Tuesday, January 5, 2016

കുട്ടിക്കാലകുസൃതിക്കണ്ണുകൾ




 ''മധൂറ് അട്പ്പും അടൂറ്ബെപ്പും'' കുഞ്ഞിമ്മാളു അമ്മ പറയുന്നത് ചെറുപ്പം മുതൽ തന്നെ ഞാൻ കേൾക്കാറുണ്ട്. മധൂരിൽ അടുപ്പ് ഇട്ട് ഇവന്മാർ പിന്നെ അടൂരിൽ എങ്ങിനെയാണ് പാചകം ചെയ്യുന്നത് എന്ന് പലവട്ടം ആലോചിച്ചിട്ടുമുണ്ട്. ''മധൂറ് അടുപ്പും ബെപ്പും അടൂറ് ബെയ്ക്കെ'' ഇതല്ലേ ശരി ? ആരോട് ചോദിക്കാൻ ? ''മധൂർ എട്പ്പും അടൂർ ബെപ്പും'' ബാബേട്ടൻ തിരുത്തി പറയുന്നത് കേട്ട് പിന്നെയും എനിക്ക് കണ്ഫ്യൂഷനായി. തീരെ സൗകര്യം ഇല്ലാത്തത് കൊണ്ട് ഇവർ മധൂരിൽ നിന്ന് ''എന്തോ'' എടുത്തു കൊണ്ട് പോയി അടൂരിൽ അടുപ്പിട്ടു ഒരു സൈസ് ''അൽസെ ബര്ന്നെറാ''എന്ന് എന്റെ കൂട്ടുകാരൻ സൗകു അതിനു ''മഹ്-നെ'' വെച്ച് തന്നപ്പോൾ എനിക്ക് കണ്ഫ്യൂഷൻ ഒന്ന് കൂടി വർധിച്ചു. മധൂരിൽ തുടങ്ങി അടൂരിൽ തീരുന്ന ഉത്സവകാലങ്ങളെ കുറിച്ചായിരുന്നു കുഞ്ഞിമ്മാള് അമ്മയും ബാബെട്ടനും പറഞ്ഞതെന്ന് മനസ്സിലാക്കാൻ എനിക്ക് ടൈലർ കുഞ്ഞിരാമേട്ടനെ തന്നെ ആശ്രയിക്കേണ്ടി വന്നു. ( കൂട്ടത്തിൽ പറയട്ടെ, ഇതേ സൌകുവാണ് ''അണ്ണാറക്കണ്ണനും തന്നാലായത്'' എന്ന മലയാളം സെക്കന്റിലെ പരീക്ഷയ്ക്ക് ''കുണ്ടോച്ചനെ അയിന്റെ ഉമ്മ പെറ്റതല്ല; അത് ബണ്ണന്നെ ആയത്'' എന്നു അവന്റേതായ നിരീക്ഷണം എഴുതി ക്ലാസ്സിൽ ശ്രദ്ധാ കേന്ദ്രമായത്. മലയാള മാഷ്അത് ഉറക്കെ വായിച്ചു ചിരിച്ചപ്പോൾ ഞങ്ങൾക്കും ഒന്നും മനസ്സിലായില്ല, ''തെക്കൻ മാഷ്‌'' എന്തിനാണ് ചിരിക്കുന്നതെന്ന് ? ക്ലാസ്സ് കഴിഞ്ഞപ്പോൾ മലയാള മാഷിന് ''തൽക്ക് സുഖോല്ലറാ, ബണ്ണന്നെ ചിരിക്ക്ന്ന്'' എന്ന് സൗകു പറഞ്ഞത് ഞങ്ങളും യെസ് വെച്ചു. അതും ഞങ്ങളുടെ അറിവില്ലായ്മ ആയിരുന്നെന്നു എന്ന് അറിഞ്ഞത് കുറ്റിപ്പുറത്ത് സലാഹുദ്ദീൻ സാർ നടത്തിയ ഒരു പ്രസംഗത്തിൽ നിന്നായിരുന്നു. ഒരു പഴംചൊല്ല് ഉണ്ടായതിന്റെ പശ്ചാത്തലം അറിഞ്ഞത് പിന്നീട് ഏതോ ഒരു പുസ്തകം വായിച്ചപ്പോഴായിരുന്നു.) മധൂർ ഉത്സവം അന്ന് പടലക്കാരുടെ കൂടി ഉത്സവം പോലെയായിരുന്നു. ചെറുതും വലുതും ആണും പെണ്ണും എല്ലാരും പോകും ഉത്സവം കാണാൻ. ''സന്തെ'' ആണ് പ്രധാനം. തൊട്ടിലാട്ടം. മാജിക്ക്. മുണ്ടാത്ത മൻസൻ. സോജി. കട്ളക്കിരിക്കൽ. സിംഹവാലൻ ബുഗെ, ബച്ചങ്ങായ്. മധൂറോട്ടായ്. ഇതൊക്കെയാണ് അവിടെയുള്ള പ്രധാന സംഗതികൾ. അതൊക്കെ വിശദമായി പിന്നൊരിക്കൽ പറയാം. ഓരോന്നുമായി ബന്ധപ്പെട്ട് ഓർത്തോർത്ത് ചിരിക്കേണ്ട കുറെ സംഭവങ്ങൾ ഉണ്ട്. ''ബച്ചങ്ങായി'' എന്ന് പറഞ്ഞാൽ ഉത്സവപറമ്പിൽ കൃഷി ചെയ്ത് ഉണ്ടാക്കുന്ന വരയില്ലാത്തതെന്നും വെളുത്ത വരയുള്ള തെക്ക് നിന്ന് വരുന്നതാണ് ബതക്ക എന്നും ഒരു ഹമുക്ക് സൗകു പറഞ്ഞത് കേട്ട് അമ്മാവന്റെ വീട്ടിൽ അവിടെയുള്ള പിള്ളേരോട് പോയി വാദിച്ചു വഷളായത് ഓർമ്മ വരുന്നു. ഒരു മധൂർ ഉത്സവം. അന്നാണ് അവസാന ദിവസം. അന്ന് ''സന്തെ''ക്കാർ പെട്ടിയും കുടുക്കയും എടുത്ത് സ്ഥലം വിടും. ബാക്കി വരുന്ന സാധനങ്ങൾ ചുളു വിലയ്ക്ക് ലാസ്റ്റ് ദിവസം വിൽക്കുമെന്ന തെറ്റിദ്ധാരണ അന്ന് നാട്ടാർക്ക് മൊത്തം ഉണ്ടായിരുന്നു. ഞാൻ അന്ന് സ്കൂളിന്നു വിട്ടു ഉമ്മ തന്ന പൈസയുമായി ''ബട്ടെ'' വാങ്ങാൻ ''സന്തെ ഔക്കന്ചാന്റെ'' കട ലക്ഷ്യമാക്കി നടക്കുകയാണ്. പകുതിയിൽ വെച്ച് ഒരു സൗകു കൂടെ കൂടി. ഞാൻ കഴിയുന്നത്ര അവനെ ഒഴിവാക്കാൻ നോക്കി. ഇവൻ, മാരണം , ബെള്ഞ്ചൽ പറ്റിയത് പോലെ ഒന്നിച്ചു തന്നെ. പ്രധാന സന്തെക്ക് എത്തുന്നതിനു മുമ്പ് തൊട്ട്ളാട്ടത്തിനു കുറച്ചു മുമ്പായി ഒരു ആൾക്കൂട്ടം. ''ബരീ ....ബരീ ...സഗായം..ഒന്നെട്തെന്ഗ് ഒന്ന് ബണ്ണേ...'' അങ്ങിനെ എന്തോ ഒരു ഒച്ച ഉച്ചത്തിൽ കേൾക്കാം. സൗകു എന്നെയും കൊണ്ട് അങ്ങോട്ട്നടന്നു. അവിടെ പല സാധനങ്ങൾ ഉണ്ട്. സൗകു വലിഞ്ഞു മുമ്പിലെത്തി. എന്നെയും അവൻ കൈ വലിച്ചു മുന്നിലിട്ടു എന്ന് പറയാം. ''ഈനെത്രെ ...'' സൗകു ഒരു ചെറിയെ തട്പ്പെക്ക് വില ചോദിച്ചു. അയാൾ ഒരു വില പറഞ്ഞു. കൂടെ ഒരു ഓലന്റെ ചുരുട്ടി വെച്ച പായ ഫ്രീയായി കിട്ടും. പിന്നെ എന്നെ കൊണ്ട് വിലപറയിപ്പിച്ചു. വെറുതെ ഒരു രസത്തിനു ഞാനും വില പറഞ്ഞുപോയി. എന്റെ വായേന്നു അയാൾ വീഴാൻ കാത്തത് പോലെ, അയാൾ സമ്മതിച്ചു കളഞ്ഞു. പൈസ തരാൻ കൈ നീട്ടി. തമാശ പറഞ്ഞതാന്ന് പറഞ്ഞു ഞങ്ങൾ സ്കൂട്ടാവാൻ നോക്കിയപ്പോൾ ഞങ്ങളെ അയാൾ വിട്ടില്ല. ''തമാസെയാ ..എന്ത് തമാസെ , തമാസെ ഔത്ത്...'' പുള്ളിയുടെ കണ്ണുരുട്ടലിൽ ബട്ടെ വാങ്ങാൻ കൊണ്ട് പോയ പൈസയിൽ നിന്ന് കുറച്ച് സംഖ്യ നിവൃത്തി ഇല്ലാതെ കൊടുത്ത് ''മാരണം'' ആദരപൂർവ്വം വാങ്ങേണ്ടി വന്നു. തട്പ്പെയും പായയും എന്റെ തലയിൽ അങ്ങിനെ വന്നു വീണു. എന്റെ പിരടിയിൽ സൌകുന്റെ ഉത്സാഹം കൊണ്ട് വെച്ച്കെട്ടി എന്ന് പറയാം. സൗകു വഴി എനിക്ക് കിട്ടിയ എട്ടിന്റെ പണി. ഇതും പിടിച്ചു ഉത്സവം കാണാൻ പറ്റുമോ ? ഇതും നിലത്തു കുത്തി ബച്ചങ്ങായി വരെ വാങ്ങി തിന്നാൻ പറ്റാത്ത കുടുക്കിലാണ് പെട്ടത്. അതിനിടയിൽ സൌകു എന്റെ പായ മറയാക്കി ഒരു മുങ്ങൽ മുങ്ങി. അവൻ ഉത്സവ തിരക്കിൽ എവിടെയോ അലിഞ്ഞു ഇല്ലാതായി. അവനെ നോക്കാൻ തിരിഞ്ഞു നോക്കിയപ്പോൾ പായയുടെ ഒരറ്റം ഒരു അമ്മച്ചിയുടെ ഒക്കത്തുണ്ടായിരുന്ന ഒരു കുട്ടിയുടെ മോന്തയ്ക്ക് തട്ടി അതിലും വലിയ ''അർവലെ''. തള്ളയുടെ വായിന്നു കൂടി കേട്ടപ്പോൾ, കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ വേണ്ടി, ഞാൻ പിന്നെ ഉത്സവ കാഴ്ച ഒഴിവാക്കി വീട്ടിലേക്ക് വെച്ച് പിടിക്കാൻ തീരുമാനിക്കേണ്ടി വന്നു. ഇവ രണ്ടും പൊക്കി പിടിച്ചു നടക്കുന്ന ഒരു രംഗം ഓർത്തു നോക്കിയേ. ഒരു കയ്യിൽ മുറം; ഒരു തോളിൽ ചുരുട്ടി കെട്ടിയ പായ. ഇന്നലെ വരെ പായ വേണോന്നു ചോദിച്ചു ഒരു പുളിക്കൂർക്കാരി വീട്ടിൽ വന്നപ്പോൾ വേണ്ടാന്നു ഉമ്മ പറഞ്ഞതു ഓർമ്മ വന്നു. അല്ലെങ്കിലും ഉത്സവപറമ്പിന്നു വാങ്ങിക്കേണ്ട സാധനങ്ങളാണോ ഇതൊക്കെ ? ഉപ്പ കാണാതിരിക്കാൻ സ്കൂളിന്റെ പിൻ വശത്ത് കൂടി മതിൽ ചാടിയാണ് നടന്നത്. വഴിക്ക് കണ്ടവനൊക്കെ ഓരോന്ന് ചോദിക്കും. എനിക്ക് മറുപടി പറഞ്ഞു മടുത്തു. ''ആരെങ്കും ഇങ്ങൻത്തെ തട്പ്പെ മേങ്ങലിണ്ടാ...'' ചിലരുടെ കമന്റ്. ഉത്സവത്തിന്പോകുന്ന കുറെ കുൽസുമാരുടെ നോട്ടവും ഇളിഞ്ഞ ചിരിയും. എല്ലാം സഹിച്ചു ഹലാക്കിന്റെ ചുരുട്ടിയ പായയും തട്പ്പെയുമായി ഒരു സൈഡിൽ കൂടി ഞാനും. മധൂരിന്നു പട്-ലയിലേക്ക്ഇത്രേം വഴി ദൂരമുണ്ടെന്നു അന്നാണ് അറിഞ്ഞത്. എത്ര നടന്നാലും എത്തുന്നില്ല. പുഴയുടെ അടുത്തെത്തിയപ്പോൾ ആരും കാണാതെ പായ പുഴയിൽ ഒഴുക്കാൻ ഒരു പാഴ്ശ്രമം നടത്തി. പിന്നിന്നു ഒരു ഇച്ച - ''പോയക്ക് പായ് ബൂണോഉം.. പോയെന്റെടുത്തു കളിച്ചർണ്ടാ...'' എന്തൊരു കുരിശ്. പായ എറിയാൻ നോക്കുമ്പോഴാണ് അയാളെ ഒരുമാതിരി ഉഫദേശം. ശ്രമവും അങ്ങിനെ പരാജയപ്പെട്ടു. പിന്നെ രണ്ടും കൽപ്പിച്ചു ഞാൻ വീട് നോക്കി നടന്നു. പോകുമ്പോൾ മുഴുവൻ ചിന്ത - വീട്ടിന്നു എന്തായിരിക്കും പ്രതികരണം ? അടി ഉറപ്പ്. അതല്ലാതെ വേറെ വല്ല ശിക്ഷാ നടപടികളും ? വീട്ടിൽ എത്തിയതും തിട്പ്പും പായയും ഒരു വശത്ത്എറിഞ്ഞു ഒരൊറ്റ നിലവിളി. അങ്ങിനെ അടി ഒരു വിധം ഒഴിവായി കിട്ടി. ഉണ്ടായ സാഹചര്യം മണിമണിയായി ഉമ്മയോട്പറഞ്ഞു. സൌകുന്റെ കൂടെ ഇനി നിന്നെ കണ്ടാൽ ''കൊന്നു കളയു''മെന്ന് ശാസനയും കിട്ടി. ഉമ്മ തന്ന വാർണിംഗ് നൂറു ശതമാനം ശരിയെന്നു പായ തുറന്നപ്പോൾ എനിക്ക് ബോധ്യമായി. പായയുടെ ഒരു ചെറിയ ഭാഗം ഒഴികെ, ചുരുട്ടിയ ബാക്കി മുഴുവൻ ഭാഗവും ഓല കീറി വല്ലാണ്ടായിട്ടുണ്ട്. തട്പ്പേ എന്ന് പേരിനു പറയാമെന്നല്ലാതെ അത് ഒരു വകക്കും കൊള്ളില്ലായിരുന്നു. ''ബപ്പടം ഒണ്ക്കാനും കയ്യേലാ '' പായ നോക്കി ഒരു കുൽസൂന്റെ ഉമ്മാന്റെ കമന്റ് കേട്ടപ്പോൾ ഉമ്മാക്ക് ദേഷ്യം വന്നു ഒരു ഒന്നൊന്നര അടി എന്റെ പുറം നോക്കി തന്നു. പിന്നെ പായയിൽ കുറെ മാസക്കാലം മനസ്സില്ലാ മനസ്സോടെ എനിക്ക്കിടക്കേണ്ട ഒരു അവസ്ഥ ഉണ്ടായി. കിടക്കാൻ ഒരുങ്ങിയാൽ അപ്പോൾ പെങ്ങൾ പായ നിലത്തിട്ടു തരും. എന്തൊരു ഉത്സാഹം ഇവൾക്ക്. ''സന്തേല്തെ പായെ'' എന്നായിരുന്നു എന്റെ വീട്ടിൽ അത് കുറെ കാലം അറിയപ്പെട്ടത്. അന്ന് മുതൽ റോഡ്സൈഡിൽ ''ആദായ വില, ആദായ വില'' എന്ന് കേൾക്കുമ്പോൾ തിരിഞ്ഞും മറിഞ്ഞും നോക്കാതെ പെട്ടെന്ന് നടന്നു കളയും.

No comments: