ചിലർ ഉണ്ട്. തെറ്റുകൾ ചെയ്തു. അത് അയാളുടെ അവിവേകം. അതിനു സമൂഹം, അയൽപക്കം, ബന്ധുക്കൾ, വീട്ടുകാർ എന്ത് ചെയ്തു ? തിരുത്താൻ ശ്രമിച്ചില്ല. തിരുത്തുന്ന രൂപത്തിൽ സംസാരിച്ചില്ല. പകരം, അവഹേളിച്ചു. അതിനു മാത്രം സമയം കണ്ടെത്തി. കണ്ടിടത്ത് കമന്റ്. അതും കല്ലേറ് പോലെ. കുടുംബത്തിലെ ഏതൊക്കെ പേര് ദോഷമുള്ളവരുണ്ട്, അതൊക്കെ തപ്പിപ്പിടിക്കും; അത് വെച്ച് ഇയാളെ അളക്കും; അലക്കും; കുടയും കുടുക്കയിൽ ഇട്ടു വറുക്കും. പേരിനു ഒരു ഗുണദോഷിക്കൽ ഉണ്ടാകാം. അതോ ? മനസ്സിൽ തട്ടാത്തത്! മനസ്സില്ലാ മനസ്സോടെ. കൂട്ടത്തിൽ കൂട്ടില്ല. കൂടാൻ വന്നാൽ ഓട്ടിയകറ്റും ! ഒരു ചെറിയ തെറ്റിന് കിട്ടുന്ന ശിക്ഷ? അത് പരസ്യമായതാണ് പ്രശ്നം. അല്ലെങ്കിൽ ഒരു സാഹചര്യം അതിനുണ്ടായി. അതായിരുന്നു കുഴപ്പവും ! ഇനിയെന്ത് ? അയാൾ എവിടെ ചേക്കേറും ? ഒരു ഇടം വേണ്ടേ ? പിന്നെ അയാളെ കാണുക തെമ്മാടി കൂട്ടത്തിൽ. സമൂഹം അയാളെ അവിടെ എത്തിച്ചു എന്നതാണ് ശരി ! അപ്പോൾ അവർക്ക് കിട്ടുന്ന ഒരു സന്തോഷം ! ഒരു തെമ്മാടിയെ സൃഷ്ടിച്ചതിൽ കിട്ടുന്ന മനസ്സംതൃപ്തി ! പിന്നെ എല്ലായിടത്തും അയാളാണ് ജീൻ, ജീൻ വാലിജീൻ ! സംസാരത്തിൽ, സംഭാഷണത്തിൽ, പ്രസംഗത്തിൽ, പ്രസംഗ പീഠത്തിൽ ! എത്ര വട്ടം ആലോചിച്ചിരിക്കും അയാൾ നന്നാവാൻ ? ആരെങ്കിലും മനസ്സിൽ തട്ടി ഒന്ന് ഗുണദോഷിച്ചിരുന്നെങ്കിൽ... പറ്റിയ തെറ്റ് ഇനി ആവർത്തിക്കരുതെന്ന് പറഞ്ഞു അതിനുള്ള ശിക്ഷയും നൽകി വീണ്ടും കൂട്ടത്തിൽ കൂട്ടിയിരുന്നെകിൽ ! തെറ്റു തിരുത്താൻ അവസരം നൽകിയിരുന്നെങ്കിൽ ! പള്ളിയിലും പള്ളിപ്പറമ്പിലും മിമ്പറിലും മൈതാനത്തും ഗുണകാംക്ഷയുടെ സ്വരമാറ്റത്തിനു നേരമായില്ലേ ?പ്രഭാഷണങ്ങളിൽ, പ്രസംഗങ്ങളിൽ ക്ലാസ്സുകളിൽ ക്ലസ്റ്ററുകളിൽ ഗുണദോഷിക്കലിന്റെ ശൈലി മാറ്റാനായില്ലേ? ഗൃഹ പാഠം നടത്താൻ എല്ലാവർക്കും സമയമായി. തിരുത്തിക്കുന്നതിന്റെ പുതിയ പാത സ്വീകരിക്കാനും. മാസ്സ്-മനശാസ്ത്ര രീതി അവലംബിച്ചേ തീരൂ. ആരും തികഞ്ഞവരില്ല. കുടുംബത്തിലും കൂട്ടായ്മയിലും കൂടുന്നിടത്തും നിഷേധ സമീപനം രീതി മാറിയേ പറ്റൂ. അവിടെയും തികഞ്ഞവരില്ല. പ്രവാസിയായാലേ നന്നാവൂ എന്ന സമീപനം മാറണം. അപ്പോൾ പിന്നെ, മാതാപിതാക്കളുടെ റോൾ എന്ത് ? കുടുംബക്കാരുടെ ഇടപെടലെന്ത് ? സൊസൈറ്റിക്കും മഹല്ലിനും ഒരു പോസിറ്റീവ് അപ്പ്രോച്ചുമില്ലേ ? നിങ്ങൾ അയാളെ (അയാൾ ആരുമാകാം) ചെറിയ തെറ്റുകൾക്ക് ഇത്രമാത്രം ക്രൂശിക്കുന്നത് സൂക്ഷിക്കുക. സാഹചര്യമാണ് അയാളെ അങ്ങിനെയാക്കിയത്. ആ സാഹചര്യത്തിൽ നിങ്ങളും പരോക്ഷമായി ഒരു കണ്ണിയാണ്. തിരിച്ചു വരാൻ അയാൾക്ക് ഒരസവസരം കൊടുക്കാത്ത നിങ്ങളെ/നമ്മെ അയാൾ വെറുതെ വിടുമോ ? അയാളുടെ സ്വപ്ന -സമാന-തെമ്മാടി -കൂട്ടായ്മയിൽ നിങ്ങളുടെ/ നമ്മുടെ ഒരടുത്ത ബന്ധുവാണ് അടുത്ത ടാർജറ്റ്. അത് വാസ്തവം; നാമറിഞ്ഞിട്ടും അറിയില്ലെന്ന് നടിക്കുന്ന വാസ്തവം. സമീപനങ്ങൾ മാറട്ടെ, എല്ലാവരുടെയും.
കടിച്ചു കീറാൻ മറ്റൊരു ഇരയെ കാത്തിരിക്കുന്നതിന് പകരം, സമീപനങ്ങൾ മാറ്റാൻ ശ്രമിക്കുക, എല്ലാവരും.
No comments:
Post a Comment