Tuesday, January 5, 2016

ചിന്താമൃതം



യാത്ര. അനുഭവങ്ങളുടെ പരമ്പരകൾ സമ്മാനിക്കുന്ന ഒന്ന്. തീഷ്ണം, തിക്തം, തൃപ്തം എന്തുമാകാം. അവയുടെ വ്യാപ്തി എത്രയുമാകാം. യാത്ര തന്നെ, ചെറുതുണ്ട്; വലുതുണ്ട്. പഠിക്കാത്തവൻ പോലും യാത്രയിൽ പഠിക്കും. നിരീക്ഷണതാത്പര്യം കൂടി ഉണ്ടെങ്കിൽ പലതും മനസ്സിലാക്കാം. നല്ല വശങ്ങൾ പകർത്താം, പരിവർത്തനമുണ്ടാക്കാൻ ശ്രമിക്കാം. യാത്രയിലെ ഓരോ കാഴ്ചയും കേൾവിയും പുതുമ ഉള്ളതാണ്. മിനിറ്റ് ഓരോന്ന് കഴിയുന്തോറും നാം കാണുന്നത്, പരിചയപ്പെടുന്നത് പുതിയ ഒന്ന്. അവയോ ? കൌതുകം ജനിപ്പിക്കുന്നത്! കയ്യിലുള്ള ഒരു ഭാരം എടുക്കാൻ ശ്രമിക്കുമ്പോൾ മറ്റൊരാൾ കൈത്താങ്ങായി. ചിരിച്ച മുഖം. അടുത്തപ്പോൾ തലേദിവസം MTech- രണ്ടാം റാങ്ക് കിട്ടിയ മിടുമിടുക്കൻ. പിന്നെ സംഭാഷണം വഴിക്ക്. നാടൻ സംസാരം വിട്ടു മോഡേണ്സാങ്കേതികതയുടെ അറിയാത്ത ലോകത്തേക്ക്. കേൾക്കാൻ സുഖത്തിൽ , അറിയാൻ പാകത്തിൽ മിടുക്കന്റെ സംസാരം. യുവതയുടെ സ്വപ്നങ്ങൾ ! വ്യവസ്ഥിതിയോടും വ്യവസ്ഥ നിശ്ചയിക്കുന്നവരുടെ അപ്രായോഗിക കാഴ്ചപ്പാടുകളോടുമുള്ള രോഷം ! കുറഞ്ഞ സമയം കേട്ടു. യുവത്വം കേൾപ്പിച്ചു ! അങ്ങിനെ ഓരോരുത്തർക്കും എന്തൊക്കെ പറയാനുണ്ടാകും. സഹായാത്രികരാണ് മറ്റൊരു അത്ഭുതം . നമുക്കറിയില്ല അവരുടെ പശ്ചാത്തല ചരിത്രം. അടുത്ത് വന്നിരിക്കും. നാം അങ്ങോട്ട് പോയി ഇരിക്കും. നമ്മുടെ മൌനം പോലും അവരുടെ ''ഇടപെടലിന്റെ മാന്ത്രികത'' ഭഞ്ജിക്കും. എത്ര സരസമായത്, എത്ര ഗഹനമായത് ! വെറുതെ തട്ടിക്കയറുന്നവർ ! ഇടിച്ചു സംസാരിക്കുന്നവർ ! വാദിക്കാനായി വാദിക്കുന്നവർ ! തമാശ പ്രിയർ ! മിണ്ടാട്ടമില്ലാത്തവർ ! മിണ്ടുന്നത് കേൾക്കുന്നവർ ! എത്രയെത്ര മുഖങ്ങൾ ! ഓരോത്തരെയും പരിചയമുള്ളവരുമായി പലരും തട്ടിച്ചു നോക്കുന്നുണ്ടാകാം. എല്ലാം നിരീക്ഷിക്കാം. സംസാരം, ശൈലി. ഭാഷ, വേഷം.. കൂടെയുള്ള കൂട്ടുകാരെ, കുടുംബാംഗങ്ങളെ ട്രീറ്റ് ചെയ്യുന്ന രീതി. ഇടപെടുന്ന തരം, വിധം...കുഞ്ഞുമക്കളോടും കൂടെ വന്നവരോടും പെരുമാറുന്നത് വരെ നമ്മെ ആശ്ചര്യപ്പെടുത്തും. അവിടെയും നമ്മുടെ ജീവിതവുമായി നാമവയെ അറിയാതെ തുലനം ചെയ്യും. യാത്രയക്കാൻ വന്നവർ. യാത്ര പോകാൻ ഓങ്ങുന്നവർ. അവരുടെ ഗദ്ഗദങ്ങൾ ! തുടിപ്പുമിടിപ്പും. കാഴ്ചയും കണ്ണീരും. എല്ലാം അറിയാനുള്ളത്, പഠിക്കാനുള്ളത്, നമുക്ക് update ചെയ്യാനുള്ളത്. യാത്ര ഒരു പുസ്തം. യാത്ര ചെയ്യുന്തോറും പുസ്തകത്തിലെ ഓരോ താളുകളാണ് നാം അനുഭവിക്കുന്നത്. അവ ഓർമ്മയുടെ ഒരു മൂലയിൽ എന്നും ഇടം പിടിക്കും. മങ്ങാതെ, മായാതെ അവശേഷിക്കും . യാത്ര ചെയ്യാത്തവൻ പുസ്തകത്തിന്റെ പുറം ചട്ടം മാത്രം കണ്ടവനത്രെ ! ഇടപെടലിൽ അപക്വത. അനുഭവശൂന്യത. കേൾക്കുന്നതിലും കാണുന്നതിലും അക്ഷമ. എല്ലാം അവനെ ഇടുക്കും. ഒരിക്കലെങ്കിലും ദീർഘ ദൂരം യാത്ര ചെയ്തവനോടായിരിക്കണം പരാതി പറയേണ്ടതും ഉപദേശം ആരായേണ്ടതുമെന്നു ഒരു നാടൻ പ്രയോഗവുമുണ്ട്. കണ്ടവനത്രെ, കൊണ്ടവനെ കൂടുതൽ അറിയൂ !

No comments: