Tuesday, January 5, 2016

നിരീക്ഷണം

നിരീക്ഷണം
************** 
അസ്ലം മാവില
******************** 
തിരി അണയാതിരിക്കാൻ ...
 *********************************** 
''കാറ്റ് ബെര്ന്ന്രാ ....തിരി കൊർചൊ താത്ത്റാ ....'' ''ഇല്ലാങ്ക് കൈ പൊത്ത്ണേ ...'' ചിമ്മ്ണിക്കൂടും ചിമ്മ്ണെണ്ണയും ചിമ്മ്ണിത്തിരിയും ഉള്ള കാലത്ത് വീടുകളിൽ ഇടവപ്പാതി മുതൽ കേൾക്കുന്ന സ്ഥിരം ഡയലോഗ്. തീ അണയാതിരിക്കാൻ ഇതിനോളം വേറൊരു ഉപായമില്ല. തിരി ചെറുതായി താഴ്ത്തുന്നത് കൊണ്ട് വെളിച്ചക്കുറവ് ഉണ്ടാകാം. പക്ഷെ, പാടേ ഇരുട്ടാകില്ല. ആരും വെപ്രാളപെടില്ല. തിരി നീട്ടാൻ വീണ്ടും ആയിരം കൈകൾ വരുമെന്ന പ്രതീക്ഷയാണ് നമുക്ക് നല്കുക. എണ്ണ ആറുമ്പോഴാണ് ഭയക്കേണ്ടത്. നിരാശ അവിടെ കൊരുത്തും കൊളുത്തിയും വരും. പ്രതീക്ഷയുടെ കൂമ്പും നാമ്പുമടയും. വെള്ളത്തിന്റെ നിരപ്പ് കൂടിയും കുറഞ്ഞുമിരിക്കും. അതൊക്കെ ഋതുഭേദങ്ങളുടെ ബാക്കി ഭാഗം. ഉറവ എന്നെന്നേക്കുമായി വറ്റുമ്പോഴാണ്ഉത്കണ്ഠപ്പെടേണ്ടത്
ആർ .ടി. അണയുകയോ അണയാതിരിക്കുകയോ ചെയ്യട്ടെ ; ആർ .ടി. ഒരുക്കൂട്ടിയ നല്ല മനസ്സുകളിലെ കൈത്തിരിയും നെയ്ത്തിരിയും അണയാതെ കിടക്കുക തന്നെ ചെയ്യും. ഒറ്റയ്ക്കും തെറ്റയ്ക്കും ഓരം ചേർന്നും സാംസ്കാരിക കൂട്ടായ്മയുടെ ഭൂമികയിൽ നിന്ന് നല്ല മനസ്സുകൾ സംസാരിക്കും; സംവദിക്കും. അതിന്റെ തോറ്റം പോലും പാഴ്വാക്കുകളാകില്ല. നാമിപ്പോഴും പൊയ്പ്പോയ കൂട്ടായ്മകളെ കുറിച്ച് ഒരു മേസ്തിരിയുടെയും അനുമതിക്ക് കാത്തിരിക്കാതെ നല്ല വാക്കുകൾ പറയാറില്ലേ... മല താണ്ടാനിറങ്ങിയവൻ സത്രം കണ്ടപ്പോൾ ഭാണ്ഡം ഇറക്കി വെച്ച് വിശ്രമിച്ചിട്ടുണ്ട്. ആർ .ടി. യുടെ മൗനമിനിയങ്ങിനെ കണക്കു കൂട്ടാം. അടുത്ത പ്രയാണത്തിനുള്ള ഒരുക്കമാകാം. നമ്മുടെ സംസ്കാരമെപ്പോഴും നല്ലത് ഭവിക്കാനാണല്ലോ മന്ത്രിക്കുക. ഞാനും വിളക്കിനു ചുറ്റും നിങ്ങളോടൊപ്പം കൈപ്പൊത്തുന്നു... N.B : ഇനി ''നിരീക്ഷണം'' ഘടന അൽപ്പം മാറ്റി കുറച്ചു കാലത്തേക്ക് സാൻ അംഗമായ അവന്റെ എഴുത്ത് കൂട്ടുകാരുടെ writers' club-ലേക്ക് ദിശമാറി ഒഴുകും.

No comments: