കുട്ടിക്കാല
കുസൃതികൾ
മാവിലേയൻ
ചെറുപ്പത്തിൽ
എനിക്ക് വല്ലാത്ത കൌതുകം ഉണ്ടാക്കിയിരുന്നത് റമദാനിൽ പള്ളികളിൽ ഉറുദി പറഞ്ഞിരുന്ന കുഞ്ഞുസ്താമാരായിരുന്നു. (എന്റെ കുടുംബത്തിൽ തന്നെ ഒരു പാട് ഖതീബ്മാർ ഉണ്ടായിരുന്നുവെന്നത് സാന്ദർഭികമായി സൂചിപ്പിക്കുന്നു). അവർ ദുഹർ (അല്ലെങ്കിൽ അസർ) നമസ്കാരവും ദുആ;യും കഴിഞ്ഞ് പുറത്ത് വന്നു രണ്ടാം പള്ളിയുടെ മതിലിനു ചാരി നിന്ന് ഒരു പ്രസംഗം കാച്ചും - ആൾ ഉണ്ടോ ഇല്ലയോ ... അവരുടെ ഉറുദിയൊക്കെ ശ്രദ്ധയോടെ കേട്ട് ഞാൻ വീട്ടിൽ എത്തിയാൽ ഉമ്മാന്റെ ഒരു പഴയ തട്ടം എവിടെന്നെങ്കിലും തപ്പിയെടുക്കും. അതൊരുവിധം തലയിൽ കെട്ടി ഓർമ്മയിൽ ഉള്ളത് വെച്ച് കാച്ചും. ഉമ്മ എന്നോട് നീട്ടി പ്രസംഗിക്കാൻ പറയും. ഞാൻ നീട്ടാനൊന്നും പോകില്ല. എന്നാലും ഉമ്മാക്ക് ഞാൻ പ്രസംഗിക്കുന്നത് എപ്പോഴും ഇഷ്ടായിരുന്നു. പള്ളിയുടെ കിഴക്ക് ഭാഗത്തു കുറച്ചു ദൂരായി വീടുള്ള എന്റെ കൂട്ടുകാരൻ സൌകുന് ഈ പ്രസംഗങ്ങൾ കൊണ്ട് മറ്റൊരു ഹിൽമ് ആണ് തലയിൽ കൂട് വെച്ച് മുട്ടയിട്ടത്. മിക്ക കുഞ്ഞുസ്താദുമാരും ഖബറിലെ ശിക്ഷയെ കുറിച്ച് പറയും. പക്ഷെ നമ്മുടെ സൌകുന്റെ തലയിൽ വേറൊരു ബൾബാണ് അത് കേട്ടിട്ട് കത്തിയത്. വേറൊന്നുമല്ല - മരണാനന്തര നടപടികൾ. ഉസ്താദ് പറയുന്നത് ഏകദേശം ഇങ്ങനെ : മരിച്ചാൽ മറമാടും; തുടർന്ന് എല്ലാരും പിരിഞ്ഞു പോയാൽ ഖബറിൽ രണ്ടു മലക്കുകൾ വലിയ ''റോഡു''മായി വന്നു ആ മനുഷ്യനെ എഴുന്നേറ്റ് ഇരുത്തി ചോദ്യം ചെയ്യും. നേരെ ചൊവ്വേ ഉത്തരം പറയാത്തവരെ അവർ ശരിക്കും പെരുമാറും. ആ പ്രസംഗവും കേട്ട് , സൗകു നേരേ ഓടുന്നത് അവന്റെ വീടിനടുത്തുള്ള മൂലക്കായി വാരിക്കൂട്ടിയ പൂഴി യുടെ ഭാഗതെക്കാണ്. പുള്ളി പൂഴികൂംബാരത്തിൽ അങ്ങിങ്ങായി മുളച്ച ചെടിയൊക്കെ പിഴുതെടുത്ത്, പൂഴിമാന്തി എങ്ങിനെയെങ്കിലും ഒരു മണ്ണിരയെ പുറത്തെടുക്കും. അതിനെ കാക്കപ്പായത്തിന്റെ കോൽ എടുത്ത് അടിച്ചു പകുതി മരിച്ചു എന്ന് ഉറപ്പു വരുത്തും. എന്നിട്ട് ഒരു മട്ടക്കണയുടെ പുറത്ത് വെച്ച് കെട്ടി, അതിന്റെ മുകളിൽ ഒരു വെളുത്ത തുണിക്കഷ്ണം കൊണ്ട് മൂടും. അതിന്നിടയിൽ വേറെ കുറെ സൌകു-കുൽസുമാർ വന്നു നടുവിന് കൈ വെച്ച് ചുറ്റും നോക്കി നിൽക്കും. കുറെ എണ്ണം ''ആബോനെ നക്ക്ൾനെ കൊല്ലാൻ ....'' ഇമ്മാതിരി സെന്റി കമന്റുകൾ വിടും. സൗകുന് ഇതൊന്നും പറയുന്നത് ഇഷ്ടമല്ല. ''ഒയ്ക്കെ പോയോനെ.....'' അവനെതിര് പറയുന്നവരെ കയ്യിൽ കിട്ടിയ പൂഴി വാരി എറിഞ്ഞു ഓടിക്കും. അല്ലെങ്കിൽ തന്നെ അവൻ ഒരു നിയ്യത്തുമായി ഇറങ്ങിയതാണ്. ആ ഉദ്യമത്തിൽ നിന്ന് പിന്തിരിപ്പിക്കുന്നത് ശരിയല്ലല്ലോ. സൌകുന്റെ ഒരു പെങ്ങൾ ആങ്ങളയുടെ വീര കൃത്യം കണ്ടു കഫൻ പുടവ പുതപ്പിക്കാനൊക്കെ സഹായിക്കും. അപ്പോഴേക്കും വേറൊരുത്തി കമന്റും - ''പെണ്ണുങ്ങോ ...മയ്യത്ത് തൊടല്ലോളേ ..'' അത് കേൾക്കുമ്പോൾ സൌകുന്റെ ഒരു ഹലാക്കിന്റെ നോട്ടമുണ്ട്. ഒരു സൗകു അതിനിടയിൽ കുഴിയൊക്കെ കുത്തി ഖബർ ഉണ്ടാക്കാൻ തുടങ്ങിയിരിക്കും. പിന്നെ ''നക്ക്ൾ''ന്റെ മയ്യത്തും കൊണ്ട് ആ പറമ്പൊക്കെ ഒന്ന് കറങ്ങും. ഞങ്ങൾ കുറെ എണ്ണം അതിന്റെ പിന്നാലെയും. അതിനു ശേഷം മയ്യത്ത് കൊണ്ട് വന്നു ഖബറിൽ വെച്ച് മൂടും. അതിനനുസരിച്ച കല്ലൊക്കെ റെഡിയായിരിക്കും. എല്ലാരോടും സൗകു കുറച്ചു നേരത്തേക്ക് അവിടെന്നു പിരിഞ്ഞ് പോകാൻ പറയും. പോയില്ലെങ്കിൽ ആ കാലമാടന്റെ പോയ്യേറ് ഉറപ്പ്. ഇനിയാണ് നമ്മുടെ സൌകുന്റെ പ്രധാന ഐറ്റം. അവൻ അനിയനെയും കൂട്ടി ഒരു കൊട്ടക്കല്ലും വടിയുമായി വന്നു കുഴിമാന്തി മണ്ണരയെ പുറത്തെടുത്ത് ചോദ്യം ചെയ്യലാണ്. ''ഇച്ചാ.. തൊട്ങ്ങാ ..'' മൻ റബ്ബുക്ക... മാ ദീനുക്ക ... അനിയൻ സൗകു വടി മേലോട്ടു ഓങ്ങി ഏട്ടൻ സൌകുന്റെ സിഗ്നൽ കാത്ത് നിൽപ്പാണ്. പാവം നക്ക്ള് ഉള്ള ഉസ്റ് വെച്ച് ഒന്നനങ്ങും. അനിയൻ സൗകു അനക്കം കണ്ടാൽ രണ്ടടിയോടെ അതിനെ ഒരു ലെവലാക്കി കിടത്തും. തെയ്യൻ, ചുണ്ടെലി, കൂറെ, രാക്ഷസവണ്ട്, പുല്ലൻചേരു, പൂചമീൻ ഇതൊക്കെ സൌകുന്റെ കയ്യിലെങ്ങാനും കിട്ടിയാൽ അതിന്റേതായ രീതിയിൽ തന്നെ ഖബറടക്കി ചോദ്യം ചെയ്യലിന് വിധേയമാക്കി കർമ്മം തീർത്തിരിക്കും. ഒരു ദിവസം ഞാൻ പോരെന്നു മുങ്ങാൻ വേണ്ടി അറിയാതെ പറഞ്ഞ ന്യായം - സൌകുന്റാടുക്ക് ''ഖബർ കുയ്ക്കാൻ പോന്ന്'' എന്നായിരുന്നു. അന്ന് പഞ്ഞിക്കിട്ടത് മാത്രം ഉമ്മ എന്നെയായിരുന്നു. ''ബായ് ബെരാത്തെ ജീമനാദിനെ സൗകൂന്റൊക്കെ കൂടീറ്റ് ഉപദരിക്ക്ന്നാ...'' ഉമ്മാന്റെ ഞായം അന്നും ഇന്നും ശരിയാണ്. എന്നാലും ഉമ്മ അറിയാതെ, ചിലപ്പോഴൊക്കെ ഒളിഞ്ഞും പാത്തും ഞാൻ ''സൌകു സ്പോണ്‍ സെർഡ്'' ഖബറടക്ക ചടങ്ങിൽ പങ്കെടുത്തിട്ടുണ്ട്. ഒരു ദിവസം ഒരു പൂച്ച എന്റെ വീട്ടിന്റെ തൊട്ടപ്പുറത്തുള്ള പൂഴിക്കൂമ്പാരത്തിൽ കുഴി മാന്തുന്നു. ഒരു ഒരു ചെറിയ ബള്ബ് എനിക്കും അന്നത്തെ പ്രായത്തിൽ കത്തി. പൂച്ചയും പള്ളിയിൽ പോകാൻ തുടങ്ങിയോ ? ഇന്നത്തെ ഉറുദി അതായിരുന്നില്ലല്ലോ ? ആാ... വേറെ ഏതെങ്കിലും പള്ളിയിൽ പോയിരിക്കാം... അപ്പോൾ ആരായിരിക്കും മരിച്ചിരിക്കുക ? എന്റെ ചിന്ത കാട് കയറി. ഞാൻ ഞങ്ങളുടെ തണൽ മരത്തിന്റെ വേര് പാഞ്ഞ ചെറിയ ''കട''യിൽ കൂടി അവിടെ എത്തിയപ്പോൾ പുള്ളിക്കാരി കുഴി മൂടുന്നുണ്ട്. ഇത്രയും പെട്ടെന്ന് എല്ലാം കഴിഞ്ഞോ എന്ന് ആലോചിച്ച് അവിടെ എത്തിയപ്പോൾ എന്നെ കണ്ടിട്ടോ എന്തോ പൂച്ച അതിന്റെ നാക്ക് കൊണ്ട് മീശയൊക്കെ ഒന്ന് നക്കി ശരിയാക്കി എന്നെയൊന്നു ചെറുതായി നോക്കി ചെറിയ സൌണ്ടിൽ മ്യാവൂന്നു പറഞ്ഞു സ്ഥലം വിട്ടു. ''കോൻ മർഗയാ " എന്ന എന്റെ അറിയാനുള്ള ബാലമനസ്സിലെ തിടുക്കം ആ ഖബർ മാന്താൻ എന്നെ പ്രേരിപ്പിച്ചു. മാർജ്ജാരമേധ്യത്തിനു ഇമ്മാതിരി വാസന ഉടയതംബുരാൻ കൊടുത്തിട്ടുണ്ടെന്നു ഞാൻ അന്നായിരുന്നു ആദ്യമറിഞ്ഞത്! അതറിഞ്ഞു കൊണ്ടായിരിക്കുമോ എന്തോ ഇവന്മാർ ''രണ്ടും'' കഴിഞ്ഞാൽ കുഴി കുത്തി മന്നിടുന്നത്? ഊഫ് .... അന്ന് എന്റെ കൈ വൃത്തിയാക്കാൻ ഉമ്മ മൂന്ന്കുടം വെള്ളമാണ് ഉപയോഗശൂന്യമാക്കിയത്. കല്ലിലുരച്ച് എന്റെ വിരലിന്റെ തൊലി വരെ പോയെന്നു തോന്നിപ്പോയ് അന്നത്തെ അന്ഗുലീ ശുദ്ധീകരണ പ്രക്രിയയിൽ .''നാർന്ന്'' എന്ന് പറഞ്ഞു കൊണ്ട് ഇടയ്ക്കിടക്ക് പിന്നിൽ നിന്ന് കൊണ്ട് പെങ്ങളുടെ അദൃശ്യ ''മേടൽ'' വേറെയും. എന്നിട്ട് തലയ്ക്ക് വെള്ളവുമൊഴിക്കും. അതെന്തിനാണെന്ന് ഇപ്പോഴും പിടികിട്ടിയിട്ടില്ല. സമീ നീ ഇത് വായിച്ചു കേൾപ്പിച്ചാൽ ഉമ്മ ഒരു പക്ഷെ ഉത്തരം തരുമായിരിക്കും.
No comments:
Post a Comment