Tuesday, January 5, 2016

കുട്ടിക്കാലകുസൃതിക്കണ്ണുകൾ


മാവിലേയൻ

അന്നൊക്കെ സ്കൂളിലെ യൂണിഫോം വെള്ള കുപ്പായം, നീല ട്രൌസർ ആണ്കുട്ടികൾക്ക്, ട്രൌസറിന് പകരം പാവാട പെണ്കുട്ടികൾക്ക്. വെള്ള നിറം എന്നാണ് പറച്ചിൽ. ശരിക്കും അത് ഓഫ്-വൈറ്റാണ്. കുറച്ചു മങ്ങിയത്. എന്നാണോ ടൈലർ തയ്ച്ച് തന്ന് ഞങ്ങൾ ധരിച്ചത് ദിവസം മാത്രമേ വെള്ള നിറം ഷർട്ടിൽ കാണൂ. അന്ന് വൈകുന്നേരം സ്കൂളിന്നു വീട്ടിൽ വരുമ്പോഴേക്കും ഒരു കോലമായിരിക്കും. അന്ന് വൈകിട്ട് യൂണിഫോമിൽ തന്നെയാണ് കബഡിയും പല്ലിക്കുത്തും. സ്കൂൾ വിട്ട് വീട്ടിലേക്ക്തിരിച്ചു പോയാൽ ഒരു പക്ഷെ ഉമ്മ-മാർ സൌകൂസിനെ ശബ്ദം കൊണ്ട് തിരിച്ചറിഞ്ഞാലായി. അമ്മാതിരി ഒരു ''മണ്ണുക്കുടുമ്പെ'' ആയിട്ടായിരിക്കും കുട്ടികൾ വീട്ടിലെത്തുക. ചിലർ പുഴയിൽ ഒരു മുങ്ങിക്കുളിയൊക്കെ പാസ്സാക്കി പോകും. ഇവരുടെ മുങ്ങിക്കുളി മൂലം നമ്മുടെ അണക്കെട്ടിന്റെടുത്ത്നിന്ന് കലങ്ങിയ വെള്ളം മൊഗ്രാൽ വരെ ഉണ്ടാകും (എന്നാണ് എന്റെ ഒരു നിഗമനം , നിങ്ങൾ ബഹളം വെക്കരുത്, വേണമെങ്കിൽ അത് മായിപ്പാടി വരെ കുറയ്ക്കാം ). കൂട്ടത്തിൽ പറയട്ടെ, ഒരിക്കൽ കൂടി വെള്ള നിറം സ്കൂൾ യൂണിഫോമിൽ കാണണമെങ്കിൽ അടുത്ത ചിങ്ങ മാസത്തിൽ പുതിയ യൂണിഫോം തയ്ച്ചു കിട്ടണം. (ഇതിന്റെ ബാക്കി പിന്നെ ഒരിക്കൽ പറയാം) പറങ്കി മാവ് പൂക്കുമ്പോഴാണ് കുപ്പായത്തിന്റെ നിറം പിന്നൊരു രൂപത്തിലാകുന്നത്. കശുമാങ്ങ പഴുക്കുന്നതോടെ കുപ്പായത്തിൽ പല ഭൂപടവും പ്രത്യക്ഷപ്പെടും. യു. ., ബഹറിൻ മിക്കതും ഗൾഫ് രാജ്യങ്ങളുടെ ഒരു കോലം. കഴുമാങ്ങ ഓരോരുത്തനിങ്ങനെ ''ചക്കേപ്പം'' കിട്ടിയത് പോലെ തിന്നും ചവച്ചും സ്കൂളിൽ വരും; പോകുമ്പോഴും ഇതെന്നെ പണി. ഇതിന്റെ നീര് ''കോർത്തി''ന്റെ കുപ്പായത്തിൽ വീണാൽ പിന്നെ പോകാൻ വലിയ പ്രയാസമാണ്. കശുമാങ്ങ പഴുക്കുന്നതോടെ ക്ലാസ്സിൽ രണ്ടു തരത്തിലുള്ള ചൂരമടിക്കും. ഒന്ന് പഴത്തിന്റെ; മറ്റൊന്ന് മണ്ണെണ്ണയുടെ. മണ്ണെണ്ണ മണക്കാൻ കാരണമിതാണ്‌ : ചില സൌകുമാർ കുപ്പായത്തിൽ കശുമാങ്ങനീരിന്റെ കറ പോകാനായി തലേ ദിവസം രാത്രി മണ്ണെണ്ണയിൽ ഉരച്ചു കഴുകും. ഇതെവിടെന്നു പോകാൻ ? മണ്ണെണ്ണ അതിന്റെ സ്വഭാവം കാണിച്ചു കുപ്പായം മൊത്തം ഒലിച്ചിറങ്ങും. ചില വിരുതന്മാർ മണ്ണെണ്ണ കുപ്പീന്ന് എടുക്കുന്നത് പെങ്ങമ്മാരോ ഏട്ടന്മാരോ തടഞ്ഞാൽ, ചിമ്മിനിക്കൂടിന്റെ തിരി പുറത്തെടുത്ത് കറ പോയ്ക്കാൻ വിഫല ശ്രമം നടത്തും. (ചക്ക തിന്നിട്ടു മണ്ണെണ്ണയിൽ ചുണ്ടും കയ്യും വൃത്തിയാക്കുന്ന ഒരു കാലവും ഉണ്ടായിരുന്നു) ഒരു ദിവസം ഒരു സൗകു ക്ലാസ്സിൽ ടവ്വൽ കെട്ടിയാണ് വന്നത്. കെട്ടൽ തന്നെ സൈഡ് പൊട്ടിയ വലിയ അച്ചാറിന്റെ ഭരണിക്ക് തുണി കെട്ടിയാൽ എങ്ങിനെയിരിക്കും, അത് പോലെ. അങ്ങിനെ ടവ്വൽ കെട്ടി വരുന്ന പാർട്ടിയല്ല കക്ഷി. ടവ്വൽ മാറ്റിയപ്പോൾ ഞെട്ടി ! തല മുടി പകുതി കരിഞ്ഞു പോയ സൗകു. എന്തൊക്കെയോ പുള്ളി ഞായം പറഞ്ഞു. പക്ഷെ, സൌകുന്റെ സ്വന്തം ഇച്ചയാണ് അത് ഇന്റർവെൽ സമയത്ത് പ്രഖ്യാപിച്ചത്. (അന്നൊക്കെ സ്വന്തം ഏട്ടമാർ വലിയ ശല്യമാണ്, വെറുതെ വഷളാക്കും. കൂട്ടത്തിൽ അടിയും. ഒരു കാരണവും ഉണ്ടാകില്ല. ചില ഏട്ടന്മാർ ഇന്റർവെൽ ആകുമ്പോൾ വന്നു രണ്ടു അടി പാസാക്കി പോകും. ചിലർ അങ്ങോട്ട്പോയി അടി വാങ്ങി വരും. ഇങ്ങോട്ട് നടന്നു ''ഇച്ച'' ക്ഷീണിക്കേണ്ടെന്നു കരുതിയാകും). സൌകുന്റെ ഇച്ച പറഞ്ഞത് ഏകദേശം ഇങ്ങനെ : സൗകു ''പായം'' തിന്ന് കുപ്പായത്തിൽ മൊത്തം കറയായി. ഉമ്മാന്റെ അടി കൊള്ളാതിരിക്കാൻ പുള്ളിക്കാരൻ മഗരിബിന്റെയും ഇഷയുടെയും ഇടയിൽ കത്തുന്ന ചിമ്മിനി കൂട് ഊതാതെ ചെരിച്ചു ഇത്തിരി മണ്ണെണ്ണ എടുത്തു. കത്തുന്ന തിരിക്കു തിരിക്ക് എന്ത് സൗകു ? അത് ''ശൂന്ന്...'' മണം പിടിച്ചു ആളി കത്തി. സൌകുന്റെ ഇടത്തെ കപാലത്തിന്റെ സൈഡിൽ കൂടി എളുപ്പത്തിൽ കത്താൻ കിട്ടിയ മുടിയിൽ പോയി ദേഷ്യം തീർത്തു. സൗകു , പാവം, പറയുകയാണ് - തീ കെടുത്താനല്ല വീട്ടുകാരുടെ ശ്രമം, മറിച്ചു അവനു അടിക്കാനായിരുന്നു എല്ലാർക്കും ഉത്സാഹം. (അന്നൊക്കെ അനങ്ങിയാൽ അടിയാണ്. അതെന്തിനാണെന്ന് മനസ്സിലായിട്ടില്ല.) പിന്നെ ഒരു കത്രിക കൊണ്ട് ഒരു സൈഡ് മുടി മുറിച്ചു സ്കൂളിലേക്ക് പറഞ്ഞു വിട്ടു . കുറച്ചു ദിവസക്കാലം നാഷണൽ ഹൈവേയിൽ ഒരു സൈഡ് മാത്രം ടാറിട്ടാൽ എങ്ങിനെ ഉണ്ടാകും അത് പോലെ പൊങ്ങിയും താണുമായിരുന്നു പുള്ളിയുടെ തല മുടി. പിന്നെ അന്നൊന്നും ''മുടി വെട്ടൽ'' എന്നൊന്നില്ലെന്ന് തോന്നിപ്പോകാറുണ്ട്- ഒരു നാലാം ക്ലാസ്സ് വരെ. ഒന്നുകിൽ മൊട്ടയടി, അല്ലെങ്കിൽ ''കൂറെ നക്കൽ'' കട്ട്. വീട്ടിൽ തന്നെ ഒരു മുത്തശ്ശിയോ അല്ലെങ്കിൽ അതിന്നായി ശട്ടം കെട്ടിയ ഒരു സ്ത്രീയോ ഉണ്ടാകും കൊച്ചു പിള്ളാരുടെ മുടി വളരുന്നതും കാത്ത്. ''കൂറെ നക്കൽ'' എന്താന്നല്ലേ ? പറയാം, തിരക്ക് കൂട്ടരുത്. പഴയ ബ്ലെയ്ഡു് കൊണ്ട് മൊട്ടയടിക്കുമ്പോൾ, എന്തായാലും മൂന്നോ നാലോ മുറിവ് തലയിൽ ഉണ്ടാകും. അന്നൊന്നും അതൊരു വിഷയമല്ല. ഇന്ന് കോണ്ക്രീറ്റ് വീട് വെച്ചാൽ കുറഞ്ഞത് നാലഞ്ചു സ്ഥലത്ത് ചോർച്ച ഉണ്ടാകുന്നത് ഒരു വിഷയം ആകാത്തത് പോലെ. ചില മുറിവുകൾ സെപ്റ്റിക്കായി പുണ്ണായി മാറും. കൊല്ലാവസാനമാകുമ്പോൾ പുണ്ണിന്റെ എണ്ണം കൂടും. മൊട്ടയടിയജ്ഞം തൽക്കാലം നിർത്തും. പിന്നെ ''കൂറെ നക്കൽ'' കട്ട് തുടങ്ങും. പുണ്ണ്ള്ള ഭാഗങ്ങൾ ഒഴിവാക്കി ബാക്കി ഭാഗം കത്രിക കൊണ്ട് മുടി വെട്ടൽ. സൌകുമാർ ഉറങ്ങുമ്പോൾ hair cutting-നു പാവങ്ങൾ വിധേയരാകുക. മംഗലാപുരത്തു എത്താനാകുമ്പൊൾ താഴോട്ട് നോക്കിയാൽ നെൽപ്പാടവും റോഡും വരമ്പും കാണാറില്ലേ, അത് പോലെ ഉണ്ടാകും അപ്പോൾ തല. (വേറെ ഒന്നിനോടും ഉപമിക്കാൻ പറ്റാത്തത് കൊണ്ട് പറഞ്ഞെന്നേയുള്ളൂ ) എണ്ണയിൽ കിട്ടിയത് പുണ്ണാക്കിൽ പോയെന്നു പറഞ്ഞത് പോലെ, മുടി വെട്ടലിൽ ലാഭിച്ചത് പട്ടർക്കും നംബീശനും വീട്ടുകാർ കൊടുത്ത് വീട്ടുകാരും സായൂജ്യമടയും. എല്ലാം സഹിക്കാനും വഷളാകാനും പാവം സൌകുമാർ പിന്നെയും ബാക്കി. (ശരിക്കും ഇതൊക്കെ തരണം ചെയ്താണ് ഇന്നത്തെ നിലയിൽ ഞങ്ങൾ എത്തിയതെന്ന് അറിഞ്ഞാൽ പുതിയ തലമുറ ഞങ്ങളെ ബഹുമാനിച്ചു കൊല്ലും.) എന്റെ ''കുട്ടിക്രോപ്'' കണ്ടിട്ട് അസൂയ കൊണ്ട് ചില സൌകുമാർ ഉസ്താദിനെ തെറ്റിദ്ധരിപ്പിച്ചു എനിക്ക് കുറെ അടി വാങ്ങിച്ചും തന്നിട്ടുണ്ട്. നിസ്കരിക്കുമ്പൊൾ മുടി നെറ്റിയിൽ വീഴുന്നു എന്നായിരുന്നു അവർ സ്ഥിരം പറയാറുള്ള കാരണം.

No comments: