Tuesday, January 5, 2016

ചിന്താമൃതം

ചിന്താമൃതം

പ്രവാചകർ നിരക്ഷരൻ ; അത് പ്രപഞ്ച നാഥന്റെ നടപടി. വിശുദ്ധ ഗ്രന്ഥം അമാനുഷികം. അതാ നാഥന്റെ മഹദ്വചനം. പ്രവാചകത്വം ലഭിച്ചതിനു ശേഷം അവിടുന്നു അഭിസംബോധകരോട് മൊഴിഞ്ഞത് ദിവ്യ വചനങ്ങൾ മാത്രം. പിന്നീട് തിരുവായിൽ നിന്ന് നിര്ഗ്ഗളിച്ചത് മുഴുവൻ, മുഴുവൻ, നാഥനിൽ നിന്നുള്ള അറിവ്, നന്മ.... മാലാഖ അവിടുത്തേക്ക് ആദ്യം കേൾപ്പിച്ചത് - വായിക്കാൻ ;നാഥന്റെ നാമം; പേനകൊണ്ട് അറിവ് നല്കിയ പ്രപഞ്ചനാഥന്റെ നാമം. പേന പ്രധാനം, എഴുത്തും വായനയും. നാം നല്ലത് വായിക്കുന്നു - അതിനർത്ഥം നാം നന്മയുടെ ഭാഗമാകുന്നു. ചോരണം ചെയ്യാത്തത് അറിവ്, ചോർച്ച ഉണ്ടാകുന്തോറും, നിറയുന്നതും അറിവ്. അതത്ഭുതം ! വായിക്കുമ്പോൾ, അറിയുമ്പോൾ ഹൃത്ത് വൃത്തിയാകും, വിമലമാകും, മാറാല നീങ്ങും, മാറാപ്പ് മാറിക്കിട്ടും. അറിയുക എന്നാൽ ഉൾക്കൊള്ളുക എന്നാണ്. ഏത് വിഡ്ഢി ചമയുന്നവനും അറിവ് കിട്ടിയേക്കും; അറിവാളൻ കിട്ടിയ അറിവ് ഉൾക്കൊള്ളുന്നവൻ ! അവനത്രെ തിരിച്ചറിവുള്ളവൻ !

No comments: