Tuesday, January 5, 2016

നിരീക്ഷണം

നിരീക്ഷണം 
അസ്ലം മാവില 
കുറച്ചു നീന്തോളജിയൊക്കെ വേണ്ടേ...? പാവം അയാൾ തുഴയുകയാണ്. അടുത്ത ചോദ്യം - ന്ന്ച്ചാൽ മൂന്നാമത്തെ. ''നിങ്ങക്ക് എംബ്രിയൊലൊജി അറിയോ ഇച്ചാ... ? ''ഇല്ല... മാഷ്ട്രെ...''. ''എന്നാൽ നിങ്ങളെ ജീവിതത്തിന്റെ മുക്കാലംസും പൊയീന്ന് കൂട്ടിക്കോ !'' പുള്ളമ്മാരും അവരെ കോളേജിലെ മാഷും ചിരിച്ചു ഒരു ലെവലായി. പുഴയുടെ പകുതിയൊക്കെ പിന്നിട്ടപ്പോൾ തന്നെ തോണി, ആടാൻ തുടങ്ങി. അത്ര പന്തിയില്ലാത്ത ഒരു കാലാവസ്ഥ. തോണിക്കാരൻ, ''കൌക്കോൽ'' ഒരു സൈഡിലെക്കെറിഞ്ഞു, മാടിക്കുത്തി, തിരിഞ്ഞു നോക്കി, പുഴയിലേക്ക്ചാടുന്നതിനു മുമ്പ് എരണം കെട്ട മാഷോടും പുള്ളമ്മാരോടും ചോദിച്ചു: നിങ്ങൾക്ക് ആർക്കെങ്കിലും നീന്തോളോജീ അറിയോ? അവർ മെപ്പട്ട് നോക്കി. ''എന്ത്..ച്ചാ ..'' ''നീന്തൽ...നീന്തൽ....മോനേ ...'' വഞ്ചിക്കാരൻ. മാഷാണെങ്കിൽ കാര്യം മനസ്സിലായി ആകെയൊന്നു പീൽച്ചി, ബെള്ളായ്ച്ചി. ''അറീന്നോന് തുള്ള്റോ....മാഷ്ട്രെ മൂട് നോക്കീറ്റ് കൊണോ ഇല്ലാാ .തോണി മുങ്ങ്ന്ന്...'' ഇങ്ങനെയൊരു കഥ കുറച്ചു വരി മാറ്റി കേട്ടിരിക്കും നിങ്ങൾ
 നീന്തൽ അറിയുക എന്നത് ഒരത്യാവശ്യ ഘടകമാണ്. ആണും പെണ്ണും അറിഞ്ഞിരിക്കണം. നമ്മുടെ ഒരു നാട്ടുകാരി ഈയ്യിടെ രണ്ടു കുട്ടികളെ രക്ഷപ്പെടുത്തി നമ്മുടെ നാടിന്റെ കണ്ണിലുണ്ണിയായ വാർത്ത ഏതാനും ദിവസങ്ങൾ മുമ്പാണ് നാം വായിച്ചത്. എത്ര പേർ അവരെ കുറിച്ച് അഭിമാനത്തോടെ പറഞ്ഞിരിക്കും. അതുമായി ബന്ധപ്പെട്ട ഒരു വാർത്ത എപ്പക്കണ്ടാലും നമ്മൾ ഒന്ന് ഉറക്കെ വായിക്കും; പിന്നെ പത്രം മടക്കി, ആബിദയുടെ ധീരകൃത്യം പറഞ്ഞു തുടങ്ങും. തലമുറകളിൽ കൂടി അത് ഒരു ''അമാനത്'' പോലെ കൈമാറിയേക്കാം. ധീരതയും ധീരരും നമ്മുടെ മനസ്സിൽ അങ്ങിനെയാണ് ഇടം നേടുന്നത്.
നമ്മുടെ കുട്ടികൾക്ക് എത്ര പേർക്ക് നീന്തൽ അറിയാം ? മാതാപിതാക്കളുടെ അറിവോടെ എത്ര പേർ നീന്തൽ പഠിക്കാൻ പോയിട്ടുണ്ട് ? വളരെ തുച്ഛം. ചിലരുടെ വിചാരം നീന്തൽ ഇങ്ങനെ ഒള്ളക്കുഞ്ഞി - മൊതളെക്കുഞ്ഞിനെ പോലെ ജന്മനാ അറിയുന്ന ഒരേർപ്പാട് എന്നാണ്. മഹാനാണ് പിള്ളേർ വന്ന് ''ഉപ്പാ.. നീന്താൻ പഠിക്കാൻ പോട്ടാ...''ന്നു ചോദിക്കുമ്പോൾ നിരുത്സാഹപ്പെടുത്തുന്നത്. ''പോന്നാ....ഏട്ക്ക് പോന്നേ ..കൊന്ന്റൂ ...'' കൊലവിളി തുടങ്ങുന്നതോടെ പിള്ളേർ ശ്രമം ഉപേക്ഷിക്കും. പൊസ്തകം വായിച്ചു കിട്ടുന്ന പരിശീലന ഐറ്റമല്ലല്ലോ നീന്തൽ . മൊയ്-ലാളി മക്കൾ ഇതിൽ നിന്ന് ഒഴിവുമല്ല. നീന്തൽ പരിശീലിച്ചെടുക്കേണ്ട ഒന്നാണ്. ഒരു വട്ടം പഠിച്ചാൽ മതി. പിന്നെ എങ്ങനെ വെള്ളത്തിൽ വീണാലും ''ഉസ്ര്'' ഉണ്ടെങ്കിൽ പൊങ്ങിക്കോളും. അറിഞ്ഞിടത്തോളം നമ്മുടെ പുഴയിൽ ഉടനെ ചിറ കെട്ടും. വെള്ളം തളം കെട്ടും. നീന്തൽ പരിശീലനത്തിന് ഒരു നല്ല ഇടം അങ്ങിനെ കൈവരും. നാട്ടിൽ നീന്തൽ പഠിച്ച മുതിർന്നവർ ഉണ്ടാകുമല്ലോ . അവർ കുറച്ചു പേർ ഇതിനായി വൈകിട്ട് ഒന്ന്-രണ്ടു മണിക്കൂർ ഉത്തരവാദിത്വത്തോടെ ഇറങ്ങി തിരിക്കണം. പരോപകാരം. കൂട്ടത്തിൽ വ്യായാമം. ഇവിടെ അറബികളൊക്കെ പറയും ഏറ്റവും നല്ല വ്യായാമം നീന്തൽ പോലും. (അവിടെയും ഇങ്ങനെത്തന്നെ പറയുമായിരിക്കും അല്ലേ ..?). ഇതൊരു ചെലവുള്ള പരിപാടിയേ അല്ല. കവലയിൽ ഒരു നോട്ടീസ്. ഒരു രെജിസ്റ്റ്രെഷൻ ബുക്ക് . ചെറിയ ഒരു ഫീസ്‌...; വെള്ളിയാഴ്ച പള്ളീലൊന്നു സൂചിപ്പിച്ചാൽ ഭേഷായി. ഇന്നിപ്പോൾ അനങ്ങിയാൽ വാട്സാപ് ഗ്രൂപ്പല്ലേ. അതിലും പരസ്യപ്പെടുത്താം. എത്ര ക്ലബ്ബുകൾ, സന്നദ്ധ സംഘടനകൾ ..നമ്മുടെ നാട്ടിൽ ഉണ്ട്. ഒന്ന് വഴിക്ക് ആലോചിക്കൂ? മൊഗ്രാൽ പുതൂരോക്കെ ഇതിനായി കമിറ്റഡ്ആൾക്കാർ ഉണ്ട്. പെണ്ണുങ്ങൾ വെള്ളത്തിൽ വീണാൽ താഴില്ല എന്നൊരു അന്ധവിശ്വാസം ഉണ്ട്. ശരിയല്ല. അത് കൊണ്ട് അവരും പഠിക്കണം, ലേഡീസ് ട്രൈനെര്സോ, ഉപ്പയോ സഹോദരനോ....ആരായാലും, അവർക്കൊക്കെ പെണ്കുട്ടികളെയും പരിശീലിപ്പിക്കാമല്ലൊ. സേവന പ്രവർത്തനങ്ങൾ ചെയ്യുന്ന എല്ലാ വാട്സാപ് ഗ്രൂപുകൾക്കും ഇന്നത്തെ ''നിരീക്ഷണം'' സമർപ്പിക്കുന്നു.
ബാറ്റിച്ചത് : ഇതൊരി പുള്ളറെ കളി ആയിപ്പോണ്ടാ...എനിക്ക് ട്രെയിനർമാരോട് പറയാനുള്ളത് - പൊയക്ക് കീഞ്ഞത്ര ആള്, പോയേന്ന് മീത്തേറൊമ്പോഉം ഇണ്ടാണം.

No comments: