Tuesday, January 5, 2016

ചിന്താമൃതം

ചിന്താമൃതം
***************** 
ഒരാൾ ഒരനുഭവം ഇങ്ങിനെ പങ്കിട്ടു. ഒരു സദസ്സ്. ഒഴിഞ്ഞ മൂലയിലേക്ക് കൂട്ടുകാരൻ അയാളെ കൂട്ടി കൊണ്ട് പോയി ചോദിച്ചുവത്രെ: ''എപ്പോഴാണ് കേൾവിക്കുറവ് തുടങ്ങിയത് ?'' ''ആർക്ക് ?'' ''നിങ്ങളുടെ വീട്ടുകാരിക്കും കുട്ടികൾക്കും ?" ''ഹേയ് ...എന്താ നിങ്ങൾ ഇങ്ങിനെയൊക്കെ പറയുന്നത് ?'' ''ഇടക്കിടക്ക് നിങ്ങളുടെ വല്ലാത്ത ഒച്ച വഴിപോകുമ്പോൾ ശ്രദ്ധയിൽ പെടാറുണ്ട്'' ഒഴിഞ്ഞ മൂലയിലിരുന്നു ആലോചിക്കേണ്ട ചോദ്യം ! ചെവിക്കല്ല് പൊട്ടുന്ന ചോദ്യം. ചെവി കേൾക്കാം, നന്നായി. ആർക്കും കുഴപ്പമില്ല. പറയുന്നവനും കേൾക്കുന്നവനും. അവർ തൊട്ട് മുന്നിൽ തന്നെയുണ്ട്. മുഖത്തോട് മുഖം. ഇഞ്ചുകളുടെ അകലം . കേൾക്കേണ്ടത് വഴിപോക്കരല്ല. വീട്ടുകാരും വീട്ടുകാരിയുമാണ്. കേട്ടത് മുഴുവനോ ? നാട്ടുകാരും വഴിപോക്കരും. ശപിക്കപെട്ട നിമിഷങ്ങൾ ! ശരീരങ്ങൾ തൊട്ടടുത്തും ഹൃദയങ്ങൾ വളരെ അകലെയുമാകുന്ന അഭിശപ്തനേരങ്ങൾ! ഒച്ച കൂടുന്തോറും ഹൃദയങ്ങൾ ഓടിപ്പോകുമത്രേ- ദൂരെ , ദൂരെ, കാണാമറയത്ത്. ഒരു പാട് നേരം പിടിക്കും അത് തിരികെ വരാൻ, തിരികെ കൊണ്ട് വരാൻ. ചില വീടുകളിൽ കാണാം. ഉപ്പ വരുമ്പോൾ ഉമ്മ വെപ്രാളപ്പെടുന്നത്. മക്കൾ വല്ലാതാവുന്നത്. ഹൃദയങ്ങൾ ഓടിയകലുമ്പോഴുള്ള പിരിമുറുക്കങ്ങളാണവ. സ്നേഹവും ഗുണകാംക്ഷയുമുള്ളിടത്തേ ഹൃദയം കുടിയിരിക്കൂ. ഇല്ലെങ്കിലവ വേറെയെവിടെയെങ്കിലും ഭയന്നോടി പതിയിരിക്കും. പതുക്കെ സംസാരിക്കുന്നത് കണ്ടില്ലേ ? കുഞ്ഞുമക്കൾ ചെവിയോട് മുഖം ചേർത്ത് അടക്കം പറയുന്നത് ശ്രദ്ധിച്ചില്ലേ ? എത്ര പെട്ടെന്നാണ് അവർക്ക് പരസ്പരം മനസ്സിലാകുന്നത് ! ഹൃദയങ്ങൾ സംസാരിക്കുന്നത് അങ്ങിനെയാണ്. ഹൃദയ-ശൂന്യ-വീടുകളിലെ അന്തേവാസികൾ ആരുമാവാതിരിക്കട്ടെ ! പരാതികൾ പതുക്കെ പറയാം -അതൊരു ചെരുപ്പിന്റെ വാറ് പൊട്ടിയാൽ പോലും. നമ്മുടെ വീടുകളിൽ, അയൽപ്പക്കങ്ങളിൽ, കുടുംബ സദസ്സുകളിൽ ഹൃദയങ്ങളുടെ സാനിധ്യമാണുണ്ടാകേണ്ടത്. ജഡ തുല്യ ശരീരങ്ങളല്ല. പൊയ്പ്പോയ ഹൃദയങ്ങൾ തിരികെ കൊണ്ട് വരാൻ ശ്രമിക്കുക, ഇനിയവയൊരിക്കലും പോയ്പ്പോകാതിരിക്കാനും.

No comments: