Tuesday, January 5, 2016

ചിന്താമൃതം



അന്തസ്സ് വേണം. മാന്യത നിലനില്ക്കണം. പ്രതാപം നഷ്ടപ്പെടരുത്. പ്രഭാവമുണ്ടാകണം. ഒരു വഴിയേയുള്ളൂ അവനവനെ പുകഴ്ത്താതിരിക്കുക. സ്വയം പുകഴ്ത്തൽ നിർത്തുന്നിടത്ത് നിന്ന് കുലീനത പ്രയാണം തുടങ്ങും. ചിലർ പിന്നെയും പരിഹാസ്യരാകും; ആളെ വെച്ച് പുകഴ്ത്തിക്കും. ആൾ പോയാൽ അതും പരസ്യമാകും. കൂലിവാങ്ങിയവൻ പരസ്യവുമാക്കും. അതിലും വലിയ അപഹാസ്യത എന്താണുള്ളത് ! ''ഞാൻ'', ''ഞാൻ'' ഇത് കൂടെക്കൂടെ വരും. എല്ലാത്തിനും ''ഞാൻ'' തന്നെ മോൻ. ഞാനുള്ളത് കൊണ്ട് നടന്നു; ഞാനായത് കൊണ്ട് ചെയ്തു; ചെയ്യിപ്പിച്ചു. ഇത്രത്തോളം ബോറൻമാർ ലോകത്തുണ്ടാകില്ല. മേനി പറഞ്ഞു മാന്യത നഷ്ടപ്പെടുത്തുന്ന വിഭാഗം. ചെയ്ത നന്മ മുഴുവൻ പാടിപ്പറഞ്ഞു പാറ്റിക്കളയുന്നവർ ! ''കണ്ടില്ലല്ലോ'' എന്ന ചോദ്യത്തിനും തിരിച്ചു ഉണ്ടാകും ഒരു പൊങ്ങിൽ പൊതിഞ്ഞ മറുപടി. സോഷ്യൽ മീഡിയ വന്നതോടെ ഇതൽപ്പം കൂടിയിട്ടുമുണ്ട്. നന്മകൾ ചെയ്തിരിക്കാം. അത് സ്വയം അറിയിക്കണമെന്നില്ല. നന്മയുടെ അംശം പറ്റിയവർ പറയാം പറയാതിരിക്കാം. അവനവന്റെ ''വക്താവാ''കരുത്. അറുബോറൻ ഏർപ്പാടാണത്. സ്വയം പുകഴ്ത്തൽ ഒരു വീക്നെസും വിക്കെഡ്നെസ്സുമാണ്. ആളുകളുടെ വെറുപ്പും മടുപ്പും വിളിച്ചു വരുത്തുന്ന ഒന്ന്. അവരുടെ കണ്ണിൽ പൊങ്ങൻ ; വെറും പൊങ്ങുതടി. ഓരോ നാട്ടിലും നാട്ടിൻപ്രദേശത്തും അപരനാമം അവർക്ക് മാത്രമായുണ്ട്. അത് എല്ലാരും അറിയും, ''പൊങ്ങൻ'' മാത്രമറിയില്ല അത് തനിക്കുള്ളതെന്ന്. മറ്റുള്ളവർ തന്നെ അഭിനന്ദിക്കാനാണ് സ്വയം പുകഴ്ത്തൽ. ഞാനിങ്ങനെയൊക്കെ ചെയ്തത് അപരനറിയാതെ വന്നോ എന്ന സംശയം. ''ഇങ്ങനെയൊക്കെ നമ്മളും ചെയ്യുന്നു''ണ്ടെന്ന് അറിയിക്കാനുള്ള ബദ്ധപ്പാട്. സാധു ! അതിന്റെ പരിണിത ഫലം അറിഞ്ഞിരുന്നെങ്കിൽ ! ഫലം നേർവിപരീതമാകുന്ന പാഴ്പ്പണിയാണ് സ്വയം പുകഴ്ത്തൽ. സദസ്സിൽ മാന്യന്മാർ നിൽക്കില്ല. അവരുടെ മാന്യത അതിനനുമതിക്കില്ല. വിഡ്ഢി സ്വയം പുകഴ്ത്തുമത്രെ, ബുദ്ധിമാൻ വിഡ്ഢിയെയും. കമ്മറ്റിയിലും കൂട്ടായ്മയിലും ഉള്ളവർ സൂക്ഷിക്കുക. ഉള്ള നന്മകൾ ചിതലരിക്കാൻ ഇതിനോളം മോശമായതൊന്നുമ്മില്ല. When Boasting Ends ; There Dignity Begins !

No comments: