Tuesday, January 5, 2016

കുട്ടിക്കാല കുസൃതിക്കണ്ണുകൾ


മാവിലേയൻ
ഞങ്ങളുടെ നല്ല അയൽക്കാരിൽ ഒരാളാണ് കുഞ്ഞിമ്മാളു അമ്മ. ബാബെട്ടനും നാരായണനും അവരുടെ മക്കൾ. ഞങ്ങളുടെ വീട് പോലെ തന്നെ അന്ന് അവരുടെ വീടും പുല്ല് മേഞ്ഞതാണ്. അവിടെ രണ്ടു വീടുകളുണ്ട്. മറ്റൊന്ന് വേറൊരു ബാബെട്ടന്റെ. രണ്ടു പേരുടെയും വീടിന്റെ മോന്തായത്തിനെക്കാളും വലിപ്പം തോന്നിക്കുന്ന രണ്ടു കശുമാവുണ്ട്, പറമ്പിൽ. ‘’കൊട്ട’’ന്റെ സീസണായാൽ ഇലയേക്കാളും കൂടുതൽ അതിൽ കശുമാങ്ങ കായ്ക്കും. ഓരോ മരത്തിലും കാണാം നല്ല ഉറപ്പുള്ള ‘‘കൊക്ക’’യോട്കൂടിയ രണ്ടു മൂന്നു തോട്ടി. എല്ലാത്തിനും ഒരേ നീളമല്ല. ചില്ലകളുടെ ഉയരം അനുസരിച്ച് ഓരോന്നും ഓരോ നീളം. എല്ലാ ദിവസവും പോകാൻ വീട്ടിന്ന് സമ്മതിക്കില്ല. '' എല്ലാ പുള്ളറും ബന്നിറ്റ് പായം പെർക്ക്ന്ന് ...നിങ്ങക്കെന്തേ ബന്നിറ്റ്പെർക്കാൻ…..തീരാനായല്ലോ....’’ ഇതും പറഞ്ഞു കുഞ്ഞിമ്മാളുഅമ്മ വീട്ടിൽ വരും. ഞങ്ങളോട് ഒരു ‘’ദിവസം’’ പറയും. അന്നാണ് ഞങ്ങൾക്ക് പോകാൻ വീട്ടിന്ന് അനുമതി. (എല്ലാ ദിവസവും പോകാൻ വീട്ടിന്ന് സമ്മതിക്കില്ല.) ഒരു സഞ്ചിയും കൊണ്ട് അന്ന് വൈകുന്നേരം ഞാനും പെങ്ങളും പോകും. കുഞ്ഞിമ്മാളുഅമ്മ ഞങ്ങളെ ദൂരേന്നു കാണും. അവർ മുറ്റം വൃത്തിയാക്കുകയോ അല്ലെങ്കിൽ ''ഗോളീ''ന്നു വീണ ഇലയൊക്കെ കൂട്ടി ചൂട്ടൊന്നൂർ കത്തിക്കുകയോ മറ്റോ ആയിരിക്കും. ഞങ്ങളെ കണ്ട മാത്രയിൽ അവർ അതൊക്കെ ഒഴിവാക്കി ഓടി വരും. അമ്മ വന്നു ഓരോന്ന് പറിച്ചിടും. സഞ്ചി നിറയുവോളം അവർ കശുമാങ്ങ പറിക്കും. സമയം അവിടെ വരുന്ന സൗകു -കുൽസുമാരെ പെറുക്കാൻ സമ്മതിക്കില്ല. ( അവർ മുറ്റത്ത്ചാണകം തെളിക്കുന്നത് കണ്ടാൽ എന്റെ പെങ്ങൾ അവിടെ നിൽക്കില്ല. എന്റെ കയ്യും പിടിച്ചു തിരിച്ചു വീട്ടിലേക്ക് നടക്കും. പോകുന്ന പോക്കിൽ മരത്തിനടിയിൽ വീണുകിടക്കുന്ന ഒന്നോ രണ്ടോ പഴമെങ്ങാനും പെറുക്കിയാൽ അത് പെങ്ങൾ തട്ടിത്തെറിപ്പിക്കും. കശുവണ്ടി കട്ട് കൊണ്ട് പോകുന്നതെന്ന് കുഞ്ഞിമ്മാളുഅമ്മ തെറ്റിദ്ധരിക്കും പോലും.) അവിടെ പോകാൻ തന്നെ ചെറിയ പേടിയുണ്ട്. അതിനു ഒന്ന് രണ്ടു കാരണങ്ങളാണ്. കശുമാവിന് കിഴക്ക് വശത്തായി ഒരു ഒന്നൊന്നര ആൽമരമുണ്ട്. സ്കൂളിന്നു വരുമ്പോഴും പോകുമ്പോഴും ഓരോ സൌകുമാരും നിറം പിടിപ്പിച്ച കഥകളായിരിക്കും പറയുക. കൂട്ടത്തിൽ അതിനു മൂളിക്കൊടുക്കാൻ കുൽസുമാരും. ഒരുത്തൻ പറയും രണ്ടു തലയുള്ള പാമ്പുണ്ടെന്ന്; അങ്ങോട്ട് കേൾക്കുമെന്ന് തോന്നിയാൽ സൌകുമാർ തലയുടെ എണ്ണം കൂട്ടും. അത് കൊണ്ട് ഗോളിക്ക് അഭിമുഖമായുള്ള ചെറിയ മുൾ ഗേറ്റിൽ കൂടി പോകാറില്ല. പിന്നെ ഒരു അനർഥത്തിന്റെ നായയും. വെറുതെ കുരച്ചു കളയും. വേറെന്ത് കടിച്ചാലും സാരമില്ല; നായ് കടിക്കുക - ഒരു സുഖമുള്ള ഏർപ്പാടല്ല എന്നൊരു തോന്നൽ അന്ന് എല്ലാര്ക്കും ഉണ്ടായിരുന്നു. ദീനുൽ ഇസ്ലാമിന്ന് പുറത്ത് പോകുന്നത് പോലെ കുട്ടികളുടെ ഇടയിൽ സംസാരം. ''ലീസ്റ്റർ കണ്ടു; പാസ്റ്റർ കൊന്നു'' എന്നോ മറ്റോ ഉള്ള പാഠം പഠിച്ചതോടെ പൊക്കിളിന്ന് ''ചോലും തൂയ്'' വെക്കുമെന്ന അറിവ് നായയോടുള്ള പേടി ഒന്ന് കൂടി വർദ്ധിപ്പിച്ചു. (നായ്കഥ കുറെ ഉണ്ട്, പിന്നെ ഒരിക്കൽ ആകാം) ഇപ്പോഴുള്ള ന്യൂ മോഡൽ സ്കൂളിന്റെ പിൻ വശത്തായി കിട്ടുന്ന മതിൽ കടന്നോ പടിഞ്ഞാറ് വശത്തുള്ള ചായ് മരത്തിന്റെ വിടവിൽ കൂടിയോ ആയിരിക്കും പറമ്പിലേക്ക് പോകുക. നമ്മുടെ നാട്ടിലെ ഏക ‘’കള്ള് നിർമ്മാണ മര’’മെന്ന പ്രത്യേകതയും അതിനുണ്ട്. അതിന്റെ സൈഡിൽ കൂടി പോകാതിരിക്കാൻ ബാബേട്ടൻ പറഞ്ഞിരുന്ന ഡയലോഗ് - ''ആടെ നിക്കണ്ടാ പുള്ളറേ..... കള്ള്ഇണ്ടാക്ക്ന്നെ മരോ, മോയ്ലാർച്ച ബെര്ന്നെ അദാ ....പാഞ്ഞിറ്..''. കള്ള് എന്ന് കേൾക്കുന്നത് പോലും അന്ന് എല്ലാവർക്കും അത്രമാത്രം വെറുപ്പായിരുന്നു.

കുഞ്ഞിമ്മാളുഅമ്മ വീട്ടിൽ വന്നാൽ ഞങ്ങൾക്ക് ചില ഐതിഹ്യകഥകൾ പറഞ്ഞു തരും. സൂര്യഗ്രഹണത്തെ കുറിച്ചും ചന്ദ്ര ഗ്രഹണത്തെ കുറിച്ചും മറ്റും. പാമ്പ് വന്നു സൂര്യനെയും ചന്ദ്രനെയും വിഴുങ്ങുന്നതാണ് പോലും. അതോടെ ഭൂലോകമാകെ ഇരുട്ട് പടരും. സൂര്യനെയും ചന്ദ്രനേയും വിഴുങ്ങിയ പാമ്പിനോട് അവറ്റങ്ങളെ തുപ്പി ക്കളഞ്ഞു വെളിച്ചം തിരിച്ചു തരാൻ വേണ്ടി അവർ പ്രാർഥിക്കും പോലും. അത് ഞങ്ങൾ കേൾക്കുകയും ചെയ്യാറുണ്ട്. ഗ്രഹണം വന്നാൽ മേലോട്ട് നോക്കുന്നതിനു പകരം, അവരുടെ വീട്ടിലെ കൂക്കലും ബിളിയും കേൾക്കാനാണ് ഞങ്ങൾ ചെറുപ്പത്തിൽ ശ്രദ്ധിച്ചിരുന്നത്. ''ഗോവിന്ദാ ...'' എന്ന് പാവങ്ങൾ ഉച്ചത്തിൽ വിളിക്കും. അവർ സീരിയസ്സയിട്ടാണ് നില വിളിക്കുന്നത്. (വിഷ്ണുവിന്റെ പേരാണ് ഗോവിന്ദനെന്ന് പിന്നൊരിക്കൽ നമ്മുടെ ടൈലർ കുഞ്ഞിരാമേട്ടൻ പറഞ്ഞു തന്നു - പുള്ളി ഒരു ഇടതു പക്ഷക്കാരനും അറിയപ്പെടുന്ന തെയ്യം കെട്ടുകാരനുമായിരുന്നു ) ഗ്രഹണ ദിവസമൊക്കെ പ്രത്യേക പൂജാകർമ്മങ്ങൾ അവിടെ ഉണ്ടാകും. അന്ന് പതിവിനു വ്യത്യസ്തമായി ശംഖ്ഊത്തൊക്കെ ഞങ്ങൾ കേൾക്കും. ഒരു ദിവസം പൂജാരിയോട് ഞാൻ ചോദിച്ചു : ‘’അതെന്താ അങ്ങിനെയൊരു ഊത്ത്?’’ പുള്ളിപ്പറഞ്ഞു, നിങ്ങളെ ദേവസ്ഥാനത്ത് മുക്രിച്ച ബാങ്ക് കൊട്ക്ക്ന്നില്ലേ ? അതേ പോലെ ... (അപ്പോൾ അതാരാണ് ഊതുന്നതെന്നും പറച്ചിലിൽ നിന്നും മനസ്സിലായി ) ഗ്രഹണ സംബന്ധമായ എല്ലാ തെറ്റിധാരണയും തിരുത്തിയത് പക്ഷെ, ഇതേ പൂജാരിയായിരുന്നു. അത് ഞാൻ എട്ടിലോ ഒമ്പതിലോ പഠിക്കുന്ന സമയം. മത വിഷയത്തിൽ വലിയ അറിവുള്ള ആൾ എന്ന് കരുതി പുള്ളിയോട് ഞാൻ ഒന്ന് കൂടി സംശയം തീർക്കാൻ വേണ്ടി ചോദിച്ചു: ഒരു സംശയം ചോദിച്ചോട്ടെ. പുള്ളിക്കാരൻ: ഒന്നാലോചിച്ചു പറഞ്ഞു, എനിക്ക് അറിയുന്നത് പറഞ്ഞു തരാം. ഞാൻ: അത് മതി. സൂര്യഗ്രഹണം, ശരിക്കും എന്താണ് സംഭവം? പുള്ളിക്കാരൻ എന്നെ ഒന്ന് നോക്കി. (നോട്ടം തന്നെ, ഇവന് ചോദിക്കാൻ കണ്ട ഒരു ചോദ്യം എന്ന രൂപത്തിൽ). എന്നിട്ട് ഞാൻ അവിടെന്നു പോകുന്ന ലക്ഷണമില്ലെന്നു തോന്നിയപ്പോൾ എന്നോട് പറഞ്ഞു - ''അത് സൂര്യ ദേവന് പനി വരുന്നതാണ്''. ഇടിയും മഴയുമൊക്കെ ‘’ചുമയും ജലദോഷ’’വുമായിരിക്കും എന്ന് ഞാൻ അപ്പോൾ തോന്നിയ ഫലിതം പറഞ്ഞപ്പോൾ, പുള്ളി ചിരിച്ചതിനു കണക്കില്ല. ''ആഗാ....തമാസെ ആക്കാൻ ....''. ഞാൻ പറഞ്ഞു, നിങ്ങളുടെ തമാശയ്ക്ക് എന്റെ വക ഒന്ന്. പിന്നെ എപ്പോൾ കണ്ടാലും എന്നോട് ഒരു പാൽപുഞ്ചിരി. എന്നെ മലയാളം പഠിപ്പിച്ചിരുന്ന നാരായണൻ മാഷും ഫ്രാൻസിസ് സാറും പറഞ്ഞു തന്ന കുറെ പുരാണ കഥകളും മദ്രസ്സയിൽ നിന്ന് കേട്ട പ്രവാചക കഥകളൊക്കെ അങ്ങോട്ട് പറഞ്ഞു കൊടുക്കലായി പിന്നെ ഞാൻ. കുഞ്ഞിരിക്കെ തൊട്ടിലിൽ കൂടി പുഴയിൽ ഒഴുകി രക്ഷപ്പെട്ട കൃഷ്ണൻ, പിന്നെ അദ്ദേഹം കംസന്റെ കൊട്ടാരത്തിൽ വളര്ന്നത്..... മൂസ നബിയെ ചെറുതിരിക്കെ തൊട്ടിലിൽ പുഴയിലൂടൊഴുകി രക്ഷപ്പെടുനത്, ഫിർഔന്റെ കൊട്ടാരത്തിൽ, അയാളുടെ സംരക്ഷണത്തിൽ വളരുന്നത്.... താരതമ്യമൊക്കെ കേട്ട് പൂജാരി കോരിത്തരിക്കും. കയ്യിലുള്ള മരുന്ന് (ഇൽമ്) തീരുന്നതിനു മുമ്പ് ഞാൻ എന്തെങ്കിലും കാരണം പറഞ്ഞു സ്ഥലം വിടും. ഗ്രഹണത്തെ അന്നൊക്കെ പറഞ്ഞിരുന്നത് ''കർണ്ണം പുടിക്കൽ’’ എന്നാണ്. ''കർണ്ണം'' ശരിക്കും ഇന്നും കണ്ടിട്ടില്ല നേരിട്ട്. മുമ്പുണ്ടായിരുന്ന അന്ധവിശ്വാസം തന്നെയായിരുന്നു കാരണം. നോക്കിയാൽ കണ്ണ് പൊട്ടും. ഒരു കുൽസൂന്റെ ഉമ്മ വന്നിട്ട് പറഞ്ഞത് കണ്ണ് പൊട്ടിത്തെറിക്കുമെന്നാണ്. അങ്ങനെയൊക്കെ പറഞ്ഞാൽ നമ്മൾ മുകളിൽ പോകട്ടെ, സൈഡ് പോലും നോക്കില്ല. കണ്ണൊക്കെ കെട്ടിയിട്ടാണ് അന്നൊക്കെ ഉറങ്ങുക. കഞ്ഞിക്കലം, കറിച്ചട്ടി, ചെമ്പോലം ഇതൊക്കെ നല്ലവണ്ണം അടച്ചു ഭദ്രമായി മൂടും. കർണ്ണം പുടിക്കുമ്പോൾ ഭക്ഷണം കഴിക്കാൻ പറ്റുമോ? എത്ര മണിക്കൂർ കഴിഞ്ഞാലാണ് കഴിക്കുക തുടങ്ങിയ വിഷയത്തിൽ ചിലർ ഉസ്താദുമാരോടൊക്കെ അന്വേഷിച്ചു സംശയം തീർത്ത് കളയും. ഞാനൊക്കെ രാവിലെ എഴുന്നേറ്റ് കണ്ണാടി നോക്കും, കണ്ണൊക്കെ നേരെ ചൊവ്വേ ഉണ്ടോന്ന്. ഒരു ദിവസം ഒരു സൌക്കുന്റെ വീട്ടിൽ വൈകുന്നേരം ഞാൻ പോയപ്പോൾ ഒരു ബക്കറ്റിൽ പുള്ളിക്കാരൻ എന്തോ കലക്കുന്നു. മൂക്കും പൊത്തി അവന്റെ പെങ്ങൾ കുൽസു, നടുവിന് കയ്യും കൊടുത്ത് തൊട്ടടുത്ത്. സൌക്കു ചാണകം കലക്കുകയാണ്. അവിടെ പശു പോകട്ടെ, ഒരു ''പയേംകട്ച്ചി'' വരെ ഇല്ലാത്ത ഇവനെങ്ങിനെ ചാണകം കിട്ടി എന്നത് എന്നെയും ഞെട്ടിച്ചു. ബക്കറ്റിൽ ചാണകം കലക്കി അതിൽ കൂടി അന്ന് രാത്രി കർണ്ണം പുടിക്ക്ന്നതിന്റെ വിവിധ ഘട്ടങ്ങൾ പരീക്ഷണ-നിരീക്ഷണ വിധേയമാക്കുകയാണ് സൌകൂന്റെ ഉദ്ദേശം. അവന്റെ വീട്ടിൽ ഉമ്മയും ഉപ്പയുമില്ലാത്ത നേരത്താണ് ''തോത്താ'' മാർക്ക്നീല പുതുപുത്തൻ ബക്കറ്റിൽ ഗോക്കാഷ്ടം കൊണ്ടുള്ള അവന്റെ പരീക്ഷണം. സൌകുന് വരാനിരിക്കുന്ന പരീക്ഷണം ഓർത്ത് ഞാൻ അവിടെന്നു മെല്ലെ വലിഞ്ഞു. നമ്മളായിട്ട് അതിനൊരു മുടക്ക് വേണ്ടല്ലോ. അപകട സ്ഥലത്ത് നിന്ന് കാലത്തേം നേരത്തേം സ്ഥലം കാലിയാക്കുന്നത് എപ്പോഴും നല്ലതാണ്. ഉള്ളത് പറയാല്ലോ, മഗരിബിനു ഞാനും വേറെ സൌകുമാരും പള്ളിക്ക് പോകുമ്പോൾ വീട്ടിലെ കാർണ്ണോമാർ തുടങ്ങിയ അടി, നിസ്കാരം കഴിഞ്ഞു വരുമ്പോഴും തുടരുന്നുണ്ടായിരുന്നു. ഒരു യുവ വാന-ശാസ്ത്രജ്ഞന്റെ കൂമ്പായിരുന്നു അവർ പാവത്തിന്റെ കൂമ്പിനിടിച്ചു ഒരു പരുവമാക്കി വാട്ടിക്കളഞ്ഞത്. സയൻസിൽ 3-ഉം 4-ഉം മാർക്ക് വാങ്ങുന്ന പുള്ളി ആരോ പറഞ്ഞതും വെച്ച് ഇങ്ങനെയൊരു അറ്റകൈക്ക് പോകരുതായിരുന്നു. സൌകുന്റെ വീട് മൊത്തം ''ചാണക മൊസൈക്ക്'' ഇടാൻ വേണ്ടി വീട്ടുകാർ എവിടെന്നോ കൊണ്ട് വന്ന ചാണകമാണ് പുള്ളി പരീക്ഷണത്തിന് വേണ്ടി ''റോ മെറ്റിരിയൽ'' ആയി പുത്തൻ ബക്കറ്റിൽ തയ്യാറാക്കിയത്! ഇഷയ്ക്ക് മുമ്പ് അടി നിന്നത് അവന്റെ ഭാഗ്യം. നിങ്ങൾ എന്ത് പറയുന്നു

No comments: