Tuesday, January 5, 2016

ചിന്താമൃതം

ചിന്താമൃതം
കണ്ടു; മിണ്ടണം. പോയിക്കാണണം ; ആരാദ്യം ? അവനെന്താ മിണ്ടിയാൽ ? ഞാനല്ലേ മൂത്തത് ? പ്രശ്നം തുടങ്ങിയത് അവനല്ലേ..? എന്റെ നിലയും വിലയും ...? ഇളയതാണോ തടസ്സം ? കാശൽപം കുറഞ്ഞതാണോ ? പത്രാസുകാരൻ ഇങ്ങോട്ടാദ്യം മിണ്ടട്ടെ... ഇങ്ങിനെ കുറെ പേരുണ്ട്. വീട്ടിൽ , കുടുംബത്തിൽ , അയൽപ്പക്കത്ത്, പള്ളിയിൽ, പള്ളിക്കൂടത്തിൽ, ആപീസിൽ, ആൾകൂടിന്നിടത്ത്... നമ്മിൽ പലരും വേഷം കെട്ടിയിട്ടുണ്ട്. ചിലർ ഇപ്പോഴും വേഷത്തിൽ തന്നെയാണ്. അഴിച്ചിട്ടില്ല. അഴിക്കാൻ ''ഈഗോ'' സമ്മതിക്കില്ല. ഇത് സ്ക്രോൾ ചെയ്ത് വായിക്കുമ്പോഴേക്കും നിങ്ങൾ മിണ്ടാത്ത കക്ഷി മുഖം കനപ്പിച്ചു വഴി കടന്നു പോയി. ഇപ്പോൾ നിങ്ങൾക്ക് ചിരി വന്നു. എന്നാ മിണ്ടിക്കൂടെ ? ഒരു വിഷ് പറയൂ. ഒരു സലാം. അയാളുടെ ഹൃദയം അലിയട്ടെ, അതിനു ഇട വരട്ടെ.. ''ഈഗോ'' - ഇതൊരു മിശ്ര പാഷാണമാണ്. കുനുഷ്ടും കുന്നായ്മയും അഹംബോധത്തിൽ സമം ചേർത്തത് ; ദുരഭിമാനം ! ആസ്പത്രികിടക്കയിൽ അവസാനശ്വാസം വലിക്കുന്ന ഉമ്മയെ ഉപ്പയെ അളിയനെ അയൽക്കാരനെ ഒരു നോക്ക് കാണാൻ കൂട്ടാക്കാത്തവരുണ്ട് - ഈഗോ മൂലം. ഇവരെ പിന്നീട് അന്ത്യകർമ്മചടങ്ങിനു ചെമ്പോലം ചൂടാക്കാനും മൂക്കിൽ പഞ്ഞി വെക്കാനും തിരക്ക് കൂട്ടുന്നതും കാണാം. കഷ്ടം ! ഓണ്ലൈൻ ഗ്രൂപ്പിൽ അയാളുടെ ''ഒടുക്കത്തെ ശോചനവും'' ഇന്നാലില്ലാഹിയും . ''മനസ്സിലാക്കാൻ ഞാനല്പം വൈകിപ്പോയി, ക്ഷമിക്കൂ'' എന്ന് ആത്മാർഥമായി പറഞ്ഞു നോക്കൂ, ഈഗോ പറപറക്കും. മാലാഖമാർ അന്ന് മുതൽ നിങ്ങൾക്ക് താരാട്ട് പാടും.

No comments: