Tuesday, January 5, 2016

കുട്ടിക്കാല കുസൃതിക്കണ്ണുകൾ -

കുട്ടിക്കാല കുസൃതിക്കണ്ണുക
ലക്കം
മാവിലേയൻ
വീട്ടിന്റെ മുന്നിൽ ഒരു പൂമരം ഉണ്ട്. ഞങ്ങൾ അതിനെ ‘’കിണ്ടിപൂ’’ എന്നാണു വിളിക്കുന്നത്. എനിക്ക് ഇതിന്റെ ശരിക്കുള്ള പേരറിയില്ല. ( ‘’ മുല്ലപ്പൂ’’ ആണ് നമ്മുടെ മല്ലിഗെ എന്ന് അടുത്ത കാലത്താണ് ഞാൻ അറിഞ്ഞത്). പേര് മാറി ആകെ പജീതി ആയ കുറെ സംഭവങ്ങൾ ഉണ്ട് ജീവിതത്തിൽ . അതിൽ ഒന്ന് അവസാനം പറയാം. നമ്മുടെ കിണ്ടിപൂവിനു നല്ല മഞ്ഞ നിറമാണ്. വാലില്ലാത്ത കിണ്ടിയുടെ ഒരു രൂപം. മണമൊന്നുമില്ല. വെറുതെ കണ്ടിരിക്കാം. എല്ലാ സീസണിലും അത് പൂവിടും. അന്ന് ഞങ്ങളുടെ വീട്ടു മുറ്റത്ത് മാത്രമേ കിണ്ടിത്തൈ ഉണ്ടായിരുന്നുള്ളൂ. നേർത്ത നീളമുള്ള ഇല. തണ്ടിമ്മേൽ ചുറ്റും അവ കിളിർത്ത് വരും. ഒരു ഇല അടർത്തിയാൽ ഒരു ജാതി പാൽ ചുരത്തും. അതിന്റെ ഇല പറിക്കുന്നത് ഒഴിവാക്കാൻ ഉമ്മ ഞങ്ങളോട് പറഞ്ഞിരുന്നത് - കിണ്ടിപൂ മരത്തിനറെ ചപ്പലെ പറിച്ചാൽ മരം നൊമ്പലായിറ്റ് കരയും പോലും; ആരും അതിനെ വേദനിപ്പിക്കരുത്. ഒരു അന്ധവിശ്വാസത്തിന്റെ പിൻബലത്തിൽ കിണ്ടിപൂമരം അവിടെ നല്ല പ്രതാപത്തിൽ വളർന്നു . എന്റെ രാവിലെയുള്ള ഒരു ഏർപാട് മരമൊന്നു കുലുക്കി പൂ വീഴ്ത്തുക എന്നതായിരുന്നു. അതൊരു കർക്കിടകം മാസം. മരത്തിന്റെ ഞാൻ. താഴെ തോട്ടിൽ കൂടി ഒരു കുൽസു ഒക്കത്ത് 3-4 വയസ്സുള്ള ഒരു ''ലാട്നി''യുമായി സ്പീഡിൽ നടക്കുന്നു. എന്റെ കമ്പ്യൂട്ടർ വർക്ക് ചെയ്തു. പുള്ളിക്കാരി അവിടെ എത്തലും മരം കുലുക്കലും ഒന്നിച്ച്. എന്താ മരം പെയ്യൽ. ''മായേ ...മായേ...'' ചെക്കൻ നനഞ്ഞു ''ചൾച്ചിറ്റ് ഉസ്രുകട്പ''ത്തിൽ കരയാൻ തുടങ്ങി. പാവം കുൽസുവും നനഞ്ഞു പോയി. എന്നെ അവൾ ഒരു ഒരു ആവിയാക്കുന്ന നോട്ടം. ഞാൻ കൂളായി - '' പോട്ടോളേ ....ഞാൻ കണ്ടിട്ട്ലായിനി....'' ''ആബോനേ ....ബമ്പാക്കാന് ....'' വിഷയം മാറ്റാൻ ഞാൻ : കുൽസൂ ...ഏട്ക്കോന്നോളേ .. ജോനേം കൊണ്ട് ... കു : കുഞ്ഞിമാന്റാട്ക്ക് . ഞാ : എന്നിനോളെ . കു : സൌക്കുഞ്ഞി, കൂക്കീറ്റ് കയ്ന്നില്ല ...ഓന് ''കൊഞ്ഞണം'' കാണ്ക്കാൻ അറീന്ന്-ല്ലാ...അത് പടിക്കാന് പോന്നെ ... ഞാൻ കൊറേ ട്രൈ ചെയ്ത് നോക്കി. നനഞ്ഞു ഇത്ര കഷ്ടപ്പെട്ട് അങ്ങോട്ട് പോകുന്നതിനു പകരം വഴിക്ക് വെച്ച് തന്നെ പയ്യൻ പഠിച്ചാൽ ഈറ്റിങ്ങൾക്ക് തിരിച്ചു പോകാമല്ലോ; അവിടെ പോയി എന്നെ കമ്പ്ലൈന്റ് പറയുന്നതും ഒഴിവാകുമല്ലോ. എവിടെ ...? ''കച് കച്''.ശബ്ദം വായീന്ന് വരണം. അതു ലാട്നിക്ക് തീരെ വശമില്ല. ''എന്ക്കറീന്ന്-ല്ലാ.. ല്ലാ. ചൾക്ക്ന്ന് '' ചെക്കൻ കഴുത്തിനു ആരോ പിടിച്ചു ഞെക്കിയ പോലെ ഉറക്കെ കരച്ചിൽ. എനിക്കെതിരെ പരാതി പറയാൻ ഒരു സ്കൊപ്പുണ്ടോന്ന് രാവിലെ മുതൽ തന്നെ തേരാ പാരാ നടക്കുന്ന എന്റെ അനിയത്തി ലാട്നിയുടെ ബിളികൂട്ടൽ കേൾക്കരുതെന്ന് പേടിച്ചു ഞാൻ രണ്ടു ഫ്രഷ് കിണ്ടിപൂ ഫ്രീയായി കുട്ടിക്ക് കൊടുത്തു കുട്ടിയെ ഒരു വിധത്തിൽ സമാധാനിപ്പിച്ചു കുല്സുനോട് കുഞ്ഞിമാന്റാട്ക്ക് വിട്ടോളാൻ പറഞ്ഞു. അന്നൊക്കെ ‘’കൊഞ്ഞണം കാണിക്കൽ’’ ഒരു ഇൽമ് ആയിരുന്നു. രണ്ടു വയസ്സ് മുതൽക്ക് തന്നെ വീട്ടിൽ ആരെങ്കിലും ഒന്ന് പഠിപ്പിച്ച് എടുത്തോളും. പെറ്റ് നാൽപതായാൽ ചിരിക്കൽ, മൂന്ന് മാസമായാൽ കമിയൽ, പിന്നെ പര്ക്കൽ, 9 മാസത്തെ എഴുന്നേൽക്കൽ , അത്കഴിഞ്ഞ് നടക്കൽ, തുടർന്ന് നാലക്ഷരം മുണ്ടൽ, ലാസ്റ്റ് കൊഞ്ഞണം കാണ്ക്കൽ ....ഇതാണ് അന്നത്തെ ഒരു ഒരു ഫ്ലോ . ചില വീട്ടിലൊക്കെ രാവിലെ തന്നെ അഞ്ചാറെണ്ണം കീഞ്ഞൊളും - കച് കച്ന്ന്...കൊഞ്ഞണം കുത്താൻ. അത് കേട്ടാൽ അപ്പർത്തെ പോരേലെ പുള്ളമ്മാർ തുടങ്ങും. ഇതിൽ മത്സരം വരെ ചിലപ്പോൾ നടത്താറുണ്ടെന്നു തോന്നുന്നു. ഒരു ആയം ഉണ്ടെങ്കിൽ ഈസിയാണ് കൊഞ്ഞണം പഠിക്കാൻ... മോന്ത അതിനായി റെഡിയാക്കി വെക്കുക. മൂക്ക്, കീഴ്ചുണ്ട്, കീഴ് പല്ലിൻ സെറ്റ് എന്നിവ ഒന്ന് വലിച്ചു നിർത്തുക . അപ്പോഴേക്കും കീഴ്ചുണ്ട് താഴെ നിരയിലെ പല്ലിനെ കവർ ചെയ്യും. മുകളിലെ ചുണ്ട് , മുൻപ്പല്ലിനെ പകുതി മറക്കും. കണ്ടിഷനിൽ കണ്ണാടി നോക്കിയാൽ സുഗ്രീവന്റെ കോലം വരും. എന്നിട്ട് നാക്ക് ചെറുതാക്കി, ഒന്ന് കീഴ്ച്ചുണ്ടിന്റെയും കീഴ്നിര പല്ലിന്റെയും ഇടയിലേക്ക് ഒന്ന് പതുക്കെ എറിയുക. ''ചക്'' ഒരു ശബ്ദം കേട്ടാൽ - ഓപറേഷൻ സക്സസ്. അത് ഒരു ഈണത്തിൽ നാക്ക് എറിഞ്ഞു കൊണ്ടേയിരിക്കുക; തിരിച്ചെടുക്കുക. പഠിച്ചു കിട്ടിയാൽ ഈസിയാണ്. പെണ്പ്പിള്ളേർ ഇത് കുറെ കൊല്ലക്കാലം കൊണ്ട് നടക്കും. ഇവൾമാർ ഒന്ന് പറഞ്ഞു രണ്ടാമത്തെതിന്ന് കൊഞ്ഞണം ഉറപ്പാണ്. അന്നൊക്കെ സ്കൂളിലും മദ്രസ്സയിലും സാർ-ടീച്ചർ-ഉസ്താമാരുടെ മുന്നിൽ ദിവസം അര ഡസനെങ്കിലും ‘’കൊഞ്ഞണം കുത്തൽ’’ പരാതി എത്തിയിരിക്കും. ഒരു ഉസ്ത്ത സ്ഥിരം ഒരുത്തിയെ കുറിച്ച് പരാതി കേട്ട് സഹിക്കാൻ പറ്റാതായപ്പോൾ പറഞ്ഞ ഡയലോഗ് ഇപ്പോഴും ഓർമ്മ ഉണ്ട് - ''നിന്റെ മൂട്ട്നെ തിര്ചിറുണേ..പച്ചെ സെയ്താനേ ...'' സംഗതി ഫലിച്ചു. ചില മാഷമ്മാർ പരാതി എഴുതി തരാൻ പറയും. എന്റെ ക്ലാസ്സിലെ ഒരു സൗക്കതലി തലക്കെട്ട് ഇട്ടത് ഇങ്ങനെ: '' ഗുൽഷൂ.. ഗൊജനം ഗുദി’’. സമീ, നീ ഇത് വായിച്ചു ചിരിക്കരുത്. അവൻ അത്രയെങ്കിലും എഴുതി ഫലിപ്പിച്ചു കളഞ്ഞല്ലോ. !) ഒരീസം ഞാൻ മീൻ വാങ്ങി വരുമ്പോൾ ഒരു വീട്ടിൽ ''പുള്ളർകൂട്ടം''. തായലെ ഭാഗത്ത് നിന്ന് ഒരു സംഘം വന്നതാണ്. ക്ലാസ്സിൽ ഇരിക്കുമ്പോൾ തൊട്ടപ്പുറത്തെ ബിരിന്റെ വിടവിൽ കൂടി തലയിട്ട് വി.ടി. കുൽസൂനെ , സി.കെ. കുൽസൂ കൊഞ്ഞണം കാണിചെന്നാണ് പരാതി. അന്നൊന്നും നമ്മുടെ സ്കൂളിൽ ഒരു ക്ലാസ്സിനും കൽമതിലില്ല. റീപ്പിന്റെ കഷ്ണം വെച്ച് ഒരു ഫ്രെയിം. അതിന് രണ്ടോ മൂന്നോ മരത്തിന്റെ സ്റ്റാന്റ്. അതില് നീലയോ പച്ചയോ നിറമുള്ള കട്ടിയുള്ള കോര്തിന്റെ തുണി, മറ പോലെ ഇട്ട് ആണിയടിച്ച് ഫിക്സ് ചെയ്യും. സ്കൂളിൽ നീല നിറവും മദ്രസ്സയിൽ പച്ച നിറവുമുള്ള തുണിയാണ് ഉപയോഗിക്കുന്നത്. അന്നേ നാട്ടാര്ക്ക് എവിടെ ഏത് കളർ വേണമെന്ന് ഒരു നിശ്ചയം ഉണ്ടായിരുന്നു. ചില പിള്ളേർ ആരും കണ്ടില്ലെങ്കിൽ വിരിയിൽ മൂക്കള തേച്ച് വൃത്തികേടാക്കും. തൊട്ടപ്പുറത്തുള്ള ക്ലാസ്സിൽ വല്ല ടീച്ചറോ വന്നു പാട്ടോ കേട്ടെഴുത്തോ തുടങ്ങിയാൽ, ചില പിള്ളേർ ചെറുതായി തുണി മതിലിൽ ഒരു വിടവ് ഉണ്ടാക്കും. എന്നിട്ട് അതിൽ കൂടി നോക്കും. ഒരു കൂറയുടെ മീശ പോകുന്ന ദ്വാരം ഒരാഴ്ച കഴിഞ്ഞാൽ കാണാം - രണ്ടു ക്ലാസ്സുകളിലേക്കു എളുപ്പം പോകാനുള്ള ഒരു ബൈപാസായി മാറുന്നത്. ചൂരൽ, ഡസ്റ്റർ, ചോക്ക് ഇതൊക്കെ ക്ലാസ്സിൽ ഇല്ലെങ്കിൽ അപ്പുറത്തെ ക്ലാസ്സിലേക്ക് പോകുന്നത് പിന്നെ വഴിയിൽ കൂടിയായിരിക്കും. ജോണ് മാഷോന്നൊർമ്മയില്ല; ഒരു കുറുതായ മാഷ് തല നൂഴ്ത്തി അപ്പുറത്തെ ക്ലാസ്സിലേക്ക് തുണിമതിലിൽ കൂടി കടക്കുന്നത് നിത്യ സംഭവമായിരുന്നു. നമ്മുടെ സി.കെ. കുൽസൂ ഇമ്മാതിരി ഒരു ക്ലാസിലെ മതിൽതുരങ്കം വഴി തലയിട്ട് വി.ടി. കുൽസൂനെ കൊഞ്ഞണം കാണിച്ചു പോലും. വി.ടി. കുൽസൂ മുസാബിന്റെ കണ്ടമൊന്നുമല്ല. അവളും കൊഞ്ഞണം കാണിച്ചിട്ടുണ്ട്. ബട്ട്, ...തുടക്കം കുറിച്ചത് സി.കെ. കുൽസൂ എന്ന് മാത്രം. രണ്ടു കുൽസുമാരും ഒരേ വാശി. ''ഞാനല്ല പഷ്ട്ട് അങ്ങനെ ആക്കിയത്''. അവസാനം സി.കെ. ഉമ്മു കുൽസു തന്റെ മോളെ കുറിച്ച് നന്നായി അറിയാവുന്നത് കൊണ്ട് ഒരു തീരുമാനം എടുത്തു : സി.കെ. കുൽസൂന്റെ ‘’ചിരിക്ക് ചൊട്ടാൻ’’. ചൊട്ടൽ എന്ന് പറഞ്ഞാൽ ഒന്നൊന്നര ചൊട്ടായിരിക്കും. ചിലപ്പോൾ ഒരാഴ്ചക്കാലം ചുണ്ട് കരുവാളിചിരിക്കും. മുട്ടാമണ്ങ്ങ പോലെ അവിടെ പൊള്ളിയിരിക്കും. മൊളിന്റെ മഞ്ഞത്തണ്ണി ഏരിയ കൊണ്ടാൽ ഊൗഫ് ...എന്ത് കത്തല് മോനെ... അന്നൊക്കെ ശിക്ഷാനടപടി പബ്ലിക്കായിട്ടാണ്. അത് കാണാനാണ് പിള്ളാരുടെ കൂട്ടം. ഞാനൊക്കെ ശിക്ഷാവിധി നടപ്പിലാക്കുന്നത് കാണാൻ പോകും - സ്കൂൾ വിട്ടാൽ. പിന്നെ പിള്ളാരുടെ ഇടയിൽ ഒരു ചർച്ചയാകും. പതിവ് പോലെ ഇതും ഞങ്ങൾക്ക് രണ്ടു ദിവസം ഒരു ചർച്ചാ വിഷയം ആയി. ചില ശിക്ഷയൊക്കെ ചെറിയ വിഷയം ആയിരിക്കും കാരണം. പുൾങ്കട്ട എടുത്തതിന്; കുഞ്ഞിച്ചപ്പലെ കട്ടതിന്; മൈൽപീലി പൊക്കിയതിന്. . ഒരു ദിവസം ഒരു ''എട്ടണ'' തോട്ടിൽ മലർന്നു കിടക്കുന്നു. എന്നെ നോക്കി അതൊരു ചിരി... ഞാൻ വേഗം പള്ളി പോയി. തിരിച്ചു അവിടെ തന്നെ എത്തി. അപ്പോഴും അത് അവിടെ തന്നെ ഉണ്ട്. രണ്ടും കൽപ്പിച്ചു ഒന്ന് കുനിഞ്ഞതും മൊയ്ലാര്ച്ച വന്നതും ഒന്നിച്ചു. വെപ്രാളത്തിൽ ഞാൻ കാൽ വഴുതി താഴെ വീണു. ആകെ എരപ്പായി. ചുണ്ടം വിരലിന്റെ നഖം എങ്ങിനെ പോയെന്നു എനിക്ക് തന്നെ അറിയില്ല. എന്റെ ആദ്യത്തെ മോഷണ ശ്രമം അങ്ങിനെ ഒരു ദുരന്തത്തിൽ അവസാനിച്ചു. ഉമ്മാന്റെ വിസ്താരത്തിൽ സത്യം പറയേണ്ടി വന്നു. വേദനയുടെ ഇടയിലും ഉമ്മാന്റെ വക അടിയും കിട്ടി. വഴി പോകുമ്പോൾ പൈസാന്റെ കിഴി പോലും വീണു കണ്ടാൽ കാണാത്ത പോലെ നടന്നോണം എന്നു ഉപ്പയും ഉമ്മയും എനിക്ക് അന്ന് മുതൽ കർശന നിർദ്ദേശം തന്നു. പിന്നെ പണിക്ക് നിന്നിട്ടില്ല.

No comments: