Tuesday, January 5, 2016

ചിന്താമൃതം

ചിന്താമൃതം

മൂടൽ മഞ്ഞുള്ള പ്രഭാതം; 'കൂടെക്കൂടി''യുടെ കൂടെയാണ് അയാളുടെ പ്രഭാത നടത്തം. മഞ്ഞു കൂടിക്കൂടി വന്നു. അകലെ ഒരു രൂപം; അത് നടന്നടുക്കുന്നു. എന്താണാവോ ? ''ഏതോ ഭീകര ജീവിയായിരിക്കും'' - ഒന്നിച്ചുള്ളവൻ ആശ്വസിപ്പിക്കുന്നതിനു പകരം പറഞ്ഞത്. അയാൾക്ക് ഭയപ്പാടായി. ഒന്ന് കൂടി അടുത്തപ്പോൾ മനുഷ്യരൂപം. ''എന്നാൽ അത് ശത്രു തന്നെ'' കൂടെക്കൂടി അഭിപ്രായപ്പെട്ടു. അയാൾക്ക് ഭയമിരട്ടിച്ചു. ''കയ്യിൽ ഒന്നുമില്ലല്ലോ'' വീണ്ടും ''കൂടെക്കൂടി''. നിരായുധനെന്ന് ചിന്തിച്ചത് അത്കൂടി കേട്ടപ്പോഴാണ്. മനസ്സിൽ പിരിമുറുക്കം. വല്ലായ്ക. വായ വറ്റുന്നു. വാപ്പല്ലുകൾ കൂട്ടിയിടിക്കുന്നു. ആകാശം നീലിമയാകാൻ തുടങ്ങി; മഞ്ഞു വഴിമാറാനും. മാനം വെളുത്തു. സൂര്യൻ കത്തി. മനസ്സിൽ ആശ്വാസം. വരുന്നപരിചിതൻ നിരായുധനെന്നു കണ്ടു. അയാളുടെ കിതപ്പ് കുറഞ്ഞു. അപരിചിതൻ അടുക്കുന്തോറും ''കൂടെക്കൂടി''യുടെ കിതപ്പ് കൂടി. അയാളെ തെറ്റിദ്ധരിപ്പിച്ചതിനു പ്രകൃതി പ്രതികരിച്ചു തുടങ്ങി. മനുഷ്യരൂപം വളരെ അടുത്തെത്തിയപ്പോൾ അയാൾ കെട്ടിപ്പിടിച്ചു, അത് സ്വന്തം സഹോദരനായിരുന്നു ! അനുഭവമില്ലാത്തവർ കുറവ്. ചിലർ ചിലരെ തെറ്റിദ്ധരിപ്പിച്ചത്‌; ചിലരോട് വിദ്വേഷം വളർത്തിയത്. അടുപ്പിക്കാൻ ആഗ്രഹമില്ലാത്തവർ അവരുടെ വാചക കസർത്ത് കൊണ്ട് നമ്മെ അകറ്റി. അടുത്തറിയാൻ നാമപ്പോൾ ശ്രമിച്ചതുമില്ല. പരാന്നഭോജികളെ കരുതിയിരിക്കണം. അവരാണ് നമ്മെ അകറ്റിയത്. അഭിപ്രായം, ആലോചന, ആശയം, ... ഇതെല്ലാവർക്കും ഒന്നാകില്ലല്ലോ. അത് ശഠിക്കുന്നത് വെറും വെറുതെ. അതിന്റെ പേരിൽ ഒരാളെ അടുത്തറിയാതിരിക്കുന്നത് അതിലും വലിയ വെറും വെറുതെ. ''സൗഹൃദം'' എന്ന പദത്തിലൊരു ഹൃദയം ഉണ്ട്. ഹൃത്തിൽ നിന്ന് തുടങ്ങണം ഇനി ഇടപെടലുകൾ. അന്ന് തൊട്ട് മുൻ ധാരണ മാറും, മുൻ വിധിയും. വെയിലിനു മുന്നിൽ മഞ്ഞു പാളിക്ക് കൂടുതൽ പിടിച്ചു നിൽക്കാനാകില്ലല്ലോ.

No comments: