Tuesday, January 5, 2016

ചിന്താമൃതം

ചിന്താമൃതം

 ''എന്റെ മകൾ വിവാഹം കഴിഞ്ഞ് കുറച്ചു മാസങ്ങളേ ആയുള്ളൂ. ചെറിയ സ്വരച്ചേർച്ചയില്ലായ്മ പോലെ തോന്നുന്നു. അവളോട്പറയാൻ നിങ്ങൾക്ക് എന്തെങ്കിലും.....'' ഒരു പരിചയക്കാരന്റെ ഗദ്ഗദം. അയാളുടെ കണ്ണുകളിൽ കടലോളം വെള്ളം. കണ്ണുകൾ സൂക്ഷിച്ചു നോക്കി. അതിലാ അരുമ-മകൾ കാറ്റിലും കോളിലും ആടിയുലയുന്നത് കണ്ടു- ജീവിത-നൌകയിൽ. നിങ്ങൾ പലപ്പോഴും ദാരുണ ദൃശ്യം കണ്ടിട്ടുണ്ട്; അനുഭവിച്ചിട്ടുണ്ട്. കുറഞ്ഞത്കേട്ടിട്ടെങ്കിലും -പ്രത്യക്ഷമായി, പരോക്ഷമായി. ജീവിതത്തിന്റെ ഊടുവഴിയിൽ നിങ്ങളോട് അയാൾ ചോദിച്ചപ്പോൾ പകച്ചു നിന്നിട്ടുണ്ട്. പല നിർദ്ദേശങ്ങളും ഉപദേശങ്ങളുമാണ് മറുപടിയായി നിങ്ങൾ നൽകിയത്. ഒന്നുകിൽ അയാളുടെ പെങ്ങളുടെ, മകളുടെ, ബന്ധുവിന്റെ-കൂട്ടുകാരിയുടെ -അയൽക്കാരിയുടെ കാര്യത്തിൽ ..അല്ലെങ്കിൽ നിങ്ങളുടെ തന്നെ ബന്ധു മിത്രാദികളുടെ കാര്യത്തിൽ ... നിങ്ങൾ കൊടുത്തത് നല്ല നിർദേശങ്ങൾ ; നല്ല ഉപദേശങ്ങൾ. പക്ഷെ അവയൊന്നും അവിടെ അത്രകണ്ട് ഏശിയില്ല. ഭർത്താവിന്റെ രുചി, അഭിരുചി, ഇഷ്ടങ്ങൾ, ഇഷ്ടക്കേടുകൾ ...അതൊന്നു അറിയാൻ ശ്രമിക്കൂ. ആത്മാർഥമായി തന്നെ. ഓർക്കാൻ, ഓർമ്മിക്കാൻ ഒരു കുറിപ്പ് ഉണ്ടാക്കി വെക്കൂ. അതറിഞ്ഞു മുൻകൂട്ടി ചെയ്യാൻ, ചെയ്തു കൊടുക്കാൻ . ഇതിനോളം വരുന്ന ഒറ്റമൂലിയില്ല. അന്ന് അവിടെ മഞ്ഞുരുകും. മനസ്സുകൾ ഇണങ്ങും. പിണക്കം മാറും. പിരിമുറുക്കങ്ങൾ ഇല്ലാതാവും. ബന്ധം വിരുന്നൂട്ടും. ബന്ധനങ്ങൾ അപ്രതക്ഷ്യമാകും. ജീവിതം പൂവാടിയാകും. പൂവും പൂമ്പാറ്റയും നിങ്ങളായി മാറും. ദാമ്പത്യത്തിന്റെ പരിമളം പതിവിൽ കഴിഞ്ഞു വീശും. സുഖവും ദുഖവും പരസ്പരം പങ്കിടും. ഇരുപത്തഞ്ചു കൊല്ലമായി കുടുംബജീവിതം നയിക്കുന്ന ദമ്പതികൾ. അവരിൽ സ്വരച്ചേർച്ച . പ്രിയതമന്റെ ചായയ്ക്കെത്ര മധുരം നൽകുന്നുവെന്ന കുറിപ്പുകാരന്റെ ചോദ്യത്തിന് മുന്നിൽ ഉത്തരമില്ല ! 25 സെക്കന്റിൽ അറിയേണ്ടത് 25 കൊല്ലമായിട്ടും തിട്ടമില്ല.ശ്രദ്ധിച്ചില്ല; പരിഗണിച്ചില്ല. അതത്ര കാര്യമാക്കിയില്ല. അവൾ ഇന്ന്മാറി; ആപാദചൂഡം. പ്രിയതമൻ ആഗ്രഹിക്കുന്നതിന് മുമ്പ് എല്ലാം തയ്യാർ. അയാളുടെ ഇഷ്ടവും വിമ്മിഷ്ടവും അവൾ മനസ്സിലാക്കി. അതിനനുസരിച്ച് മുൻകൂട്ടിയുള്ള തയ്യാറെടുപ്പ്. മക്കളിലും അതിന്റെ പ്രതിഫലനം. 25 വർഷത്തിനു ശേഷം അവൾ പ്രിയതമന്റെ ചായയുടെ മധുരമറിയുന്നു - ജീവിതത്തിന്റെ മധുരവും.

No comments: