Saturday, January 9, 2016

ചിന്താമൃതം

ചിന്താമൃതം

ഇന്നത്തെ ചിന്താമൃതം നാൽപത് കഴിഞ്ഞവരോട് സംസാരിക്കട്ടെ. അതേ സ്വരത്തിൽ അവരുടെ മക്കളോടും. ഏതാനും വർഷങ്ങൾ കൂടിക്കഴിഞ്ഞാൽ വീട്ടിൽ അതിഥികൾ എത്തിത്തുടങ്ങും. വന്നു, മൂന്ന് ദിവസം കഴിഞ്ഞു നിറകണ്ണുകളോടെ പോകാനല്ല. കണ്ണിനും മനസ്സിനും കുളിർമ നൽകി അവിടെ സ്ഥിര താമസത്തിന്. ബന്ധുവായി. പുതിയ ബന്ധത്തിന്റെ വനിതാ അംബാസഡറായി. ഒരു പെണ്‍ സാന്നിധ്യം. ആ കുടുംബത്തിന്റെ തൊട്ടടുത്ത തലമുറയ്ക്ക് കാരണവും നിമിത്തവുമാകാൻ ആ അതിഥി അത്യാവശ്യം. അവൾ വരും. മകന്റെ ജീവിതപങ്കാളിയായ്. അവനു ഇണയായ്. തുണയായ്. ജീവിതത്തിലെ തുന്നിച്ചേർക്കലായ്. മകനു സ്നേഹം. മാതാപിതാക്കൾക്ക് സാന്ത്വനം. കുടുംബത്തിനു കെടാവിളക്ക്. തറവാടിനു പ്രകാശം. ആദരിക്കപ്പെടേണ്ടവൾ.  

ദൈവം കൂട്ടിയിണക്കുന്ന ബന്ധങ്ങളിൽ പ്രധാനം. സ്രഷ്ടാവ് ഏൽപ്പിക്കുന്ന ബാധ്യത. നാം ഏറ്റെടുക്കുന്ന ഒന്ന്. പരസ്പരം തിരിച്ചറിയാൻ സമയം എടുക്കും. ഇന്നലെ വരെ അന്യ. ഇന്നാണ് വലിയ ഉത്തരവാദിത്യം ഏറ്റെടുക്കുന്നത്. മറ്റൊരു നാട്ടിൽ, വീട്ടിൽ വളർന്നത്. പരിചയമില്ലാത്ത വീട്ടിലും നാട്ടിലും നട്ടിരിക്കുന്നു. മണ്ണും വിണ്ണും മാറും. വേരെടുക്കാൻ നേരം വേണം. സാവകാശം വേണം. ചുറ്റുപാട് പഠിക്കാൻ. സ്വഭാവം അറിയാൻ. രുചി, അരുചി, ഇഷ്ടം, ഇഷ്ടക്കേട്, വീട്ടിലെ താല്പര്യങ്ങൾ, അവരുടെ നിലപാടുകൾ... തീൻ മേശയിലെ രീതികൾ എല്ലാം ഒരു പക്ഷെ വിഭിന്നം. അറിഞ്ഞെടുക്കാൻ നേരം വേണം. അറിഞ്ഞാൽ തന്നെ ഓർമ്മ ചെപ്പിൽ സൂക്ഷിക്കാനും സമയമെടുക്കും. ഇതൊക്കെ ഒരു സുപ്രഭാതത്തിൽ, കുറച്ചു നാളുകൾക്കകം മകന്റെ ഭാര്യ പ്രാവർത്തികമാക്കണമെന്നു നിർബന്ധം പിടിക്കുന്നത് വെറുതെ, വെറും വെറുതെ. 

ഇന്നലെ വീട്ടിന്നു ഇതേ പോലെ ഇറങ്ങിപ്പോയ സ്വപുത്രിയുടെ പരിഗണന നാം കൊടുക്കണം. അവൾ മറ്റൊരു വീട്ടിൽ ഇതേ പോലെ അതിഥിയാണ്. നമ്മുടെ പ്രതിനിധിയായി അവൾ അവിടെ അംബാസഡർ. അവിടെയും നടേ നിരത്തിയ ലിസ്റ്റുമായി ആ പൊന്നോമന ഉത്കണ്ഠയിലാണ്. അവളുടെ കൈകുറ്റങ്ങൾ തന്നെയാണ് ഇവിടെയും ഉണ്ടാകുന്നത്. ആ മനസ്സിന്റെ വേപഥു ഇവിടെയും കാണണം. 

പള്ളിവളപ്പിലും പഠനകേന്ദ്രങ്ങളിലും കേട്ട പ്രസംഗങ്ങളിൽ ഇത് വരെ നാമായിരുന്നു മരുമകനും മരുമകളും. ആ റോൾ അടുത്ത തലമുറ ഏറ്റെടുക്കുന്നു. ഇനി നാം റോൾമോഡലാകുക - മകന്റെ നല്ലപാതിയുടെയും അവരുടെ കുടുംബത്തിന്റെയും നല്ല ആതിഥേയരായി. ഞെരുക്കമുണ്ടാക്കാൻ മരുമകളെ പീഡിപ്പിക്കുന്ന ആളാകരുത് ഒരാളും. രാത്രി ഭാര്യയുടെ കൂടെ ശയിച്ചു പകൽ വെളിച്ചത്തിൽ ശാരീരിക-മാനസിക പീഡനം ചെയ്യുന്ന കൊടും ദ്രോഹിയുമാകരുത് നിങ്ങളുടെ മകൻ. അതിനു നാം കാരണക്കാരുമാകരുത്. പടച്ചവൻ ഉറപ്പിക്കുന്ന ബന്ധങ്ങൾ അണപ്പല്ല്കൊണ്ട് കടിച്ചു പിടിക്കണം; കടിച്ചു പൊട്ടിക്കരുത്. ഭൂമിയിലെ കുഴപ്പക്കാരുടെ കൂട്ടത്തിൽ ദൈവം രണ്ടാമത് പറഞ്ഞവരെ എണ്ണി. അവരെ ശപിച്ചു. കുടുംബ ബന്ധങ്ങൾ നിലനിർത്തിയവരിലത്രേ ദൈവത്തിന്റെ സമാധാനം.

No comments: