Tuesday, January 5, 2016

കുട്ടിക്കാല കുസൃതി ക്കളികൾ

കുട്ടിക്കാല കുസൃതി ക്കളികൾ

മാവിലേ യൻ വില്ലെര്സ് പമ്പ് സെറ്റ് എപ്പോഴും എനിക്ക് ഒരു മാതിരി ആയിരുന്നു. അന്ന് മിക്ക കവുങ്ങിൻ തോട്ടത്തിലും ഒരു സെറ്റ് കാണും. ജലസേചന ആവശ്യത്തിന്. ഉള്ളത് പറയാലോ - ഞാൻ ആദ്യമൊക്കെ വിചാരിച്ചതും ഇതായിരുന്നു. എന്നെ ഒരു വിളവൻ സൗകു പറ്റിച്ചതായിരുന്നു. ഞങ്ങൾക്ക് ഒരു ചെറിയ കമുകിൻ തോട്ടമുണ്ട്. അവിടെയുള്ള കാര്യങ്ങൾ നോക്കുന്നത് ബാബ്വേട്ടൻ. അത് കഴിഞ്ഞ് കിഷ്ണേട്ടൻ ചാർജ് ഏറ്റെടുത്തു. ഇവർ രണ്ടു പേരും ജേഷ്ടാനുജന്മാരുടെ മക്കൾ. കണ്ണെടുത്താൽ കണ്ടു കൂടാത്തതാണോ എന്നറിയില്ല. അവർ അത്ര നല്ല ഒരു ടേംസ് ആയിരുന്നില്ല. ഇപ്പോഴും ഉണ്ടോ എന്നറിയില്ല; ആരുടെയെങ്കിലും വീട്ടിൽ പഴയ ഒരെണ്ണം കാണും. സ്ഥലവും പറഞ്ഞു തരാം. അവിടെ തപ്പിയാൽ മതി. പഴയ വെണ്ണീര് ഇടുന്ന കോഴിക്കൂടിന്റെ ബാക്ക് സൈഡ്. ഇല്ലെങ്കിൽ അട്ടത്ത് കാലൊടിഞ്ഞ പത്തായത്തിന്റെ ഇടുങ്ങിയ മൂലയിൽ, അതുമില്ലെങ്കിൽ കാലിത്തൊഴുത്തിന്റെ അങ്ങേ മൂല... ഒന്ന് രണ്ടു പേരെ കൂടെ കൂട്ടണം അത് തപ്പാനായി ഇറങ്ങുമ്പോൾ. ഇല്ലെങ്കിൽ അത് ഇങ്ങോട്ട് ദേഷ്യത്തിൽ ചോദിച്ചേക്കും - ''എന്ത്രാ ...ചത്തിനാന്ന് നോക്കാൻ ബന്നതാ....'' പമ്പ് സെറ്റിന്റെ ഒരു കോലം സിണ്ടികേറ്റ് ബാങ്കിന്റെ പരസ്യത്തിൽ കാണുന്ന പട്ടിയുടെ ഇരുത്തമാണ്. ഇതിനു രണ്ടു ഭാഗങ്ങൾ ഉണ്ട്. ഒന്ന് മോട്ടോർ. മറ്റൊന്ന് ഹോസ് അടക്കമുള്ള സ്റ്റാന്റ്. ഇതിൽ രണ്ടോ മൂന്നോ ഗ്രീസ് തള്ളാനുള്ള കണ്ടയിനർ ഉണ്ട്. ഞങ്ങൾ അന്ന് ഉപ്പാന്റെ അമ്മാവന്റെ വീട്ടിന്നാണ് ആഴ്ചയിൽ ഒരിക്കൽ പമ്പ് കൊണ്ട് വരിക. എന്റെ വലിയ സന്തോഷം ബാബേട്ടൻ ഇത് തലയിൽ വെച്ച് തോട്ടത്തിൽ പോകുമ്പോൾ പിന്നാലെ ഒരു കുഞ്ഞു മൊയലാളിയുടെ ഭാവത്തിൽ നടക്കുക. രണ്ടു നടത്തം നടക്കും പുള്ളി. രണ്ടാമത്തെ നടത്തം പൈപ്പ് കൊണ്ട് വരാൻ വേണ്ടി ആയിരുന്നു. ഇന്നത്തെ പോലെ പച്ച പൈപ്പൊനുമല്ല. ഒരു കറുമ്പൻ പൈപ്പ്. അത് നല്ല ഒന്നൊന്നര മീറ്റർ റേഡിയസി ചുരുട്ടി കവുങ്ങിന്റെ ബാരികണ്ടം അതിന്റെ മധ്യ ഭാഗത്ത്വെച്ച് കെട്ടി പുള്ളിക്കാരൻ അത് തോളത്തു ഇട്ടു നടക്കും. ഒരറ്റം തുറന്നും മറ്റേയറ്റം ചെറിയ സുഷിരങ്ങളോടെ അടഞ്ഞും- ഇതിനു ബാബേട്ടൻ പറഞ്ഞു തന്നത് - കൂട്ബോൾ. ഞാൻ എന്റെ ഒരു ജിജ്ഞാസയിൽ അന്ന് ചോദിച്ചു - അങ്ങനെ പേറ് ബന്നെങ്ങനെ...? അയിനു ബാബേട്ടൻ മുറുക്കാൻ തുപ്പിയ വായിൽ എന്തോ പറഞ്ഞു. എന്റെ കൂട്ടുകാരൻ സൗകു പോയി ഒന്നൂടെ ചോദിച്ചു . അത് ...കൂട് പോൽത്തെ ബോൾ അല്ലപ്പാ ? അയിനോണ്ട്...ആഗേ. ഞാൻ അന്ധവിശ്വാസം കുറെ കൊല്ലം വെച്ച് കൊണ്ട് നടന്നു. ഒരു ദിവസം ഞാൻ ഒരു തീരുമാനത്തിൽ എത്തി. ബാബേട്ടൻ രണ്ടു വട്ടം പോയി വരുമ്പോൾ കമ്പനിക്ക് നഷ്ടം. അത്രേം നടത്തം തോട്ടത്തിൽ പണി നടക്കില്ല. അപ്പോൾ നടത്തം ഒറ്റ വട്ടമാക്കാം. പമ്പ് പുള്ളിക്കാരന്റെ തലയിൽ ; പൈപ്പ് എന്റെയും സൌകുന്റെയും തോളത്ത്. ശരിക്ക് എന്നോട് തന്നെ ചെറു പ്രായത്തിൽ ഒരു ഒരു അസൂയ തോന്നിപ്പോയി -ഐഡിയ കൊള്ളാലോ ! ബാബെട്ടനോട് പറഞ്ഞു, പൈപ്പ് ഞങ്ങൾ കൊണ്ട് പോകാം. ''നിങ്ങക്ക് ആഗേലാ ..ക്ടാക്കോ..'' ഞങ്ങളുടെ നിർബന്ധത്തിനു വഴങ്ങി ബാബേട്ടൻ സമ്മതിച്ചു. ''കൂട്ബോൾ ഞാൻ ... '' സൗകു അവന്റെ സ്വഭാവം കാണിച്ചു. അതിനു സമ്മതിചില്ലെങ്കിൽ അവൻ പൈപ്പ് പൊക്കില്ലെന്ന്. കുറച്ചു വെയ്റ്റ് കുറവുള്ള ഭാഗമാണ് അത്. അവസാനം ഞാൻ മൂളി. പള്ളിയൊക്കെ കഴിഞ്ഞ് വരമ്പിൽ കൂടി എത്തുന്നത് വരെ സേവ് ചെയ്ത സമയം ബാബെട്ടനെ കൊണ്ട് സോഗ പെറുക്കിക്കണോ അതല്ല കറുവട്ടെ അടക്ക പെറുക്കിക്കനൊ അപസർപ്പകഥകൾ പറയിപ്പിക്കണോ .....ഇങ്ങനെ ഇങ്ങനെ ചിന്ത. പെട്ടെന്ന് പൈപ്പിന് ഒരു അനക്കം. ''സൗകൂൂ ...അന്ക്കണ്ടോനേ ...'' ''അന്കീറ്റ്ലോനെ.....'' വീണ്ടും അനക്കം. എനിക്ക് ദേഷ്യം വന്നു. ഞാൻ വെറുതെ അതിനിടക്ക് പൈപ്പിന്റെ തുറന്ന ഭാഗത്ത് വെറുതെ ഊതിയതാ.....''യാ ..ഉമ്മാാാ ........'' എന്റെ നിലവിളി ചെന്നിക്കൂടൽ വരെ കേട്ടിരിക്കും. (കേട്ടു എന്ന് ചിലർ പറഞ്ഞതായി റിപ്പൊർട്ട് ഉണ്ട് ) ബാബേട്ടൻ അടക്കം, ഇരു ഭാഗത്തുള്ള കണ്ടത്തിൽ വീണിട്ടുണ്ട്. വില്ലെർസ് പമ്പ് രണ്ടു ഭാഗമായി രണ്ടു സൈഡ്. പൈപ്പിനകത്തു വീർപ്പ് മുട്ടുകയായിരുന്ന ചേര കൂളായി നെൽചെടികൾക്കിടയിൽ ഒരു കൂസലുമില്ലാതെ ശൂന്ന് പോയി...

No comments: