Tuesday, January 5, 2016

ചിന്താമൃതം

ചിന്താമൃതം


പഴയ കഥ. എപ്പഴും പ്രസക്തം. കുട്ടനും മുട്ടനും. അത് കേൾക്കുമ്പോൾ ആദ്യം ഓർമ്മ വരിക രണ്ടു അജങ്ങൾക്ക് തൊട്ടു താഴെ ചോര കുടിക്കുന്ന ഒരു കുജം. ഒരു കൊച്ചു കുടുംബത്തിലെ അസ്വസ്ഥത മുതൽ വൻ രാഷ്ട്രങ്ങൾ തമ്മിലുള്ള അസ്വാരസ്യത്തിൽ വരെ കുറുക്കനെ കാണാം. തമ്മിലടിപ്പിക്കും ആദ്യം ഒന്നും രണ്ടും പറഞ്ഞു. ഇല്ലെങ്കിൽ മണത്തറിയും ഒന്നും രണ്ടുകൾ. പിന്നെ അത് വീർപ്പിക്കാൻ പമ്പ് നോക്കി നടക്കും. കുടുങ്ങാത്തവനും കുടുങ്ങും. അതിനു മാത്രം മെറ്റീരിയൽസ് ഇയാൾ കൈ വശപ്പെടുത്തിയിരിക്കും. കിട്ടിയ ഞരമ്പ് പിന്നെ വിടില്ല. തോണ്ടിയും ചിരണ്ടിയും പുണ്ണ് ഉണ്ടാക്കും. അതിനു മാത്രം നഖം വളർത്തും. ഉണങ്ങാത്ത കണ്ഠം ; വറ്റാത്ത നിണം. അത് മാത്രം ലക്ഷ്യം. എല്ലാ കുഴപ്പങ്ങൾക്ക് പിന്നിലും ഒരു ഹോംവർക്ക് കാണാം. കുളം കലക്കണം. കുടുംബത്തിൽ ആയാലും കൂട്ടുകെട്ടിലായാലും. അത് കൊണ്ട് നേട്ടം ? കുട്ടനുമില്ല മുട്ടനുമില്ല. പിന്നെ ? കുജത്തിനുണ്ടോ ? സാഹചര്യമനുസരിച്ച് ഉണ്ടാകാം. ഇല്ലെന്നും വരാം. എത്ര പെട്ടെന്നാണ് ഒരു പാട് കാലം കൊണ്ടുണ്ടാക്കിയ ബന്ധങ്ങൾ ഒരാളുടെ ''തീപ്പെട്ടികൊള്ളി'' കൊണ്ട് ഇല്ലാതാകുന്നത് ? അടുക്കാൻ അസ്ഥിവാരമിടാൻ എത്ര പണിപ്പെട്ടിരിക്കണം അവർ, അവരുടെ മുൻതലമുറക്കാർ ! അതിന്റെ കല്ലുകളടുക്കി വെക്കാൻ, ചാന്തിടാൻ, മിനുക്കാൻ, മിനുസപ്പെടുത്താൻ എന്ത് മാത്രം സമയമെടുത്തിരിക്കണം ! അസ്വസ്ഥകൾ കണ്ടാൽ അവിടെ തന്നെ തീർക്കാൻ നമുക്ക് പറ്റണം. ഇല്ലെങ്കിൽ അതിലിടപെടരുത്. ആരാന്റെ ചുടുചോര പൊഴിയാൻ സാധ്യതയുള്ള രോമ കൂപങ്ങൾ നോക്കിയാകരുത് പഞ്ചായത്ത്‌..; അറിയാത്തത് മിണ്ടിയും പറഞ്ഞും മറ്റുള്ളവർക്കെന്തിനു രക്ത സമ്മർദ്ദമുണ്ടാക്കണം ? അവരെ എന്തിനു ഏറു പടക്കങ്ങളാക്കണം ? അങ്ങ് ഇസ്രായേലിലെ പ്രധാനമന്തി എൻ. ബെഞ്ചമിനു മാത്രമല്ല സന്ദേശം, ഇങ്ങു നാട്ടിൻ പുറങ്ങളിലെ തട്ടുക്കടകളിൽ കാലൊടിഞ്ഞ കട്ടിലിലിരുന്നു ചായ മോന്തുന്ന കുഞ്ചമിൻസിനും കൂടിയാണ്. (കുറിപ്പ് : ''കുജം'' എന്നതിന്റെ അർഥം നോക്കി സമയം കളയരുത്; ഒരു തരം കുറുക്കൻ എന്ന് കരുതുക)

No comments: