Tuesday, January 5, 2016

നിരീക്ഷണം

നിരീക്ഷണം
****************
അസ്ലം മാവില
*********************** 
എന്തു പറയുന്നു RT യിലെ മുഴുവൻ സാമൂഹിക-സാംസ്കാരിക പ്രവർത്തകരെ.
.. ******************************* 
മനസ്സിൽ ഒരു ആശയം തോന്നിയാൽ കുറെ നാൾ വെച്ചോണ്ടിരിക്കരുത്. ഷെയർ ചെയ്താൽ അത് എവിടെ എപ്പോൾ എങ്ങിനെ മുള പൊട്ടുമെന്നും വളരാൻ മണ്ണും വിണ്ണുമൊരുങ്ങുമെന്നും പറയാൻ പറ്റില്ല. മാസങ്ങളോളമായുള്ള ഒരു drafted topic/idea ഇവിടെ പങ്ക് വെക്കുന്നു. രണ്ടു ഉദ്ദേശം - അവസാനത്തെ വരിവരെ വായന എത്തുമ്പോൾ അവ രണ്ടും നിങ്ങളുടെ മനസ്സിൽ തെളിയും. മിക്ക വീട്ടിലും കണ്ണിലുണ്ണികളായ നമ്മുടെ മക്കൾ ഉണ്ട്. പതിനാലു തൊട്ട് പതിനെട്ട് വയസ്സുള്ളവരും അവരിൽ കാണും. അവരുടെ ഒരു കുട്ടിപ്പട്ടാളം ഉണ്ടാക്കുന്നു. ആഴ്ചയിൽ ഒരിക്കൽ നമുക്ക് അകലെയല്ലാത്ത ധർമ്മാശുപത്രി സന്ദര്ശിക്കുന്നു. ജനറൽ വാർഡിൽ കിടക്കുന്ന രോഗികളെ കാണുന്നു. ഒന്നൊന്നര മണിക്കൂർ അവിടെ ചെലവഴിക്കുന്നു. അവിടെ പല ദിക്കിൽ നിന്നും വന്നവരുണ്ട്. രോഗികൾ നിസ്സഹതയോടെ നമ്മുടെ മക്കളെ നോക്കും. ആർദ്രതയുടെയും കണ്ണുനീരിന്റെയും രസതന്ത്രം അവിടെ വർക്ക് ഔട്ട്ചെയ്യും. ഉള്ളലിയും; ഉള്ളോളം കനലിറങ്ങും. ''ഇങ്ങനെയും മനുഷ്യർ ....!'' മക്കളിൽ അതൊരു വല്ലാത്ത അനുഭവം സമ്മാനിക്കും. അതവർ തങ്ങളുടെ ഡയറിയിൽ അവരുടെ ഭാഷയിൽ കുറിച്ചിടും.... ആസ്പത്രി വരാന്തയിൽ കുട്ടികൾക്ക് കുറെ പേരെ കാണാം. കയ്യിൽ ഒരു മരുന്ന് കുറിപ്പടിയുമായി അതെങ്ങിനെ വാങ്ങണമെന്നറിയാതെ പ്രയാസപ്പെടുന്നവർ. 50 ഉറുപ്പിക അല്ലെങ്കിൽ 100 -150 ; അത്ര മതി അന്നവർക്ക്- ഒരു കുറിപ്പടിയിൽ എഴുതിയ മരുന്ന് വാങ്ങാൻ. ആരോടു ചോദിക്കുമെന്ന് ആലോചിച്ചു അവർ അവിടെ നിൽപ്പുണ്ട്. നമ്മുടെ കുട്ടിപ്പട്ടാളത്തിനു അങ്ങനെ ഒരു 10 പേരെ കണ്ടെത്തി മരുന്ന് വാങ്ങാൻ സഹായിക്കാൻ പറ്റിയാൽ.... അതും ആഴ്ചയിൽ ഒരിക്കൽ. ആവശ്യക്കാരനെ കാണിച്ചു കൊടുത്തു കുട്ടികളെ സഹായിക്കാൻ ആസ്പത്രി അധികൃതർ തന്നെ മുന്നോട്ട് വന്നേക്കും... വലിയ ആളാകാനല്ല; വലിയ ആളാരുമല്ലെന്നു സ്വയം തിരിച്ചറിയാൻ വേണ്ടിയാണ്. ആസുര ലോകത്ത് ''അണ്ണാറക്കണ്ണനും തന്നാലായത്'' ചെയ്യുന്ന കരുണയുള്ള കുഞ്ഞുമനസ്സുകളുടെ കുഞ്ഞു കൂട്ടം. മനസ്സിൽ രോഗമില്ലാത്ത ഇളം മനസ്സുകളുടെ ഒന്നായ്മ. കുന്നോളം വരുന്ന കുഞ്ഞുങ്ങളുടെ കുഞ്ഞുകൂട്ടായ്മ. സ്ത്രീകളടക്കമുള്ള ആർ .ടി.യിലെ സന്മനസ്സുകൾക്ക് നിരീക്ഷണം സമർപ്പിക്കുന്നു. വായിക്കാൻ ...പിന്നീട് മനസ്സ് വാചാലമാകാൻ. ആർ .ടി.യുടെ ആദ്യത്തെയും അവസാനത്തേതുമായി ഒരു സേവനം സാംസ്കാരിക പ്രവർത്തനങ്ങളോടൊപ്പം ഏറ്റെടുക്കുകയുമാകാം. പുതു തലമുറകൾ അങ്ങിനെയാകട്ടെ നമ്മുടെ സാംസ്കാരിക മടിത്തട്ടിൽ നിന്ന് വളരുന്നത് ! എന്തു പറയുന്നു ഉടപ്പിറപ്പുകളെ ...... നല്ല പരിശീലനവും അടുക്കും ചിട്ടയും ആവശ്യത്തിനു ഗൈഡൻസും നൽകി കുട്ടികളെ ഒന്ന് പാകപ്പെടുത്തിയാൽ, പിന്നെയൊന്ന് തുടങ്ങിയാൽ വിദൂരമല്ലാതെ തന്നെ ചെറിയ സംരംഭത്തോട് സഹകരിക്കാൻ ജില്ലയിൽ നിന്നും പുറത്ത് നിന്നുമുള്ളവരും മുന്നോട്ട് വന്നേക്കും. അറിഞ്ഞാൽ ആരും ഒരു കൈ സഹായിചേക്കും. അറിയുക : ഒരു ചെറിയ വിത്താണ് പിന്നീട് മാമരമാകുന്നത്. ഒരു വിത്ത് മുള പൊട്ടിയാൽ അതിനു കുറഞ്ഞ നാൾ നൽകുന്ന തണലാണ് പിന്നീട് അതിന്റെ പന്തീരായിരം മടങ്ങ്മരമായും മാമാരമായും തണൽ തിരിച്ചു നല്കുന്നത്. അസ്ലം മാവില

No comments: