Tuesday, January 5, 2016

ചിന്താമൃതം

ചിന്താമൃതം

ഒരു നന്മ കണ്ടാൽ അതിനു സ്വന്തം മനസ്സിൽ , ഹൃത്തിൽ നല്ലൊരു ഇടം നൽകുന്നവർ സഹിഷ്ണുക്കൾ. പകരം കോപമായും പുകയായും പുകച്ചിലായും കൊണ്ട് നടക്കുന്നവർ അസഹിഷ്ണുക്കൾ. പരിശോധന എളുപ്പം. അന്യന്റെ അഭാവത്തിൽ അയാളെക്കുറിച്ച് നാം നല്ലത് പറയുന്നുണ്ടോ ? അല്ല മോശം പറഞ്ഞു എരപ്പാക്കാൻ നോക്കുന്നുണ്ടോ ? ഒന്ന് കൂടി എളുപ്പം മനസ്സിലാക്കാൻ - അതേതു ഭൂമികയിലായാലും. താൻ അംഗമല്ലാത്ത ഒരു സമുദായത്തിന്റെ ഉയർച്ച. ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നല്ല നിലപാടുകൾ. ഒരു കൂട്ടായ്മയുടെ ശരി-കാൽവെപ്പുകൾ. ഒരു സ്ഥാപനം ഉയർന്നു വരുന്നത്. ഒരു സദ്സംഘത്തിന്റെ പ്രയത്നം കൊണ്ട് സഹയാസ്തം മുന്നോട്ട് വരുന്നത്. അയലത്തെ കുട്ടി പഠിക്കുന്നത്, പാടുന്നത്, എഴുതുന്നത് , വരക്കുന്നത്..... അന്യന്റെ വീട്ടിലെ പുകയാത്ത അടുപ്പിൽ പുകയുയരുന്നത് - ഇവ കാണുമ്പോൾ, കേൾക്കുമ്പോൾ നമ്മുടെ മനസ്സിന്റെ പ്രതികരണമെന്ത് ? പ്ലസ് അല്ലാ മൈനസ് ? പ്ലസ്ആകണം. സഹിഷ്ണുത നമ്മുടെ മേലങ്കിയാകണം. അതിന്റെയും മേൽക്കുപ്പായം വിശാല മനസ്കതയാകണം. മരണം വരെ അവ രണ്ടും കൊണ്ട് നടക്കാനുമാകണം. അസൂയ, അസഹിഷ്ണുതയുടെ മേൽക്കുപ്പായമാണ്. രണ്ടും ദുർഗന്ധം വമിക്കുന്നത്. നടന്ന വഴികളിൽ പോലും നാറ്റം വട്ടമിട്ടു വീശും. ചൂരമടിക്കും. ഒന്നിച്ചിരുന്നു തപസ്സിരുന്നാലും ചിന്തയോ ? തനിക്ക് ഒരു കണ്ണ് പോകണം - മറ്റവന്റെ കാഴ്ച മുഴുവനും പോകാൻ. വരം കിട്ടാൻ ആയുസ്സ് തീരും വരെ ചമ്രപ്പടിയുമിരിക്കും ! ഇടയ്ക്കിടയ്ക്ക് നമ്മുടെ കുപ്പായവും മേൽക്കുപ്പായവും മണത്തു നോക്കുന്നത് നല്ലത്. സുഹൃത്ത് നമ്മെ കാണുമ്പോൾ മൂക്ക് പൊത്തി വഴി മാറി നടക്കുന്നതിനു മുമ്പ്.

No comments: