Tuesday, January 5, 2016

ചിന്താമൃതം

ചിന്താമൃതം


യാതന, വേദന. പ്രശ്നങ്ങൾ, പ്രയാസങ്ങൾ. ജീവിതത്തിൽ ഇവ സ്വാഭാവികം. ഓരോരുത്തർക്കുമുണ്ട് പറയാൻ എന്തെങ്കിലും. ഭൂതം അഭിമുഖീകരിച്ചത്. വർത്തമാനം അനുഭവിക്കുന്നത്. ഏറിയും കുറഞ്ഞും. നമ്മെ ഒരു പക്ഷെ, പാകപ്പെടുത്തുന്നതും പരുവപ്പെടുത്തുന്നതും കയ്പ്പുള്ള ഇവയൊക്കെയാകാം. പകലിനു തൊട്ടു മുന്നിൽ ഒരു രാത്രി അനിവാര്യം. അത് വേദനയാകാം. വല്ലായ്മയും ഇല്ലായ്മയുമാകാം. നടക്കാത്ത ഒരു ആഗ്രഹം. പൂവണിയാത്ത സ്വപ്നം. പൂക്കാത്ത വസന്തം. കായ്ക്കാത്ത മരം. അതൊക്കെ താത്കാലികം. അവയൊന്നും സ്ഥായിയല്ല. ഒരുക്കൂട്ടാനുള്ള തയ്യാറെടുപ്പ്. ചെറിയ വഴിതടസ്സം. സാഹചര്യങ്ങളെ അതിജീവിക്കാനുള്ള പരീക്ഷണം. എന്നു മങ്ങിനെ ആകില്ല. ആകുന്നതും ശരിയല്ലല്ലോ. പ്രയത്നവും പ്രാര്ത്ഥനയും പ്രതീക്ഷയുമാണ് വേണ്ടത്. ആവോളം. ആവശ്യത്തിലേറെ. ഊതേണ്ടത് ഉത്സാഹം. കനൽ കാണുവോളം . തീ പിടിക്കുവോളം. ആളിക്കത്തുവോളം. ആകാശം മുട്ടെ തീനാക്കെത്തുവോളം. പുതിയ പ്രഭാതം അങ്ങിനെയാണ് ഉത്സാഹികളെ വരവേൽക്കുന്നത്. ശ്രമം. ''നാമ''മെങ്കിലും ക്രിയയുടെ ഭാഗമാണത്. പറയാനല്ല ; ചെയ്യാൻ. ചെയ്ത് നോക്കാൻ. ചെയ്ത് തീർക്കാൻ. ''ശ്രമ''ത്തിൽ മുഴുവൻ പ്രതീക്ഷയുടെ കാമ്പും കന്മദവുമാണ്. വിയർപ്പ് മണക്കുന്നത്. വിശപ്പ്മാറ്റുന്നത്. വിഘ്നം തരണം ചെയ്യുന്നത്. വിജയം കൊയ്യുന്നത്. Set your face towards danger, Set your heart on victory. അപകടങ്ങളെ അഭിമുഖീകരിക്കാൻ നാം പാകപ്പെടുക ; വിജയങ്ങളെ ആലിംഗനം ചെയ്യാൻ ഹൃദയയും !

No comments: