നിരീക്ഷണം
പാഠം ഒന്ന്: പാടം ഒരു പാട്
അസ് ലം മാവില
മധുവാഹിനി പുഴ കഴിഞ്ഞ് മധൂർ പോകുമ്പോൾ ഇരു വശത്തും കുറെ ഒഴിഞ്ഞ സ്ഥലം കാണാം.
വെറുതെ, ഒന്നും ചെയ്യാതെ. നമ്മുടെ ചെറുപ്പകാലത്തിൽ അവ പച്ചപ്പുള്ള പാടങ്ങളായിരുന്നു.
മഴക്കാലം നിന്നാൽ പിന്നെ അവിടെ കന്നും കാളയും കലപ്പയും കർഷകരും ..... കറ്റ തലയിലേറ്റി പോകുന്ന പെണ്ണുങ്ങൾ.
വളവും തോലുമായി കണ്ടത്തിലിറങ്ങുന്ന ആണുങ്ങൾ.
കൊറ്റിയും കാക്കയും കാക്കോത്തിയും കശപിശയും.
നെൽകൃഷി കഴിഞ്ഞാൽ പിന്നെ നട്ടിക്കായ്. ചാലുകീറി കൂട്ട് കൃഷി.
ഒന്നും രണ്ടും മൂന്നും... അവനവന്റെ പ്രയത്നതിനസുരിച്ച് ചാലുകൾ.
ഒരു കോൽ കുണ്ടിൽ വെള്ളം. അവിടെ വറ്റുമ്പോൾ പുഴയിൽ നിന്നും ചാല് കീറി വെള്ളം.
വെണ്ടയും വെള്ളരിക്കയും ബെള്ളച്ചെർങ്ങയും യഥേഷ്ടം.
ആ വിള നിലമാണ് ഇപ്പോൾ കള നിറഞ്ഞു നിൽക്കുന്നത്. കുറെ കാലമായി.
ആർക്കും വേണ്ടാത്തത് പോലെ.
ആരും തിരിഞ്ഞു നോക്കാതെ . മണ്ണ് നമ്മോട് എന്തോ അപരാധം ചെയ്ത്, പേര് ദോഷം വരുത്തിയത് പോലെ.
നാട്ടുകാരുടെ, കൃഷിക്കാരുടെ നിലപാട് അങ്ങിനെയെന്ന് തോന്നിപ്പോകുന്നു.
ഒരു കൂട്ട് കൃഷി ആയിക്കൂടെ ? ആകാം.
വീണ്ടുമൊരു ശ്രമം. കുറച്ചു പേർക്ക്. കുറച്ചു സ്ഥലത്ത്. കളകൾ നീക്കി, ചാലു കീറി, മണ്ണുടച്ച്, വെള്ളം നനച്ചു
...വീണ്ടുമൊരു പച്ചപ്പ്..; ഫലം നൽകുന്ന പാടം. സജീവമാകട്ടെ ആ നിലങ്ങൾ.
വിണ്ടു കീറുന്ന ആ മണ്ണിൻ വിടവിൽ വിത്തുകൾ മുളക്കട്ടെ. മണ്ണിരകൾ തല നീട്ടട്ടെ.
തവളകളും തലനീട്ടിപുഴുക്കളും അവിടെ സന്ദർശകരാകട്ടെ.
കൊറ്റിയും കൊപ്രാ പക്ഷികളും ഇനിയും അവിടെ വരട്ടെ.
ബാക്കി നിലങ്ങൾ നെൽകൃഷിയ്ക്ക് നൽകാമല്ലോ.
പയ്ക്കളും കന്നുകാലികളും ഇന്നും തിന്നുന്നത് പുല്ലും പുണ്ണാക്കും തന്നെയാണ്.
നെൽകൃഷിയില്ലാതെ എങ്ങനെയാണ് പുല്ലുണ്ടാവുക.
അന്വേഷിച്ചാൽ അതിനും ആൾക്കാർ തയ്യാറായി വന്നെന്നു വരാം.
ഒരു ചർച്ച വരും ദിവസങ്ങളിൽ ഉണ്ടാകട്ടെ,
ഇവിടെ മാത്രമല്ല, എല്ലായിടത്തും.
അതിനുള്ള പദ്ധതികൾ കൂട്ടായി ഇരുന്നു സംസാരിക്കട്ടെ. കൃഷി ഭവനും കൃഷി വകുപ്പും എന്തെങ്കിലും പോസിറ്റീവായി പ്രതികരിക്കാതിരിക്കില്ല.
അവ്വൽ സൊബീക്ക് കളസമിട്ട് കൊഴുപ്പുരുക്കാൻ
''ബീർപ്പെട്ടീറ്റ് പായ്ന്നെന്ന്'' നാലാളോട് വീമ്പ് പറയുന്നതാണോ
? അതല്ല, രണ്ടു ചാൽ വെള്ളരിയ്ക്ക് തൂമ്പ എടുത്ത് തടം വെക്കാൻ അതിരാവിലെ
''പോയെന്റെര്ത്ത് പോന്നെന്ന്'' പറയുന്നതാണോ
? ഇവ രണ്ടിൽ ഏതാണ് പാങ്ങ്, കൂടുതൽ പാങ്ങ്.
No comments:
Post a Comment