ചിന്താമൃതം
തിരക്ക് രണ്ടു തരം. ഒന്ന് ന്യായമായത്. മറ്റൊന്ന് കൃത്രിമം.
ആദ്യത്തെ തിരക്കുള്ളവർ മാന്യർ;
രണ്ടാമത്തവരെ എന്തു വിളിക്കണം ? ഒന്നാം വിഭാഗത്തെ നമുക്കറിയാം.
അല്ലെങ്കിൽ ആരെങ്കിലും ഒരാൾ നമ്മോട് അത് സൂചിപ്പിക്കും.
അയാളുടെ ശരീര ഭാഷ പറയാതെ പറയും. ഉത്തരവാദിത്വം നിഴലിക്കും.
നിഴലിനു പോലും തിരക്ക് അനുഭവപ്പെടും. ആ തിരക്കൊഴിഞ്ഞു കിട്ടാൻ നാമാഗ്രഹിക്കും.
പ്രാർഥിക്കും. ജോലി, സേവനം, ആസ്പത്രി, ആരാധനാലയം, ഓട്ടം,
കൂട്ടം... എല്ലായിടത്തും അയാളുണ്ട്.
അതാണയാളെ തിരക്കുകാരനാക്കുന്നത്.
മറ്റേതോ? ചോദിക്കുമ്പോൾ മാത്രം
''ഞാൻ തിരക്കായിരുന്നു'' എന്ന് മൊഴിയുന്നവർ
? ''കണ്ടില്ലല്ലോ ?" എന്ന ചോദ്യത്തിന്
''തിരക്കെ''ന്ന് ഒഴികഴിവ് പറയുന്നവർ ? അവർ കൃത്രിമക്കാർ.
തടി സലാമത്താക്കുന്നവർ.
ഊരാൻ ഊഴം നോക്കുന്നവർ. വേണ്ടിടത്ത് കാണാത്തവർ.
വേണ്ടാത്തിടത്ത് സാനിധ്യമുള്ളവർ. ഇവർക്ക് സമയമുണ്ട്.
സ്വന്തം ആവശ്യത്തിന് മാത്രം.
ഇവർ - ഉത്തരവാദിത്വം ഭയക്കും.
ഒഴികഴിവ് ഭീരുവിന്റെ രൂപത്തിൽ വരും.
''കയ്യിന്ന് പോകുമോ''ന്നു വെറുതെ ചിന്തിക്കും. ''കൃത്രിമ തിരക്ക്''
കൂട്ടായി വരും. അത് കൂടൊഴിയാത്ത കൂട്ടുകാരനാകും.
കൂട്ടത്തിൽ സീറോ. കൂട്ടിനും കൊള്ളില്ല.
വീരവാദം മാത്രം ബാക്കി. അതും അവനവന്റെ ''അടുക്കള''യിൽ. കുശുമ്പും കുറ്റം പറച്ചിലും മിച്ചം.
ഇവരുടെ തിരക്ക് വെറും മിഥ്യ. സത്യം ലവലേശമില്ലാത്തത്.
തിരക്ക് ആർക്കാണില്ലാത്തത്
? . പക്ഷെ, എല്ലാ ദിവസവും തിരക്കുണ്ടാകുമോ ? 365 ദിവസവും.
അങ്ങിനെയൊന്നില്ല. റുട്ടീൻ വർക്ക് ഉണ്ടാകും. അത് ജീവിതോപാധി. അത് കഴിഞ്ഞുമുണ്ടാകുമല്ലോ കുറച്ചൊക്കെ ഒഴിവ് സമയം.
അവിടെ തിരക്ക് വേണോ ? ''പള്ളിയിൽ കണ്ടില്ലല്ലോ ? കൂട്ടത്തിൽ കണ്ടില്ലല്ലോ
?" . ഉത്തരം : ''തിരക്കായിരുന്നു; നിങ്ങൾക്ക് പിന്നെ പണിയൊന്നുമില്ലല്ലോ''.
ഇങ്ങോട്ടൊരു തോണ്ടൽ. ഇവർ പറയുന്ന തിരക്കൊഴിയാൻ കാത്തിരിക്കണോ
? അതല്ല, തിരയൊഴിഞ്ഞ കടലിനെ കാത്തിരിക്കണോ
?
No comments:
Post a Comment