Tuesday, January 5, 2016

ചിന്താമൃതം


ആരാണ് വിവേകി ? ഉത്തരം ലളിതം. അവിവേകം ചെയ്യാത്തവൻ. അങ്ങിനെയാകണമെങ്കിൽ ? ഉത്തരം : ആത്മ നിയന്ത്രണം. അതങ്ങിനെ നിയന്ത്രിക്കാൻ പറ്റുന്ന ഒന്നാണോ ? ഉത്തരം: അതിനു നല്ല മനസ്സ് മതി. നല്ല മനസ്സുണ്ടാകാൻ ? ഉത്തരം : നല്ലവരോട് കൂട്ട് കൂടുക. കൂട്ട്കെട്ടാണ് ഒരാളെ സ്വാധീനിക്കുന്നത്. കളങ്കമില്ലാത്ത മനസ്സുകളെ ചീത്ത കൂട്ടുകെട്ട് പെട്ടെന്ന് ദുഷിപ്പിക്കും ദുരുപയോഗം ചെയ്യും. അവരെ അനുകരിക്കാൻ പ്രേരിപ്പിക്കും. ബീഡിത്തുണ്ട് വായിൽ വെച്ച് കൊടുക്കും. പുകച്ചു ചുമക്കുന്നത് പോലെ അഭിനയിക്കും. പച്ചപ്പാവങ്ങൾ അത് വിശ്വസിച്ചു ഊതും. സംസാരം ദിശ മാറും; സംസ്കാരം കടലെടുക്കും. വിവേകം കൂട് വിടും; വികാരം കുട പിടിക്കും. കേൾക്കാനല്ല താൽപര്യമുണ്ടാകുക. മറിച്ചു, കേൾപ്പിക്കാനായിരിക്കും. കേൾപ്പിക്കുന്നതോ ? പിന്നൊരിക്കലും കേൾക്കാൻ ആഗ്രഹിക്കാത്തത്. ഭാഷയിൽ നാറ്റം. ആംഗ്യത്തിൽ മാറ്റം. ഒന്ന് പറഞ്ഞാൽ രണ്ടാമത്തേത് അടി. അടിയോളം വരുന്നത്. കുറച്ചു ആഴ്ചകൾക്ക് മുമ്പ്, ഒരു മനുഷ്യൻ ഇങ്ങിനെ അനുഭവം പങ്കിട്ടു. ''പറയിപ്പിച്ചു എന്നെ''. ആര് ? മോൻ. ഖിന്നനാണ്അയാൾ. കൈവിട്ട മാതിരി അയാളുടെ സംസാരം. കൂട്ട്കെട്ട്വല്ലാതാക്കി. തർക്കുത്തരം. വീട്ടിൽ, നാട്ടിൽ, കളത്തിൽ, കവലയിൽ.. വാ തുറന്നാൽ അശ്ലീലം. മകൻ ഉപയോഗിച്ച കുറച്ചു പദങ്ങൾ അയാൾ പറഞ്ഞു. മാമരത്തിലെ ഒരില പോലും കരിയാതെ ബാക്കിയാവാത്ത വാക്കുകൾ. കഷ്ടം ! സൂക്ഷിക്കണം, കൂട്ടുകെട്ടുകൾ. പ്രത്യേകിച്ച് കുട്ടികൾ, യുവാക്കളും അങ്ങിനെ തന്നെ. കവലയിലും കൽവെർട്ടിലും തീർക്കാനുള്ളതല്ല മക്കളുടെ ബാല്യം. കുടുംബത്തിലും സദ്‌--കൂട്ടായ്മയിലും അവന്റെ ബാല്യം പച്ച വെക്കട്ടെ. കണ്ണുകൾ അവർക്കായി തെരയണം. അവരുടെ കൂട്ടുകെട്ടുകൾ ശ്രദ്ധിക്കണം. മുൻകരുതലുകൾ രോഗം വരാതിരിക്കാൻ മാത്രമല്ല, ദോഷം വരാതിരിക്കാനുമാണ്. അവർ ചന്ദനത്തിൽ ചാരട്ടെ, ചാരിയത് ചന്ദനമാണെന്നുറപ്പും വരുത്തട്ടെ


No comments: