Tuesday, January 5, 2016

കുട്ടിക്കാല കുസൃതിക്കണ്ണ്കൾ


കുട്ടിക്കാല കുസൃതിക്കണ്ണ്കൾ
മാവിലേയൻ

ജീവിതത്തിൽ പല ഘട്ടങ്ങളും ചെറുപ്പ കാലത്ത് എല്ലാവർക്കും കഴിഞ്ഞിരിക്കും. അതിൽ പെട്ട ഒന്നാണ് പൂച്ചക്കുഞ്ഞുങ്ങളെ നാട് കടത്തൽ. മിക്ക കുട്ടികൾക്ക് ഡ്യൂട്ടി ഉണ്ടാകും. നാടുകടത്തൽ എന്ന് പറഞ്ഞാൽ 10-15 വീട് കഴിഞ്ഞു ഒഴിവാക്കൽ. എന്റെ വീട്ടിൽ ഒരു പൂച്ചയുണ്ടായിരുന്നു. തോന്നുമ്പോൾ പ്രസവിക്കും. ഒരൊറ്റ പ്രസവത്തിൽ കുറഞ്ഞത് നാലെണ്ണം ഉണ്ടാകും. പത്തു പതിനഞ്ചു ദിവസം കുഞ്ഞുങ്ങളെ കാണില്ല. മാർജ്ജാര അജ്ഞാത വാസത്തിനു അന്ന് ഒരു സൌകുന്റെ മാമ പറഞ്ഞു തന്ന കാരണം ഇങ്ങനെ : പൂച്ച പെറ്റാൽ പരിസരത്തുള്ള കണ്ടൻ പൂച്ചയ്ക്ക് അറിയും പോലും - ഇവിടെ ഒരു ഡെലിവെറി നടന്നു എന്ന്. കണ്ണ്മിഴിക്കാത്ത ഇളം പൈതൽ പൂച്ചയെ തൊലിയൊന്നും എടുക്കാതെ അങ്ങിനെ തന്നെ ശാപ്പിടുക എന്നത് ഇവരുടെ വർഗ്ഗത്തിൽ ഉള്ള ആണ്പൂച്ചകളുടെ ഒരു ആചാരമാണ് പോലും. പെറ്റ തള്ളപ്പൂച്ചയ്ക്ക് പക്ഷെ സംഭവം അറിയാം. അത് കൊണ്ട് താൻ നൊന്തു പെറ്റ പൈതങ്ങളെ നല്ല സുരക്ഷിത സ്ഥലത്ത് കൊണ്ട് വിടും. കണ്ടൻ വരാത്ത നേരവും തരവുമൊക്കെ നോക്കിയാണ് പുള്ളിക്കാരി മക്കളെ പരിപാലിക്കാൻ പോവുക. അതൊക്കെ പറയുമ്പോൾ സൗകു ഒരു എമണ്ടൻ ലോ പോയിന്റ്സ്വന്തം മാമാനോട് ഉന്നയിച്ച് ഒരു ആവശ്യമില്ലാതെ അവരുടെ കയ്യിന്നു അടി വാങ്ങിയത് ഓർക്കുന്നു: പുള്ളിക്കാരന്റെ സംശയം ഇതായിരുന്നു : ''അല്ല മാമാാ ......മൻസന്റെ കുഞ്ഞീനെ ബെല്യ ആണുങ്ങോ തുന്നൂന്ന് പേട്ചിറ്റാ ...കുഞ്ഞീനെ തുണീല് ചുറ്റീറ്റ് പാളേല് ഒൾപ്പിചിറ്റ്, കെട്ത്ത്ന്നെ ...'' ചെപ്പട്ടെ നോക്കി അടിക്കുമ്പോൾ മാമ പറഞ്ഞ ഡയലോഗ് ഒന്നൊന്നര. ''നിന്റെ ഉപ്പാനോട് കേക്ക്റാ ......താടിന്റെ അടീല് കുത്ത്ർന്ന്റ്റ് ചെക്കന്റെ കായിദെ ... '' പിന്നെ പുള്ളിക്കാരി കഥ മുഴുമിപ്പിക്കാതെ എഴുന്നേറ്റും പോയി. ഒരു ഹിൽമ് മുഴുവൻ കിട്ടാനുള്ള അവസരം സൗകു അങ്ങിനെ കുളമാക്കി തന്നു. അങ്ങിനെ കുറെ എണ്ണം ഉണ്ട്. വയസ്സമ്മാരുടെ അടുത്ത് പോയി കുത്തിയിരുന്ന് ഓരോന്ന് ചോദിക്കും. പാവങ്ങൾ, പറയാൻ തുടങ്ങിയാൽ ''മർപ്പ്'' പുട്ച്ചിറ്റ് ''പെദ്മ്പ്'' പറയും. പിന്നെ മുത്തശ്ശിമാർ എന്തെങ്കിലും വല്ലത് പറഞ്ഞു തരുമോ ? ഒരു ദിവസം സ്കൂൾ വിട്ടു കുറച്ചു വൈകി വന്നപ്പോൾ അന്ന് ഉമ്മ പതിവിലും കൂടിയ സ്നേഹപ്രകടനം. മൂത്ത പെങ്ങൾ ഒരു കള്ളച്ചിരിയുമായി നിൽക്കുന്നു . എന്റെ സംശയം ബലപ്പെടുന്നതിനു മുമ്പ് തന്നെ ''ടൻങ്കീസി''ന്റെ ബാഗ് ഒരു മൂലയിൽ നിന്ന് വെറുതെ ചരിഞ്ഞു വീണു. ''അതൊന്നൂല്ലറാ'' ഞാൻ അങ്ങോട്ട്ശ്രദ്ധിക്കുമ്പോൾ ഇവർ രണ്ടു പേർ. സ്വപ്നത്തിൽ വരെ വല്ല ''അജനെ'' കണ്ടാലോ കേട്ടാലോ എഴുന്നേറ്റ് നോക്കുന്ന എന്നോടാണോ ഇവരുടെ വേലത്തരം ? ഞാൻ സഞ്ചി നോക്കാൻ വേണ്ടി അടുക്കളയുടെ മൂലയിലേക്ക് പോയപ്പോൾ സഞ്ചിയുടെ ഒരറ്റത്ത് നിന്ന് ഒരു കുഞ്ഞിക്കാൽ പുറത്തേക്കു വരുന്നു. ശരിക്കും ഞാൻ പകുതിയായി അപ്പോൾ. സർവ്വ ശക്തി ഉപയോഗിച്ച് ഞാൻ പറഞ്ഞു : ''എന്ക്കയ്യാന്ന് .....'' ''നീ പൊർത്ത്റ്റ് ഒന്നും ഇല്ലാലോ ക്ടാഏ .....'' പിന്നീന്ന് ഒരു ഇഞ്ഞാന്റെ വളിപ്പൻ കമന്റ്. സൌകൂന്റെ ഉമ്മ. എന്നെ ഒന്ന് തോണ്ടിയതാണെന്ന് എനിക്ക് മനസ്സിലായി. ഞാൻ ദേഷ്യം പല്ല് കൊണ്ട് കടിച്ചമർത്തി അകത്തേക്ക് പോയി. മഗരിബ് നിസ്കാരം കഴിഞ്ഞ് വന്നപ്പോൾ ഉമ്മറപ്പടിയിൽ ഉമ്മ ഒരു സഞ്ചിയുമായി നിൽക്കുന്നു. പായയിൽ, കിടക്കയിൽ, തുണി കൂട്ടി വെച്ചിടത്ത് കാഷ്ടിക്കുന്നത് മുതൽ ഒരു പൂച്ചക്കുട്ടി എന്തൊക്കെയാണ് നമ്മുടെ വീട്ടിൽ ശല്യം ചെയ്യുന്നതെന്ന് ചുരുങ്ങിയ വാക്കുകളിൽ വിവരിച്ചു ഉമ്മ ശരിക്കും എന്നെ ബ്രെയിൻ വാഷ് ചെയ്തു കളഞ്ഞു. മാത്രമല്ല, തിരിച്ചു വരുമ്പോൾ എന്റെ ഇഷ്ട വിഭവമായ ''പണ്ടൊ'' റെഡിയാക്കി വെക്കാന്നു കൂടി പറഞ്ഞപ്പോൾ ഞാൻ അതിൽ വീണുപോയി. നിവൃത്തിയില്ലാതെ പൊതിയും കൊണ്ട് ഞാൻ വടക്കോട്ട്വെച്ചു പിടിച്ചു. കുഞ്ഞിമ്മാളുഅമ്മയുടെ (നമ്മുടെ പൂജാരിയുടെ മാതാവ്) തറവാട് വളപ്പാണ് എന്റെ ലക്ഷ്യം. രണ്ടു ദിവസം മുമ്പ് അമ്മ വീട്ടിൽ വന്നു അവരുടെ വളപ്പിൽ പലരും പൂച്ചക്കുട്ടികളെ കൊണ്ട് വിടുന്നുണ്ട്. ''മന്ച്ചമ്മാറ് ഇങ്ങനെ ഉപദരാക്കാന് ..ആഗാ....'' എന്ന് ദൈന്യതയോട് കൂടി പറഞ്ഞ ഡയലോഗ് പെട്ടെന്നു മനസ്സിലോടി. വെറുതെ അമ്മയുടെ പിരാകൽ കേൾക്കണ്ടാന്നു കരുതി ഞാൻ റൂട്ട് മാറ്റി ഒന്നൂടെ പടിഞ്ഞാറോട്ടാക്കി വീണ്ടും വടക്കോട്ട്നടന്നു. തിരിഞ്ഞും മറിഞ്ഞും നടക്കുമ്പോൾ നമ്മുടെ പൂച്ചക്കുട്ടികൾക്ക് കണ്ഫ്യൂഷൻ ആകുമല്ലോ. പിന്നെ ഞാൻ നാല് കറക്കം വെറുതെ കറങ്ങി. എന്റെ വക ഒരു കൃതൃമ കണ്ഫ്യൂഷൻ ഉണ്ടാക്കൽ . (ഒരു കാരണവശാലും തിരിച്ചു വരാതിരിക്കാൻ എന്നോട് ഒരു സൗകു പരീക്ഷിച്ചു വിജയിച്ച കാര്യം ഞാൻ കിട്ടിയ ചാൻസ് ഉപയോഗിച്ച് ഇംപ്ലിമെന്റു ചെയ്തു). കുറച്ചൂടെ മുന്നിൽ നടന്നു, ഒരു മീറ്റർ മാത്രം നീളമുള്ള ഒരു ''പാലം'' തൊട്ടു മുന്നിൽ. തോട്ടിൽ തിരിഞ്ഞും മറിഞ്ഞും നോക്കി ഞാൻ മെല്ലെ പൂച്ചകുട്ടികളെ തള്ളിയിട്ടു. പൂച്ചക്കുട്ടികളാണെങ്കിൽ ശ്വാസം കിട്ടാത്തത് കൊണ്ടാണോ എന്തോ ഒരു സന്തോഷത്തിൽ ഇറങ്ങി ഇരുട്ടിലേക്ക് ഓടി മറഞ്ഞു. അതിൽ ഒരു കുസൃതി എന്റെ സഞ്ചിയും കൊണ്ടാണ് തോട്ടിലേക്ക് ചാടിയത്. ഞാനത് തീരെ പ്രതീക്ഷിച്ചില്ല. എന്റെ കയ്യിന്ന് പിടുത്തവും വിട്ടു. കുനിഞ്ഞു എടുക്കാൻ കുറെ നോക്കി. തൊട്ടപ്പുറത്തെ വീട്ടിന്ന് ഒരാൾ ടോർച്ചടിച്ചു ഇറങ്ങുന്നത് കണ്ടപ്പോൾ ഞാൻ മെല്ലെ സ്കൂട്ടായി. ശരിക്കും എനിക്ക് വഴിയും തെറ്റി ! അന്നൊന്നും എല്ലായിടത്തും കറണ്ടില്ലല്ലോ. പൂച്ചയെ കൊന്നാൽ വഴി കൈ വിറക്കുമെന്ന് കേട്ടിട്ടുണ്ട്; പൂച്ചയെ കൊണ്ട് വിട്ടാൽ വഴി തെറ്റുമെന്ന് ആദ്യായി അനുഭവപ്പെട്ടു. സഞ്ചി നഷ്ടപ്പെട്ട ദു:ഖം. വഴി തെറ്റിയ ഉത്കണ്ഠ. അവസാനം എങ്ങിനെയൊക്കെയോ ഞാൻ മൂടൌട്ടായി വീടിലെത്തി. ഉമ്മ അപ്പോഴും വാതിലും തുറന്നു എന്നെയും നോക്കി നിൽപ്പാണ്. ''പൂച്ചക്കുട്ടികളെ സഞ്ചീന്ന് പുറത്തേയ്ക്ക് തള്ളുമ്പോൾ കുൽസൂന്റെ ഉപ്പ വാതിൽ തുറന്ന് ബെൽങ്ങനെ ഗൗജിയാക്കി. അപ്പോഴത്തെയ്ക്ക് ഞാൻ സഞ്ചിയും കളഞ്ഞു ഓടി, എനിക്ക് വഴിയും തെറ്റി ...'' ഒരു നിർദോഷ കള്ളം ഇടയ്ക്ക് ഫിറ്റ് ചെയ്ത് ഞാൻ അടി ഒഴിവാക്കാൻ ഉമ്മാനോട് പറഞ്ഞു. ഒരു ഓപറേഷൻ വിജയിച്ച ''കൃത്രിമ സന്തോഷം'' ഉണ്ടാക്കി ഞാൻ ഉമ്മാനെയും പെങ്ങളെയും സന്തോഷിപ്പിക്കാനും സഞ്ചി പോയതിന്റെ അടി മറപ്പിക്കാനും ശ്രമവും നടത്തി. ''പായമ്പോ നീ ബൂണ്‍-റ്റ്ലാലോ...ചേര്ങീറ്റൊന്നും കാണ്ന്നില്ലാ.. .'' പെങ്ങളുടെ ക്രോസ് വിസ്താരം. ( ഇതിനൊക്കെ എന്താ ഞാൻ മറുപടി പറയുക. പ്രത്യേകിച്ച്, അടി വാങ്ങി തന്നേ അടങ്ങൂ എന്ന് നോമ്പ് നോറ്റവരോട് ). ''ഏടെ ..കൊണ്ടാക്കിയത് ?'' ഞാൻ : ''ചന്നിക്കൂടൽന്റങ്ങൊട്ട്.'' ''പിന്നെ, ...നീ പോല് പൊവ്വാത്തെ ജാഗേക്കാ ഇപ്പൊ പോയത് ''. അത് ഞാൻ പറഞ്ഞത് കുറച്ചു ഓവറായിന്നു എനിക്കും തോന്നി. എന്റെ ഇഷ്ട ഐറ്റമായ ''ചിരണ്ടിയ തേങ്ങ + ബെല്ലം'' തരാതിരിക്കാൻ മാക്സിമം പെങ്ങൾ ശ്രമിച്ചെങ്കിലും, ഉമ്മ അതൊന്നും മൈൻഡ് ചെയ്യാതെ എന്നോടുള്ള വാക്ക്പാലിച്ചു. രാത്രി ഭക്ഷണത്തിന് ഇരുന്നപ്പോൾ സത്യം, എന്റെ കണ്ണ് രണ്ടും തള്ളിപ്പോയി ! അമ്മപ്പൂച്ചയുടെ കൂടെ എരണം കേട്ട നാല് പൂച്ചകുട്ടികളും ദേ..... ഒരു സംഘമായി എന്റെ അടുത്ത് വരുന്നു ! ഞാൻ ഇവരെ വിരുന്നിനു ക്ഷണിച്ചത് പോലെ. അന്നെങ്കിലും ഇവൻമ്മാർക്ക് ഒന്ന് മാറിനിന്ന് എന്നെ വഷളാക്കാതിരിക്കായിരുന്നു . അല്ലാ, ഇവറ്റകൾക്ക് വഴി തെറ്റാറൊന്നുമില്ലേ ?

No comments: