Tuesday, January 5, 2016

നിരീക്ഷണം

നിരീക്ഷണം

 അസ്ലം മാവില

''ഇച്ചാത്തരെ'' ഇങ്ങനെ ആയാലോ ? എല്ലാവർക്കും വർഷാരംഭത്തിൽ ചില പ്ലാനിങ്ങൊക്കെ ഉണ്ടാകും. അത് സ്വാഭാവികം. ഇക്കൊല്ലം എന്തായാലും ഇന്നതൊക്കെ ചെയ്യണം. അതിൽ ഒന്ന് രണ്ടു കാര്യങ്ങൾ പ്രത്യേകിച്ചും, അങ്ങനെയങ്ങനെ. വീട്ടിൽ, കുടുംബത്തിൽ, അയൽക്കൂട്ടങ്ങളിൽ, ജമാഅത്തിൽ, ഗ്രാമത്തിൽ, ക്ലബ്ബുകളിൽ, സാംസ്കാരിക കൂട്ടായ്മയിൽ... എല്ലായിടത്തും. ഗൃഹ നാഥൻ വീട്ടിൽ ഒരു പക്ഷെ അത് അവതരിപ്പിക്കുക വൃദ്ധരായ മാതാപിതാക്കൾ, ഭാര്യ, മക്കൾ ഇവരൊക്കെ തീൻ മേശയ്ക്ക് ചുറ്റുമിരിക്കുന്ന ഒരു സന്ദര്ഭത്തിലാകാം. പ്രവാസിയാണെങ്കിൽ ഫോണ്വിളിച്ചു വീട്ടിലുള്ളവർക്ക് മതിയായ പ്രാതിനിധ്യം നൽകി എല്ലാവരോടും അഭിപ്രായമാരാഞ്ഞുമാകാം. കൂട്ടായ്മയിൽ ആണെങ്കിൽ അതൊക്കെയൊന്നു പഠിച്ചും ഗൃഹപാഠം ചെയ്തുമാകാം അവതരിപ്പിക്കുക. എല്ലാവർക്കും ഉപകാരപ്പെടുമെന്ന് കരുതുന്ന ഒന്നിലേക്കാണ് ഇനി ശ്രദ്ധ. സോഷ്യൽ മീഡിയ വന്നതോടെ പലരിലും കുറച്ചു വായന ശീലം കൂടിയിട്ടുണ്ട്. വോയ്സിൽ പോലും വരണമെങ്കിൽ കുറച്ചൊക്കെ അറിഞ്ഞിരിക്കണമെന്ന ബോധം പലരിലുമുണ്ട്. ഇല്ലെങ്കിൽ ''വാ വിട്ട'' ചില വിചിത്ര വോയിസ് നോട്ടുകളും ''കൈ വിട്ട'' നടുക്കണ്ടം ടെക്സ്റ്റുകളും ആഴ്ച മുഴുവൻ ടിക്കറ്റെടുക്കാതെ ഉലകം ചുറ്റി ബഫൂണ്കഥാ പാത്രമാകാൻ എല്ലാ സാധ്യതയുമുണ്ട്. ചില വിരുതന്മാർ മാസങ്ങളോളം ''മൊതല്'' സ്റ്റോർ റൂമിൽ വെച്ച് ''ആവശ്യം'' വരുമ്പോഴൊക്കെ ഉപയോഗിച്ചു കളയും ! ടെലിവിഷൻ ചാനലുകളിൽ ഇമ്മാതിരി സീനുകൾ തപ്പിപിടിച്ച് പശി അടക്കുന്ന അവതാരകർ വരെ ഉണ്ടല്ലോ. നേതാക്കന്മാർ ''ബോളത്തരം'' പറഞ്ഞാൽ അവതാരകർക്കെന്തെങ്കിലും കഞ്ഞിക്ക് വകയാകും എന്ന നില വരെ എത്തിയിട്ടിട്ടുണ്ട് ഇപ്പോൾ കാര്യങ്ങൾ ! നമ്മുടെ വിഷയത്തിലേക്ക് വരാം. ഒരു ഹോം ലൈബ്രറി എന്ത് കൊണ്ട് ആലോചിച്ചു കൂടാ ? എല്ലാ വീട്ടിലും കുറഞ്ഞത് 10 പുസ്തകങ്ങൾ. കൂട്ടത്തിൽ ഒരു ഖുർ-ആൻ പരിഭാഷ. ചെറിയത്, പെട്ടെന്ന് വായിച്ചു തീർക്കാൻ പറ്റുന്ന വാക്കർത്ഥമുള്ളത്. (വളരെ പ്രായമുള്ളവർക്ക് വായിക്കാൻ അറബി മലയാളത്തിലുള്ളതും ഇവ ലഭ്യമാണ്). ഒപ്പം മറ്റു മേഖലകളിൽ ഉള്ള പുസ്തകങ്ങൾ. പൊതു വിഷയങ്ങൾ പരാമർശിക്കുന്ന ലേഖനങ്ങൾ അടങ്ങിയവ. കഥ, കവി, നോവൽ തുടങ്ങിയ ഫിക്ഷൻ വകുപ്പിൽ പെട്ടത്. ശ്രദ്ധിക്കുക. അവസാനം ഷോക്കെയ്സിൽ വെക്കാൻ മാത്രമായിപ്പോകരുത് ഇതൊന്നും . 10-20 മിനുറ്റ് വായിക്കാൻ സമയം കൂടി കണ്ടെത്തണം. അതിനാണിതൊക്കെ. ഇല്ലെങ്കിൽ വയറ് ചാടിയവർ ജിമ്മിൽ 200 കൊടുത്ത്, പിന്നെ അങ്ങോട്ട്തിരിഞ്ഞു നോക്കാതെ ടെലിവിഷന് മുന്നിലിരിക്കുന്ന സ്ഥിതി ആയിപ്പോകും. നമ്മെ സംബന്ധിച്ചിടത്തോളം RT യിലെ ഷെഡ്യൂൾഡ്പ്രോഗ്രാം വായനയ്ക്ക് തടസ്സമെങ്കിൽ ഒന്ന് -രണ്ട് മണിക്കൂർ വായനയ്ക്ക് വേണ്ടി മാത്രം നമ്മുടെ ''വെർച്ച്വൽ പേജ്'' ഒഴിച്ചിടാം. അതൊന്നും വിഷയമല്ല. വായന നടക്കട്ടെ. എല്ലാവരും ഒരുങ്ങണം. മുമ്പൊക്കെ മിക്ക വീട്ടിലും അടപ്പുള്ള കുഞ്ഞു മണ്കുടുക്ക ഉണ്ടാകും. അതിൽ ആയിരിക്കും നാണയങ്ങൾ നിക്ഷേപിക്കുക. വർഷത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം കുടുക്ക പൊട്ടിച്ചു സൂക്ഷിപ്പ്സംഖ്യ എടുക്കും. അത് പോലെയുള്ള എന്തെങ്കിലും ഒരു ഉപായമാകാം ഹോം ലൈബ്രറിക്കും. അല്ലെങ്കിൽ മാസാമാസം ബജറ്റ് വകയിരുത്തുമ്പോൾ ഒരു സംഖ്യ പുസ്തകങ്ങൾക്കു നീക്കി വെക്കാം. ആദ്യം നമുക്ക് വായിച്ചു തുടങ്ങാം. RT അംഗങ്ങൾക്ക് മാത്രം ഉപകാരമുള്ള ഒന്നല്ല; അവരോടു മാത്രവുമല്ല ഒരു നിർദ്ദേശം. സോഷ്യൽ മീഡിയയിൽ ഇടപെടുന്ന എല്ലാവർക്കുമാണ്‌.. യുവ തലമുറ വിഷയത്തിൽ കൂടുതൽ ശ്രദ്ധിക്കുക. ആരാൻ അടിച്ചു കൂട്ടിയ സ്കോറും പറഞ്ഞു എത്ര കാലം നാമൊക്കെ കഴിച്ചു കൂട്ടും ? വായിച്ചും അതിൽ നിന്ന് കിട്ടിയത് പരസ്പരം കൈമാറിയും അറിവ് നേടാം. അറിവില്ലായ്മ കാരണം ''പെടുന്ന'' പേരു ദോഷം ഒഴിവാക്കുകയും ചെയ്യാം. വായിച്ചാൽ വളരും; വായിച്ചില്ലേലും വളരും. വായിച്ചു വളർന്നാൽ നമുക്ക് നല്ലത്. വായിക്കാതെ വളർന്നാൽ ''ഫണ്ണി വോയിസ് & ടെക്സ്റ്റ് മെസ്സേജ്'' ഫോർവേഡുകാർക്ക് ചാകര


No comments: