Tuesday, January 5, 2016

കുട്ടിക്കാല കുസൃതിക്കണ്ണുകൾ

കുട്ടിക്കാല കുസൃതിക്കണ്ണുകൾ
മാവിലേയൻ
സ്കൂളിൽ വേനലവധി കിട്ടിയാൽ ഉമ്മാന്റെ വീട്ടിലേക്ക് പോകും. അവിടെ അഞ്ചെട്ടു ദിവസം താമസിക്കാം. അമ്മാവനും അമ്മായിയും അവരെ മക്കളും അയൽക്കാരും .....അവിടെ ആകെ ഒരു കല്യാണവീട്ടിലെ പ്രതീതി. അവിടെയുള്ള എന്റെ ഒരു കൂട്ടുകാരൻ സൌകുന്റെ ഉമ്മ ഒരു ദിവസം അമ്മാവന്റെ വീട്ടിൽ വന്നപ്പോൾ അമ്മായിയോട്പറയുന്നത് ഞാൻ ശ്രദ്ധിച്ചു. ''ന്ഞ്ഞങ്ങളെ കോയി ഒരൊയ്ക്കെ ...കാമ്പില്ലാത്ത മുട്ട ഇട്ന്നെ. എന്ത്ന്ന് അറീന്ന്-ല്ല....." എനിക്ക് ഭയങ്കര ആധിയായി അതൊന്നു കാണാൻ. സൌകുന്റെ ഉമ്മാന്റെ സഞ്ചിയിൽ 1-2 അമ്മാതിരിയുള്ള കോഴിമുട്ട കണ്ടതോടെ അത്ഭുതം വർദ്ധിച്ചു. കോഴിയെ ഒന്ന് കാണണമെന്നായി പിന്നെ ആഗ്രഹം. കുറെ പേർ പറഞ്ഞു പോലും കോഴിക്കൂടിനകത്ത് പാമ്പ്ഉണ്ടാകുമെന്ന്. പല വഴിയും നോക്കി. പിടിക്കാനോ കൊല്ലാനോ പറ്റുമോന്ന്. എവിടെ കിട്ടാൻ. അവസാനം സൌകൂന്റെ ഉമ്മാക്ക് കോഴിക്കൂടിൽ തലയിടാൻ തന്നെ പേടിയായിത്തുടങ്ങി പോലും. ''അപ്പൊ മുട്ടെ എങ്ങനെ എട്ക്ക്ന്നെ ...?'' അമ്മായിയുടെ ടെ ഞായമായ ചോദ്യം. ''അയിനു ഞങ്ങളെ കുല്സൂനു ഒരീ പേടിയും ഇല്ലാ....എന്റെ ഉപ്പാന്റോറെ സാജോം....." അതും പറഞ്ഞു സൌകുന്റെ ഉമ്മ അവരുടെ തറവാട് മഹിമ പറയാൻ തുടങ്ങി. നരീനെ അവരെ ഉഫുവ പിടിച്ചതും നല്ലാംപാമ്പിന്റെ അവരെ ഉപ്പ വാൽ പിടിച്ചു നിലത്തടിച്ചു കൊന്നതും മറ്റും മറ്റും.... ''നല്ലാംപാമ്പിനെ കണ്ടിനാ ?'' ''ഇല്ല ....'' ''പിന്നെ എങ്ങിനെ പാമ്പെന്ന് നിരീച്ചേ ... ?'' അത് അവരുടെ കോഴികളിടുന്ന മുട്ടകളിൽ പകുതിയും തോട് മാത്രം. ഒരു ദിവസം മുട്ടത്തോട് കഴുകിയപ്പോൾ അതിന്റെ അറ്റത്ത് ഒരു ചെറിയ സുഷിരം കണ്ടു പോലും. പാമ്പാണോന്ന് സംശയം....ഉറപ്പില്ല. 'മന്ത്രിച്ചെ ബെള്ളം കുട്പ്പിച്ചി ...... കോയിക്കുഞ്ഞിനെ പള്ളിക്ക് നേര്ന്ന് ....ഒരീ കൊണോ ഇല്ലാ..'' പാവം ഇഞ്ഞ ബേജാറ് പറയാൻ തുടങ്ങി. നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിനിടക്ക് മുട്ടത്തോടിടുന്ന കോഴിയെ കണ്ടു കളയാം എന്ന ഉദ്ദേശത്തിൽ ഒരു ദിവസം ഞാൻ സൌകൂന്റെ വീട്ടിൽ പോയി. അവിടെ അപ്പോൾ സൌകൂന്റെ ഉമ്മ ഇല്ല. സൗകു എന്തോ ഒരു യജ്ഞത്തിലാണ്. എന്നെ കണ്ടപ്പോൾ തന്നെ പുള്ളി ഒന്ന് പരുങ്ങി. സൌകുന്റെ കയ്യിൽ ഒരു നാടൻ കോഴിമുട്ട. ''കോയിമുട്ടനെ എന്താക്ക്ന്നോനെ'' ഞാൻ ''കുൽസു ചെല്ല്ന്ന് മുട്ടെ പൂവങ്കുഞ്ഞി തൊലിയ്ക്കൂന്ന് ; ഞാൻ ചെല്ല്ന്നെ പെട്ചീന്ന്'' സൗകു. എനിക്ക് ഉത്തരം അത്ര പന്തി പോലെ തോന്നിയില്ല. അവന്റെ ഇരുത്തം തന്നെ ഒരു സുഖമുള്ളതല്ല. തലയിൽ നിറയെ വെണ്ണീരുമുണ്ട്. ''ഇചാാ ....മുട്ടെ ഞാൻ തൂയീല് ഒട്ടാക്കീറ്റ് ആട്ന്നെന്നെ കുട്ച്ചീ....'' കുൽസു അകത്തു നിന്ന് അതും പറഞ്ഞു കൊട്ടിലിലേക്ക് വന്നു. എന്നെ കണ്ടതും പുള്ളിക്കാരി കുടിച്ച പച്ച മുട്ട മുഴുവൻ ദഹിച്ചിരിക്കും. മുഖത്തെ ''മഞ്ഞക്കുരു മീശ'' തണ്ടക്കൈ കൊണ്ട് അവൾ തുടച്ചു. സൌകുന്റെ സത്യസന്ധത അതോടെ അഴിഞ്ഞു വീണു. പാവം അവൾ എന്നെ കണ്ടിരുന്നില്ല. ഒരു ആവേശത്തിൽ പറഞ്ഞു പോയതാണ്. അപ്പോൾ ''കാമ്പ് മോഷണം'' പാമ്പിന്റെയോ ഒരു സെയ്താന്റെയോ പണിയല്ല. സൗകു- കുൽസുമാർ അവരുടെ ഉമ്മ പുറത്തെവിടെയെങ്കിലും പോയ തക്കം പാർത്ത് കോഴിക്കൂട്ടിൽ തലയിട്ടു മുട്ടത്തോടിൽ സൂചി കൊണ്ട്ചെറിയ ദ്വാരം ഉണ്ടാക്കി പച്ചമുട്ട വലിച്ചു കുടിക്കുന്നതാണ്. എന്നിട്ട് അത് അങ്ങിനെ തന്നെ കോഴിക്കൂടിൽ തിരിച്ചു കൊണ്ട് പോയി വെച്ച് നല്ല പിള്ള ചമയും. ഒരു ദ്രോഹവും ചെയ്യാതെ തട്ടിൻ പുറത്തു എലിയും പെരുച്ചാഴിയും പിടിച്ചു തിന്നുന്ന പാവം ചേരയ്ക്കും പാമ്പിനും പഴി മൊത്തവും. ഒരു പുതിയ സൂത്രവുമായാണ് ഞാൻ തിരിച്ചു വരുന്നത്. ഇതൊന്ന് അന്ന് തന്നെ പരീക്ഷിക്കാൻ ഞാൻ തീരുമാനിച്ചു. വീട്ടിൽ മുട്ട വെക്കുന്നത് എവിടെന്നു അറിയില്ല. രണ്ടീസം മുമ്പ് തള്ളക്കോഴിയെ അടയിരിക്കാൻ വെച്ച കോഴി മുട്ട എടുത്ത് ഒരു ശ്രമം നടത്താൻ തീരുമാനിച്ചു. ഫസ്റ്റ് ദിവസം വിജയകരമായി പൂർത്തിയാക്കി. രണ്ടാം ദിവസം വേറൊരു മുട്ട പൊക്കാൻ കൈ നീണ്ടതും .....അടി പുറത്തേക്കാണ് വീണത്. ''കക്കാൻ പടിക്കമ്പോ ...നേലാൻ പടിക്കണൂറാ ...'' തലേന്നാൾ ''അണ്ടാ ഓപറേഷൻ'' നടത്തി അവിടെ മറന്നു പോയ ''നൂലോട് കൂടിയ സൂചി'' തൂക്കി ഉമ്മാഉം പെങ്ങന്മാരും പിന്നിൽ. അവരുടെ നോട്ടം കണ്ടപ്പോൾ മനസ്സിലായി - ''അണ്ടാ ഓപറേഷൻ'' നമ്മുടെ നാട്ടിൽ പണ്ടേ വെന്ത് പോയതാണെന്ന്. ദേഷ്യത്തിൽ എന്നെ അടിച്ചതിനോ എന്തോ ഉമ്മ അന്ന്എനിക്ക് ചോറും ഉള്ളിയൊക്കെ മിക്സ് ചെയ്ത് ഒരു കോയിമുട്ട ഫ്രീയായി കാച്ചി തന്നു.

സൗകു എനിക്ക് എല്ലാ ടെക്ക്നിക്കും പറഞ്ഞു തന്നു - എങ്ങിനെ അണ്ടാ ഓപറേഷൻ ചെയ്യാന്ന്. പച്ചമുട്ട വലിച്ചു കുടിക്കേണ്ട വിധവും പറഞ്ഞു തന്നു. മുട്ട കുടിച്ച ഉടനെ ഓടണമത്രെ. ഇല്ലെങ്കിൽ അത് കുടലിൽ ഒട്ടിപ്പിടിക്കും പോലും. എന്തൊരു ഇൽമാണ് പുള്ളിക്ക് !

No comments: