല; അവളുടെ കൂടെ ഇറങ്ങിയവരൊക്കെ വെള്ളമന്വേഷിച്ചു ഇവിടെ ഇനിയും വരും....
സ്ത്രീ : (വാക്കുകൾ ഇടറി ) എ....എന്റെ കുഞ്ഞിനു...കുറച്ചു...വെ...വെള്ളം തരാവോ ? എ ...ഇ.എനിക്കും....?
പിതാവ് : കപ്യാർ എവിടെ പോകുന്നു താൻ ? ഞാനുണ്ട് ഇവിടെ ....വെള്ളം ഞാൻ നൽകും, ഇവളുടെയും കുഞ്ഞിന്റെയും ദാഹം തീരുവോളം .. പക്ഷെ,....എനിക്ക് ഒന്ന് അറിയേണ്ടതുണ്ട്..?
കപ്യാര് :പിതാവേ.....തൊണ്ട വറ്റി വരണ്ട ഒരു നിസ്സഹായയായ ഈ സ്ത്രീയോടും കുഞ്ഞിനോടും .....താങ്കൾക്കൽപ്പം കരുണ കാണിച്ചു കൂടെ...
പിതാവ് : നിർത്താൻ , തലയുണ്ട് ഇവിടെ....വാലാടണമെങ്കിൽ പറയും....
സ്ത്രീ : വേണ്ട അങ്ങുന്നേ.. ഈ നിൽക്കുന്ന കപ്യാരുടെ അലിവു പോലും തോളത്തുറങ്ങുന്ന എന്റെ കുഞ്ഞിനോട് കാണിക്കാൻ സ്വർഗ പ്രതിനിധിക്ക് സാധിക്കുന്നില്ലല്ലോ..... നിബന്ധന വെച്ച് ജലപാനം ചെയ്യുന്നതിലും എനിക്കിഷ്ടം...... ദൈവത്തിന്റെ വിധിക്ക് കീഴടങ്ങലാണ്
No comments:
Post a Comment