ചിന്താമൃതം
ജയം; പരാജയം. ഇതൊക്കെ ജീവിതത്തിൽ ഉണ്ടാകും.
ജയം മൂന്ന് വിധം. ഒന്ന് സ്ഥിരം . മറ്റൊന്ന് താത്കാലികം.
മൂന്നാമത്തെ ഒന്നുണ്ട്. അത് ആത്മീയം.
ആദ്യത്തെ രണ്ടും മൂന്നാമത്തേത്തിലേക്കുള്ള ഗേറ്റ് വാൾവാണെന്നു മാത്രം.
ജയം നൽകുന്ന സന്ദേശം വിനയമാണ്. നീ ഒരു കടമ്പ കടന്നു. അർഥം, മറ്റുള്ളവരേക്കാൾ നീ അൽപം ഉയരത്തിൽ.
കൂട്ടുകാർ, നാട്ടുകാർ, പഠിപ്പിച്ചവർ,
കൂടെ പഠിച്ചവർ.... എല്ലാരും നിന്നെ കാണുന്നത് ഒരു നന്മ പ്രതീക്ഷിച്ചാണ്.
ഒറ്റയ്ക്ക് ആരും ജയിക്കാറില്ല. അങ്ങിനെ അവകാശപ്പെടുന്നവർക്കും അറിയാം,
ഒറ്റയ്ക്കല്ല ജയിച്ചതെന്ന്. ഉറക്കമൊഴിച്ച് പഠിച്ചു ഉന്നത വിജയം നേടിയവന്റെ വിജയിത്തിനു പിന്നിലും കുറച്ചു പേരുണ്ട്.
അധ്യാപകർ, മാതാപിതാക്കൾ, കൂട്ടുകാർ.....
എണ്ണ വിളക്ക് നീട്ടികൊടുത്ത ആയയും നേരത്തെ എഴുന്നേൽക്കാൻ അലാറം സെറ്റ് ചെയ്യാറുള്ള അനിയത്തിയും എന്നും അതിരാവിലെ നല്ല വാക്കുകൾ കൊണ്ട് എതിരേറ്റ പാൽക്കാരനും,
പടിവാതിലോളം ഉരുമ്മി നടന്ന് യാത്രയാക്കിയ കുറുഞ്ഞി പൂച്ചയും
.... എല്ലാവരും ആ വിജയത്തിന്റെ പിന്നിലെ
factors ആണ്. തല ഒന്ന് കൂടി താഴാൻ, വിനയത്തിന്റെ അങ്ങേയറ്റമാകാൻ വിജയികൾ ശ്രമിക്കുന്നത് ആ തിരിച്ചറിവ് കൊണ്ട്.
ജയം എന്നും കായ്ക്കുന്ന മരമാകുന്നത് അങ്ങിനെയാണ്.
പൂക്കാലം വിട്ടു പോകാത്ത പൂന്തോട്ടത്തിന്റെ പ്രതീതി
! ഒരാളെ നാം കുറച്ചു കാലത്തേയ്ക്ക് ഉത്തര വാദിത്വം ഏൽപ്പിക്കുന്നതിനെ വിജയം എന്ന് പറയാമെങ്കിൽ അതാണ്
രണ്ടാം വിഭാഗം. താൽകാലികം; ഒരു നിശ്ചിത പരിധി വരെ.
വിനയത്തിന്റെ അങ്ങേയറ്റം കാണിക്കേണ്ട ഒന്ന്.
മറക്കുകയും ഓർക്കുകയും ചെയ്യാൻ അത് വഴി വെക്കണം.
മറക്കേണ്ടത് വിദ്വേഷം ; ഓർക്കേണ്ടത് ചുമതലകൾ.
കാലാവധി തീരും വരെ അയാളെ ജനം ഉറ്റു നോക്കും. നന്മയുടെ കൂട്ടായ്മയിൽ അയാളുണ്ടോന്ന് കണ്ണുകൾ പരതും.
തിന്മ നീക്കാൻ അയാൾ മുന്നിലുണ്ടോന്നു ജനം ശ്രദ്ധിക്കും.
നിറഞ്ഞ ഒരു ചിരി; അടർന്ന ഒരു തുള്ളി കണ്ണുനീർ, ഒരു തലോടൽ, സാന്ത്വനത്തിന്റെ ഒരു വാക്ക്
- മതി വേണ്ടിടത്ത്. എല്ലായിടത്തും ഫലം കാണണമെന്നില്ല.
അങ്ങിനെ ആർക്കും സാധിക്കുകയുമില്ല.
ആത്മാർത്ഥതയ്ക്കാണ് മാർക്ക്. ഇടപെടുന്നവന്റെ ആത്മാർഥതയെയാണ് ജനം വിലയിരുത്തുക.
വിജയികൾ, ഭാരവാഹികൾ, ഉത്തര വാദിത്വം ഏറ്റെടുത്തവർ വെന്നിക്കൊടി പാറിക്കുന്നത് ആത്മാർഥതയുടെ ഉച്ചിയിലാണ്.
ആലങ്കാരിക ഭാഷയിൽ പറഞ്ഞാൽ , അത്കൊണ്ടാവാം, അവരുടെ ശിരസ്സ് എപ്പോഴും വിനയം കൊണ്ട് താഴ്ന്ന് തന്നെയിരിക്കുന്നത്.
മംഗളങ്ങൾ അവർക്ക് മാത്രം !
No comments:
Post a Comment