Tuesday, January 5, 2016

കുട്ടിക്കാലക്കുസൃതിക്കണ്ണുകൾ

കുട്ടിക്കാലക്കുസൃതിക്കണ്ണുകൾ ... ഓർമ്മകൾക്ക് എന്റെ കുട്ടിക്കാലത്തെ കുസൃതിക്കണ്ണുകൾ വെക്കുകയാണ്. ദലീൽ (തെളിവ്) ചോദിച്ചാൽ നിങ്ങൾ കുടുങ്ങിയത് തന്നെ. എന്റെ ഭാവനയെ എനിക്കങ്ങിനെ പറിച്ചെടുത്ത് തരാൻ പറ്റില്ലല്ലോ. പേരുകൾ എന്റെ ഗ്രാമത്തിൽ അന്നില്ലാത്തവരുടെതാണ്. ഞാൻ അടക്കം എല്ലാവർക്കും പേരുകൾ ഫി-ഫ്ഫിറ്റ്. നിങ്ങൾ ഞാൻ എന്ന് വിചാരിച്ചു വായിച്ചാൽ പ്രശ്നം തീര്ന്നു. ഇതിൽ ഒന്ന് രണ്ടു സ്ഥിരം കഥാപാത്രങ്ങൾ ഉണ്ടാകും. അത് എന്റെ ആദ്യ ആർടിക്ൾ വായിക്കുമ്പോൾ മനസ്സിലാകും. നാട്ടിലുള്ള ഞായറാഴ്ചകളിൽ ഉച്ച ഭക്ഷണത്തിനും മിക്ക ദിവസങ്ങളിൽ ഡിന്നർ ടേബിളിനു ചുറ്റും ഉമ്മ, നല്ലപാതി, പിന്നെ എന്റെ കുട്ടികൾ - അവരോടു പറഞ്ഞ കഥകളാണ് എഡിറ്റ് ചെയ്ത് ഇവിടെ പറയുന്നത്. പള്ളിയിൽ പോകുമ്പോൾ വഴിക്ക് വെച്ച് എന്റെ ''ബിടൽസി''ലെ കഥാപാത്രങ്ങളെ കണ്ടു പിള്ളേർ എന്നോട് വീട്ടിൽ വന്നു ചെവിയിൽ പറയും - അതാണോ ഉപ്പ ഉദ്ദേശിച്ച 100 ? ഇങ്ങനെ ചോദിച്ചതിനു പിള്ളേർ എന്റെ അടിയും ഒരുപാട് കൊണ്ടിട്ടുണ്ട്. ബാക്കി നാളെ.....
കുട്ടിക്കാലക്കുസൃതിക്കണ്ണുകൾ ... സ്കൂളിലെ അവധികളൊക്കെ ബഹുരസാണ്. അന്നും ഇന്നും. പണിതരുന്ന അവധി ‘’സേവന വാര’’മായിരുന്നു. ഒക്ടോബർ രണ്ടും പിന്നെ ആറീസവും. നമ്മുടെ എം.കെയുടെ വീട് നില്ക്കുന്ന സ്ഥലത്താണ് കിഴക്ക് പടിഞ്ഞാറായി പൊട്ടിപൊളിയാറായ അധ്യാപക ക്വാട്ടേർസ്. മൈതീൻ മാഷ്, തമ്പാൻ മാഷ്, മുരളീ മാഷ്, പിന്നെ കുറെ ദാസമ്മാർ, സൈനബ ടീച്ചർ, ബീന ടീച്ചർ ....ഇവരൊക്കെ ഇടുങ്ങിയ ക്വാട്ടേര്സിലാണ് താമസം. സേവനം വാരം കഴിഞ്ഞു ഒന്നൊന്നര മാസം ആയിക്കഴിഞ്ഞാൽ ഇവർക്ക് വിറക് യു.പി.സ്കൂളിന്റെ പിന്നിൽ ഞങ്ങൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പൂന്തോട്ടത്തിന് വേലി നാട്ടിയ ശീമക്കൊന്ന തൂണുകളാണ്. അതിനിടയിൽ വാഴയ്ക്കും പൂചെടിക്കും വെള്ളം നനയ്ക്കലൊക്കെ ഞങ്ങളെ കണ്ണുരുട്ടിയും കമന്റ് പറഞ്ഞും സാറമ്മാർ നിർത്തിച്ചോളും. തൊട്ടു താഴെയുള്ള കിണറ്റിൽ ബക്കറ്റു താഴ്ത്തുമ്പോൾ തന്നെ മൈതീൻ മാഷ് : ''ഇജ്ജൊക്കെ ബായേം നന്ചിങ്ങാണ്ട് എന്താവാനാ ? ഇവടെ കുടിക്കാൻ തന്നെ ബെള്ളോല്ല ; അന്റെ ഒര് പുഗ്ഗ്ൻ തോട്ടം ബന്ന്ക്ക്ണ്; ഒന്ന് പോയ്ക്കാണ്ടി....'' കൈലി ഉടുത്ത മുരളി മാഷിന്റെ താങ്ങൽ കൂട്ടത്തിലും. പിള്ളേർ, പാവങ്ങൾ, അതോടെ ജല സേചനം നിർത്തും. നനച്ചാൽ ശീമക്കൊന്ന വേരോടും; പിന്നെ അത് പൂന്തോട്ടാകും. പൂക്കും കായ്ക്കും. നട്ട വാഴ കുലക്കും. ഇതൊക്കെ അവർക്കറിയാം. അവരാരും ബയോളജി കാണാത്തോരുമല്ല. ഞങ്ങളുടെ കൂട്ടു കൃഷി നിരുത്സാഹ പെടുത്താനുള്ള പ്രധാന കാരണം വിറക് ക്ഷാമമായിരുന്നെന്നു കുറെ കഴിഞ്ഞാണ് മനസ്സിലായത്. അപ്പോഴേക്കും ഞങ്ങൾ സ്കൂൾ വിട്ടിരിക്കും; മാഷമ്മാർ പോവുകേം ചെയ്യും. പക്ഷെ ആഗസ്ത് 15നു അങ്ങിനെയൊരു ബണ്ടീംബലീയുമില്ലായിരുന്നു. ദൂരെ നിന്ന് വരുന്ന മാഷമ്മാർക്ക് ഒരു ദിവസം മുമ്പ് നാട്ടിൽ പോകാം. നാട് പിടിക്കാൻ പറ്റാത്തവർക്ക് പെട്ടെന്ന് ചടങ്ങ് തീർത്ത് നീണ്ടു നിവർന്ന് കിടന്നുറങ്ങാം. അതിൽ ബേജാർ മൊത്തം എന്റെ ചില കൂട്ടുകാർക്കായിരുന്നു. അതെന്താണെന്ന് നിങ്ങൾക്ക് പിന്നെ മനസ്സിലായിക്കോളും. ദേശീയ പതാക ഉയർത്തി ഹെഡ്മാഷ് ഒന്നൊന്നര മിന്റ്റ് സംസാരം തുടങ്ങുമ്പോഴേ അസംബ്ലീലൈനിന്ന് രണ്ടു മൂന്നെണ്ണം ‘’ടപ്പോന്ന്’’ ബോധം കേട്ട് വീഴും. മാഷെ പ്രസംഗം കേട്ടാണോ, വെയിൽ കൊണ്ടാണോ അതല്ല രാവിലെ വെറും വയറ്റിൽ വന്നത് കൊണ്ടാണോ - ശുദ്ധ മനസ്സുള്ള ഞങ്ങളുടെ ചിന്ത കാട് കയറും. വീണ പുള്ളി അഞ്ചാറു കൊല്ലം മുമ്പ് അതിന്റെ രഹസ്യം എന്നോട് പറഞ്ഞു. ലീവുള്ള ദിവസം പുള്ളിക്ക് വീട്ടുകാർ ഒരു സ്വൈരം തരില്ലപോലും. വീട്ടിൽ രണ്ടു മൂന്ന് കന്നുകാലികൾ. അതിനു പുല്ലരിയേണ്ടത് കക്ഷി. സൗകത്തലി (ശരിക്കുള്ള പേര് ''അള്ളാണം'' ഇപ്പോൾ പറയില്ല) എന്നോട് രാവിലെ സുബഹിക്ക്പറഞ്ഞു: ''നമ്മുടെ പ്ലാൻ പൊളിഞ്ഞു അസ്ലമേ .'' ''എന്തേ ...? ഉപ്പാക്ക് അതെങ്ങിനെ അറിഞ്ഞു ? സൌ : കുഞ്ഞമുച്ചാന്റെ ഹോട്ടലിലെ റേഡിയോയാണ് മൊത്തം കുളമാക്കിയത്. സംഭവം മുഴുവൻ എനിക്ക് ഇപ്പോൾ ഓർമ്മയില്ല . ഏകദേശം ഇങ്ങനെ : ആഗസ്റ്റ് 15 തലേദിവസം വലിയ ഒരു സംഭാഷണം അവർ തമ്മിൽ നടന്നു - സൗകതലിയും ഓന്റുപ്പയും. : അല്ല്രാ, നാളെ സോസോന്ത്രോ അല്ലേ ? 100 (സൌ) : ( കണ്ണിൽ പൊന്നീച്ച പാറി; ബട്ട് , അറിയാത്തത് പോലെ) എന്ത്...സോസോന്ത്രോപ്പാ.... ? : അപ്പൊ ഇത്ര ചെലബിട്ടിറ്റ് നീ സാലക്കല്ലേ പോന്നത്...? (ചെലവ് മീൻസ് - കൊല്ലത്തിൽ ഒരു വട്ടം സ്റ്റാമ്പിനു കൊടുക്കുന്ന നാലണ/ എട്ടണ) . 100 സൌ : അത്....അത് മറ്റന്നാഉപ്പാ... : ...സോസോന്ത്രോ അപ്പോ പട്ളത്ത് ഒര്ന്നാക്ക് നീട്ടിയാ. ഇദ്രാ ...നിന്റെ കർണ്നിപ്പ് എന്റെര്റ്റ് ബേണ്ട്രാ... (എന്നിട്ട് ഒരു കർശന നിര്ദേശം). സാലക്ക് കാൽത്തെ പോമ്പോന്നെ ബട്ടി എടുത്തോ. അകത്ത് നിന്ന് ഉമ്മ: കൊടി പൊന്തിച്ചിറ്റാമ്പോന്നെ ...ബട്ടി എട്ത്തിറ്റ് പായണോo (സൌ വിചാരിച്ചു കാണും ഇതെന്താ 400 മീറ്റർ റിലേ ആണോന്ന് ). ഉമുവ : പയ്യു ഇന്നലേന്നെ കരീന്നെ ഇണ്ട്മ്മാ... മാമ : ബായി ബരാത്തെ ജീമെനാദി ...നിങ്ങക്ക് പുല്ലും അര്ക്കചിയും കൊട്ക്കാൻ കയ്ന്നില്ലാങ്ക് ..ബിറ്റ്ര്റാ ....നിന്റെ ഉപ്പപ്പാ ഇണ്ടാമ്പോ ബൾപ്പ് നൊർച്ചു കാലി ഇണ്ടായിനി ...ഞങ്ങൊ തുന്നില്ലാങ്കു അയ്റ്റീങ്കക്ക് കൊട്ക്കും ... .ജോറെ ഇപ്പൊ ഒരീ സാലെ ... ( സൗകത്തലിക്ക് മാമാന്റെ കഴുത്തിന് പിടിക്കാൻ തോന്നിക്കാണും ) അല്ലടാ സാൻ, സൗകതലി പിന്നെ എന്റെ കൂടെ ''കുട്ടിൻദ്ദാണെ'' കളിക്കാൻ ബോധമല്ലാതെ പിന്നെ എന്താണ് കേടേണ്ടത് ? പടച്ചോൻ നിഷ്കളങ്കരായ കുട്ടികൾക്ക് ഓരോ ഉപായം ഇട്ടു തരുമെന്ന് പറയുന്നത് വെറുതെയല്ല. സ്കൂൾ വിട്ടാൽ മിക്ക അജ-പശു പാലകരുടെയും പ്രധാന കലാപരിപാടിതന്നെ പുല്ലരിയലാണ്. വക്കും വള്ളിയും പൊട്ടിയ ഒരു വട്ടിയും കൊണ്ട് പാവങ്ങൾ സ്കൂൾ വിട്ട ശേഷം ക്രായിക്കൊണ്ട് വരമ്പിൽ ഗ്രാസ്സ് കട്ടിംഗ് നടത്തുന്നത് ഞാൻ കണ്ണ് കൊണ്ട് കണ്ടിട്ടുണ്ട്. പഠിത്തം 'അലൂല്'' വെച്ച ചേട്ടമ്മാർ കുറേയെണ്ണം സ്കൂളിന്റെ പുറത്തു അസംബ്ലിയും മിടായി വിതരണവും തീരാൻ കാത്തു നിൽക്കുന്നുണ്ടാവും - കൂടെ രണ്ടു കുഞ്ഞിക്കത്തി പ്ലസ് ബട്ടി. അതിനിടയിലും ചിലർ ചാടും. ( ഉപ്പ, ഉമ്മ, ഇഞ്ഞ ,ഇച്ച, മൂത്ത, എളെപ്പ ഇത്യാദികളുടെ അടി കൊണ്ട് പുറം തഴമ്പിച്ച് ഇതിലും കൂടുതൽ വരാനില്ലെന്ന് സ്വയം തിരിച്ചറിഞ്ഞവരായിരിക്കും ചാട്ടക്കാർ. ) ആഗസ്റ്റ് 15, ജനുവരി 1, ഓണം 10 നാൾ ...ഇതൊക്കെ മിസ്കീനുകൾക്ക് ഫുൾഡേ ഡ്യൂട്ടി പുല്ലരിയലാണ്. ആഗസ്റ്റ് പതിനഞ്ചിനെങ്കിലും സമാധാനമായി ഒന്ന് ഒരുങ്ങി കളിക്കാനാണ് പോ ലും മൂന്ന് പഹയമാർ വ്യാജ-ബോധം കെടൽ നാടകം നടത്തുന്നത്. ( ഇതിപ്പോൾ എഴുതിയത് കൊണ്ട് എന്റെ കാര്യം എന്തോ ഏതോ...? ജില്ലയ്ക്ക് പുറത്ത് ഒരു ഫ്ലാറ്റിനു അഡ്വാൻസ് കൊടുക്കാൻ തോന്നിച്ച പടച്ചവനു സർവ്വ സ്തുതിയും.) **********************************************************

No comments: