Tuesday, January 5, 2016

നിരീക്ഷണം

നിരീക്ഷണം

അസ്ലം മാവില
ആർക്കോ വേണ്ടി പാതിരായ്ക്ക് തിളക്കുന്ന സാമ്പാർ നിങ്ങൾ നാട്ടിൽ പോയാൽ രാത്രി ഒരു ഒരു 10-11 മണിക്ക് കവലയിൽ ജസ്റ്റ് ഒന്ന് പോകണം. സ്കൂളിലും കോളേജിലും പഠിക്കുന്ന കുറച്ചു പിള്ളേരെ കാണാം. എന്താ അവിടെ കാര്യം ? ഒന്നുമില്ല. വെറുതെ. വെറുതെ ഇരിക്കുകയാണ്. ആർക്ക് കാവൽ ? ആർക്കുമില്ല. അവർക്ക് തൊട്ടടുത്ത് വിളക്ക് കാലിനടുത്തു പോലീസ് സ്ഥാപിച്ച സി.സി. ടി.വി. ക്യാമറയുണ്ട്. അത് മാറിയാണ് ഇരിപ്പ്. പഠിക്കുന്ന കുട്ടികൾ ഇരിക്കേണ്ടത് നാലുവട്ടത്തെ വിളക്ക് കാലിന്നടിയിലല്ല. വീട്ടിനകത്തെ വിളക്കിനു ചോടെയാണ്. അവിടെയാണ് തലേ ദിവസം അദ്ധ്യാപകൻ പഠിപ്പിച്ച അക്ഷരങ്ങൾ ഉള്ളത്. ഗൃഹ പാഠം എന്തായാലും ഉണ്ടാകും. പ്രത്യേകിച്ച് മുതിർന്ന കുട്ടികൾക്ക്. അത് ചെയ്യാം. ചെറിയ കുട്ടികൾക്ക്എന്തെങ്കിലും പറഞ്ഞു കൊടുക്കാം. ഒന്നുമില്ലെങ്കിൽ വീട്ടിലിരുന്നു മോന്തായം നോക്കി മൂളിപ്പാട്ടെങ്കിലും പാടാം. പഠിപ്പ് സ്വന്തം പിടിപ്പു കേടുകൊണ്ട് നിർത്തേണ്ടി വന്ന കൂട്ടുകാരന്റെ വേഷമിട്ടവരാണ് പയ്യമ്മാർക്ക് കൂട്ട്. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഒരു ''പണിയും സെരവും'' ഇല്ലാതെ എത്ര നേരമാണാ മിസ്കീനുകൾ വീട്ടിലിരിക്കുക ? പഠനം പാതി വഴിക്ക് നിർത്തി തേരാപാര നടക്കുന്നത് കണ്ട് ''ക്ഷ'' പിടിച്ചു മാതാപിതാക്കൾ വിടുന്ന ഡയലോഗ് കേട്ട് കേട്ട് സഹിക്കാതെയാവാം അവർ ''....ച്ചാന്റെ'' കടയിൽ ഇരുളത്ത് ഇരിക്കുന്നത്. ഒന്നെങ്കിനെയെങ്കിലും പാവങ്ങൾക്ക് നേരം വെളുപ്പിക്കണ്ടേ ? അതവരുടെ വിധിയെന്നു പഴിക്കാം. പക്ഷെ അതിനു സ്കൂളിലും കോളേജിലും പോകുന്ന പയ്യമ്മാർ എന്തിനാണ് ഹേയ്, ഇവർക്ക് കൂട്ടിരിക്കുന്നത് ? അതിരാവിലെ പണിക്കു പോകുന്നവൻ ഏതായാലും ഇമ്മാതിരി ഇരുത്തം ഇരിക്കുമോ ? അതുമില്ല. അത് കൊണ്ട് നിലാവെട്ടം കണ്ടു പുറത്തിറങ്ങി നടക്കുന്ന ''ഇവരെ'' ഒന്ന് കാണണം. കാര്യമാന്വേഷിക്കണം. ഉപദേശിക്കണ്ട. ഗുണദോഷിക്കാമല്ലൊ. ഇത്ര നല്ല വീടും സ്റ്റഡി റൂമും നല്ല പരിസരവും ഒഴിവാക്കി കവലയിലെ കാലൊടിഞ്ഞ കട്ടിലിൽ ഇരുന്നു നേരം വെളുപ്പിക്കാൻ ആത്മപീഡനം ചെയ്യരുതെന്ന് പറയേണ്ടവർ പറഞ്ഞാൽ കേൾക്കില്ലേ ? കേൾക്കും. നമ്മുടെ പുള്ളമ്മാരല്ലേ. കേൾക്കാതിരിക്കില്ല. ആർക്കോ വേണ്ടി തിളക്കുന്ന ഇമ്മാതിരി ''അടുപ്പിലെ സാമ്പാർ'' എല്ലാ നാട്ടിലും ഉണ്ടാകാം. എന്തോ നമ്മുടെ നാടിനു യോജിച്ചതല്ലെന്ന് തോന്നുന്നു. അത് കൊണ്ട് നമ്മുടെ/ നിങ്ങളുടെ പ്രയത്നം കൊണ്ട് ഒരുത്തനെങ്കിലും കൂലിയില്ലാ ഗൂർഖാ പണി നിർത്തിയാൽ അതിന്റെ ''ആഫ്റ്റർ ഇഫക്റ്റ്'' വലുതാണ്‌, അതെന്താന്ന് പിന്നെ പറയാം. രക്ഷിതാക്കളെ നിങ്ങളുടെ എമണ്ടൻ ഡയലോഗ് കൊണ്ടാണ് പഠിക്കാത്തോൻ '''നിശാ കട്ടിലി''ലിരിക്കുന്നതെങ്കിൽ അതൊന്നു കുറക്കുകയും വേണം. പിള്ളാർ സമയത്തിന് വീട്ടിൽ എത്തട്ടെ, ഒന്നിച്ചു ഉണ്ണട്ടെ. എല്ലാരും നമ്മൾ ഉദ്ദേശിക്കുന്ന രൂപത്തിൽ പഠിച്ച് ബല്യേ ആളാകുമോ ? അസ്ലം മാവില

No comments: