Tuesday, January 5, 2016

Nireekshanam OK

നടക്കുമെങ്കിലും ഇല്ലെങ്കിലും
സുമനസ്സുകൾ വായിക്കാൻ

അസ്ലം മാവില

ഒരു നാടിന്റെ ഫെസ്റ്റിവൽ. രണ്ടു- മൂന്ന് ദിവസങ്ങൾ നീണ്ടു നിൽക്കുന്നത്. കൃത്യമായ പ്ലാനിങ്ങിൽ. ചിട്ടപ്പെടുത്തിയ പ്രോഗ്രാമോടെ. വർഷാ വർഷം. നമ്മുടെ നാടിന്റെ ഒരു ഫെസ്റ്റിവൽ. വേറൊരു നാട്ടിലേയോ പട്ടണത്തിലെയോ രാജ്യത്തേയോ ഫെസ്റ്റിവലിനോട് താരതമ്യം ചെയ്യാതെ കൊക്കിലൊതുങ്ങുന്ന ഒന്ന്. എല്ലാവരും ഉത്സാഹിച്ചും ഉണർവ്വിലും നടത്തുന്ന ഒരു മേള. എല്ലാവർക്കും ഒന്നിച്ചു കൂടാൻ, എല്ലാ അഭിപ്രായ വ്യതാസങ്ങളും മാറ്റിവെച്ച് ഒരു കുടക്കീഴിൽ, ഒന്നൊത്തു കൂടാൻ. നമുക്കും നമ്മുടെ കുട്ടികൾക്കും ഒന്നിക്കാൻ, ഒരുമിച്ചു കൂടാൻ, ഒരു സന്ദർഭം. വേദി. അവസരം. അതിനൊരു ഉത്സവം. നാട്ടുത്സവം. നല്ല നേതൃത്വം. പരമാവധി പേരെ സഹകരിപ്പിച്ച്; നല്ല ഹോം വർക്ക് നടത്തി; ഒരു കുടക്കീഴിൽ; ലൂപ് പോയിൻറ് മാക്സിമം അടച്ച്. നാടിന്റെ സാഹചര്യങ്ങൾ മനസ്സിലാക്കി. തടസ്സങ്ങൾ ഒഴിവാക്കി..... നമ്മുടെ കുട്ടികളുടെ ഒഴിവു ദിനങ്ങൾ നോക്കി; പരീക്ഷ ഇല്ലാത്ത സമയം കണ്ടെത്തി; അന്ന് വേറൊരു ചടങ്ങും ഇല്ലാത്ത രൂപത്തിൽ. നാടിന്റെ സാംസ്കാരിക ഉത്സവം. ആർക്കും മാറി നിൽക്കാനാവാത്ത ഒന്ന്. അതിനു പറ്റിയ ഒരു പേരിൽ. മനസ്സിൽ മാറാതെ നിൽക്കുന്ന ടൈറ്റിൽ. അതിൽ എല്ലാം ഉണ്ടാകണം. വന്ദ്യ വയോധികരെ ആദരിക്കുന്ന ചടങ്ങ്. വിട്ടു പോയവരെ അനുസ്മരിക്കുന്ന വേദി. കഥ പറച്ചിൽ, കവിയരങ്ങ്, ഗാനമേള, വിവിധ സാംസ്കാരിക സദസ്സുകൾ. പെയിന്റിംഗ്, കാർടൂണ് പ്രദർശനം, ചർച്ചകൾ, സംവാദങ്ങൾ, കൊച്ചു കൊച്ചു പദ്ധതികളുടെ ഡെമോ, വിവിധ സൌഹൃദ മത്സരങ്ങൾ. അതും ഇനം തിരിച്ച്. കരകൌശല പ്രദർശനം. രുചികൂട്ടുകൾ. വിവിധ വില്പന ശാലകൾ. നാടൻ ഭോജനശാലകൾ. കർഷക സംഗമം. സ്പോര്ട്സ് മീറ്റ്. പ്രതിഭകളെ അനുമോദിക്കൽ, ബാച്ച് മീറ്റ്, കൂട്ടത്തിൽ ഒരു ഗ്രാമ സഭ. സ്കൂളുകളിൽ യുവജനോത്സവങ്ങൾ, പഞ്ചായത്ത് കലോത്സവങ്ങൾ എല്ലാം നടക്കാറുണ്ട്. എല്ലാവരും അതിൽ പങ്കെടുക്കാറുമുണ്ട്. സജീവമുമാകും. അതിലൊന്നും നാം നടേ പറഞ്ഞതൊന്നും വരില്ല. അതൊക്കെ വെറും ആടലും പാടലുമായി ഒതുങ്ങുന്നു. ഒരു ഗ്രാമത്തിന്റെ മണമുള്ള ഫെസ്റ്റിവൽ ആകില്ല; അതിനടുത്ത് വരില്ല, അവയൊന്നും. പ്രവാസ ജീവിതം തേടി പോയവർ. കല്യാണം കഴിഞ്ഞു ഭർതൃവീടുകളിൽ പോയവർ. എപ്പോഴാണ് അവർക്ക് കൂടെ പഠിച്ചവരെ കാണാൻ പറ്റുന്നത്? അവരുടെ മക്കളെ ഒന്ന്പരിചയപ്പെടുക? ഒരിക്കലും അതിനു സാഹചര്യമില്ല. അവരുമൊരിക്കലും കണ്ടു മുട്ടിയിട്ടില്ല. അതിനൊക്കെ ഒരു പരിധി വരെ പരിഹാരം. ഒഴിവു ദിവസങ്ങൾ അങ്ങോട്ട് അഡ്ജസ്റ്റ് ചെയ്ത്. കാണാനും സൗഹൃദം പുതുക്കാനും... ചർച്ച ആകാം. എല്ലാ ഗ്രൂപ്പുകളിലും അതാകാം. തിരക്ക് എല്ലാവർക്കും ഉണ്ട്. അതൊക്കെ ഒരൽപ്പം മാറ്റി, നാട്ടുകാരും നാട്ടുകാരായ പ്രവാസികളും ചർച്ച ചെയ്യട്ടെ. ഒരു ദിവസം കൊണ്ടൊന്നും ചർച്ച ചെയ്ത് തീരുമാനിക്കേണ്ട വിഷയവുമല്ല. ഒരു പോസിറ്റീവായ ചിന്ത കൈ മാറി. ഒന്നുമായില്ലെങ്കിൽ അതെങ്കിലും സുമനസ്സുകളിൽ ഉത്സവച്ഛായ ഉണ്ടാകട്ടെ. ഒരു ഗ്രാമം ഒന്നിച്ചു സന്തോഷിക്കുന്ന കുറച്ചു ദിവസങ്ങൾ സ്വപ്നമെങ്കിലും കാണാമല്ലോ.



No comments: