Tuesday, January 5, 2016

നിരീക്ഷണം

നിരീക്ഷണം
അസ്ലം മാവില
ഏറ്റവും പ്രധാനം രണ്ടു പ്രധാന ആവശ്യങ്ങൾ കഴിഞ്ഞ ദിവസം തിരഞ്ഞെടുക്കപെടുന്ന അംഗങ്ങളുടെ മുന്നിൽ നാം വെച്ചു. അതിനർത്ഥം മറ്റുള്ളവയ്ക്ക് പ്രാധാന്യമില്ല എന്നല്ല. ഒന്ന് വെയ്സ്റ്റ് മാനേജ്മെന്റ്റ്. മറ്റൊന്ന് ലൈബ്രറി. രണ്ടു ശ്രദ്ധ അർഹിക്കേണ്ടത്. ഒരു പക്ഷെ നമ്മുടെ ശ്രദ്ധയിൽ പെടാത്തതാണോ ? അതല്ല വേണ്ടെന്നു വെച്ചതാണോ വെയ്സ്റ്റ് മാനേജ്മെന്റ്റ് - അവശിഷ്ട കൈകാര്യ കർതൃത്വം ? അതിൽ നമുക്കിപ്പോൾ ആകെ അറിയുന്ന ഒരു മാനേജ്മെന്റ്റ് പുഴയിൽ തള്ളുക എന്നതാണ്! അന്യസംസ്ഥാനങ്ങിൽ നിന്ന് ഇവിടെ വന്നു ജീവിതം കഴിക്കുന്നവർക്ക് വരെ ഒരു നിർബന്ധഏർപ്പാട് എന്ന് വരെ തോന്നിത്തുടങ്ങിയിട്ടുണ്ട് - പുഴയിൽ കച്ചറ തട്ടൽ. കേളിഗുഡ്ഡയിൽ ഒരേർപ്പാടുണ്ട് - അവശിഷ്ടം മുൻസിപ്പാലിറ്റിക്കാർ ഒരു പ്രദേശത്ത് കുന്ന് കൂട്ടുക . കാക്കയും പൂച്ചയും പെരുച്ചാഴിയും മൂക്ക് പൊത്തിയാണ് പോലും വഴി പോകുന്നത്. നാം മത്സ്യങ്ങൾക്കും പുഴയിലെ ജീവജാലങ്ങൾക്കും മൂക്ക് പൊത്താൻ വഴിയൊരുക്കുന്നു. കഷ്ടം ! പുഴയ്ക്ക് തൊട്ടു കിടക്കുന്ന വീടുകളിൽ കുഞ്ഞു മക്കൾ ചൊറിയും ചിരങ്ങും പിടിച്ചാൽ ''ഞമ്മക്കെന്ത്'' ? പകർച്ച വ്യാധി ഒന്നോ രണ്ടോ വീട്ടിൽ ഒതുങ്ങുന്നതല്ല; നാട്ടിൽ ചില രോഗങ്ങൾ തല പൊക്കിക്കഴിഞ്ഞു ! മാറണം; വെയ്സ്റ്റ് മാനേജ്മെന്റിന്റെ ചർച്ച നടക്കണം; ആരോഗ്യ അധികൃതരെ, ചെറുകിട വ്യവസായ സംരംഭകരെ ഉൾപെടുത്തി പത്തു വീടുകൾക്ക് ഒരു യൂനിറ്റ് വീതം ഉണ്ടാകുന്ന രൂപത്തിലുള്ള ഒരു സംരംഭം ആലോചിക്കണം. ഇത് വളമായും പാചക വാതകമായും ഉപയോഗിക്കുന്നവരെ കണ്ടു നാം പഠിക്കണം. രണ്ടാമത്തേത്, ലൈബ്രറി. നാട്ടിൽ .എസ് . തുടങ്ങി വെച്ചത്. ഇടയ്ക്ക് നിന്നു . ഇപ്പോൾ പടല ലൈബ്രറി നന്നായി നടത്തി കൊണ്ട് പോകുന്ന വായന ശാല. അതിപ്പോഴും ഒരു വാടക കെട്ടിടത്തിൽ. ഇനി ഒരു ഗ്രന്ഥ ശാല അത്യാവശ്യം. സ്വന്തമായ കെട്ടിടം. വായുവും വെളിച്ചവും കടക്കുന്ന മുറികളോട് കൂടിയ ബിൽഡിംഗ്. വായന, ചർച്ച , എഴുത്തുകാരുടെ സായാഹ്നം ...ഒരു പാട് പുസ്തകങ്ങൾ. ഒരു കാര്യം കൂടി : നാം മാറുന്നു; ഇടപെടലുകൾക്ക് പുതിയ മാനം കൈ വരുന്നു. ഭിന്ന സ്വരങ്ങളിലെ സൌന്ദര്യം ആസ്വദിക്കാൻ നാം പഠിച്ചു കഴിഞ്ഞു. ഐക്യപ്പെടലിന്റെ കാഹളമൂത്ത് കേട്ട് കഴിഞ്ഞു. കൈ മുന്നോട്ട് വരുന്നത് - ആലിംഗനത്തിനാണ്. CP, RT പോലുള്ള കൂട്ടായ്മകൾ. നക്ഷത്രങ്ങൾ അല്ല; ജ്വലിക്കുന്ന സൂര്യനും നിലാവ് തരുന്ന ചന്ദ്രനുമാണ്. അത് പോലുള്ള സൂര്യ ചന്ദ്രന്മാർ കാലം സമ്മാനിക്കുമ്പോൾ കൈ നീണ്ടേ തീരൂ - മെയ് മറന്നു സ്വീകരിക്കാൻ. അത് കൊണ്ട് നന്മ തിരിച്ചറിയണം. തെരഞ്ഞെടുക്കപെടുന്ന അംഗം/ അംഗങ്ങൾ അവ തിരിച്ചറിയുമെന്ന് കരുതാം. അസ്ലം മാവില

No comments: