Tuesday, January 5, 2016

കുട്ടിക്കാല കുസൃതിക്കണ്ണുകൾ

കുട്ടിക്കാല കുസൃതിക്കണ്ണുകൾ
********************* 
മാവിലേയൻ 
****************** 
സമീ, എന്റെ ഉറക്കപ്പിച്ചും ഉറക്കത്തിൽ നടത്തവും എഴുതാൻ തുടങ്ങിയാൽ പിന്നെ അത് തന്നെ ഒന്നുരണ്ടു വാള്യം ഉണ്ടാകും. ''എന്റെ ഉറക്കത്തിൽ നടത്തം-കാലഘട്ടങ്ങളിലൂടെ'' എന്ന ഒരു ടൈറ്റിലിൽ നല്ലൊരു റെഫറൻസ് ഗ്രന്ഥം എഴുതിയാലോ എന്ന് ആലോചനയും ഉണ്ട്. മുതഅല്ലിമായി പഠിച്ചു ഇവിടെ ഒരു ഹോട്ടലിൽ ഉസ്താദായി സേവനം ചെയ്യുന്ന സുഹൃത്ത് അൻസൽ പറയുന്നത് പോലെ - ''തൽക്കാലം അതവിടെ ഇരിക്കട്ടെ''. ബട്ട്രി ഓർമ്മ ഉണ്ടല്ലോ ? ബാറ്ററി പന്ത്രണ്ടിന്റെ ഒരു ബോക്സായിട്ടാണ് അന്ന് വന്നിരുന്നത്. നല്ല ഹുർമത്തും ബർക്കത്തും ഉള്ള ബോക്സ്‌... ബോക്സ് കിട്ടാൻ പലരും അന്ന് നാട്ടിൽ ബാറ്ററി വില്ക്കുന്ന കടയ്ക്ക് മുന്നിൽ തല ചൊറിഞ്ഞ് നിൽക്കും. കടയുടെ ചുറ്റും ഒന്ന് കറങ്ങി നോക്കും. കിട്ടാൻ. ഒക്കെ ഓരോ അന്ധ വിശ്വാസം. ''നാട്ടാരെ പിള്ളേർ എടുത്തോട്ടെ'' എന്ന് കരുതി കടക്കാർ രാത്രി ബാറ്ററിയൊക്കെ കാലിയാക്കി കവർ ബോക്സ് പുറത്തേക്കെറിയുമെന്ന് കരുതുന്നത് തന്നെ ബോളത്തരമല്ലേ ? ആര് എറിയാൻ ? ഇത് ചെറിയ കടക്കാർ തന്നെ വലിയ കടക്കാരോട് മുൻകൂട്ടി ബുക്ക് ചെയ്ത് ''പേഞ്ഞിറ്റ്'' വാങ്ങി കൊണ്ട് പോകുന്ന സാധനമാണ്. അതിനു ചെറുകിട കചോട്ക്കാർ തന്നെ കടിപിടി. അവരും പെട്ടി ഉപയോഗിച്ച് കുറെ കഴിഞ്ഞാണ് പിള്ളേരുടെ കയ്യിൽ എത്തുന്നത്. ബാറ്ററി പെട്ടി ഇവിടെ പറയാൻ കാരണം - ചില പിള്ളേർ അതിനെ ചെറിയ സൂപ്പർമാർക്കറ്റ് ആയി ഉപയോഗിച്ചിരുന്നു. നമ്മുടെ മദ്രസ്സാ-സ്കൂൾ പിള്ളേരാണ് പ്രധാന കസ്റ്റമർസ്. ഓരോ ക്ലാസ്സിലും ഒരു ''പെട്ടി''ക്കടക്കാരൻ ഉണ്ടാകും. ആദ്യം സ്കൂളിൽ ഒരു സൌകു മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവന്റെ കച്ചോടത്തിന്റെ ഐഡിയ പഠിച്ചു ചിലർ സ്വന്തമായി തുടങ്ങും. ( ഇപ്പോഴും കുറവൊന്നുമില്ല ) ഒരു പ്രാവശ്യം ഒരു കുൽസു ഉണ്ട് ഒരു സൌകുനെ ഹെൽപ് ചെയ്യുന്നു. ഞാൻ ചോദിച്ചു : എന്നിന്ന്റോളെ... പെണ്ണുങ്ങോ...?". ചോദ്യം കുൽസുന് ഇഷ്ടപെട്ടില്ല. കൊഞ്ഞണം കുത്തി; എന്നിട്ട് ദേഷ്യത്തിൽ എന്നോട് - ''ഈല് എന്റെയും പൈസ ഇണ്ടോനെ...'' ഹേയ് ... പെണ്ണ് പെട്ടിക്കച്ചവടത്തിൽ കൂറ്. മാഷന്മാർ മിന്നൽ സെർച്ച് നടത്തിയാൽ പെട്ടിക്കച്ചോടക്കാരുടെ ആപ്പ് പൂട്ടും. അത് പ്രതിരോധിക്കാൻ വിളവന്മാർ ഉണ്ടാക്കിയ കിടിലൻ തന്ത്രമാണ് പെണ്പിള്ളേരെ കച്ചോടത്തിനു പാർട്നറായി ചേർക്കൽ. മാഷന്മാർ മിന്നൽ പരിശോധന തുടങ്ങിയാൽ ഉടനെ ''സൂപ്പർമാർക്കറ്റ്'' മൊതലാളി, കടയുടെ (പെട്ടി) താക്കോൽ അടക്കം മഹതിയുടെ കയ്യിൽ ഏൽപ്പിക്കും. പെണ്പിള്ളേരോടോന്നും കളിക്കാൻ ''പിടിച്ചുപറിക്കാർ'' നില്ക്കില്ല. ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ മാഷമ്മാർ സ്കൂട്ടായി പ്ലിങ്ങി തിരിച്ചു പോകും. സൂപ്പർമാർക്കറ്റ് തപ്പൽ ഭയാനകമാണ്. ഒരു ദയയും ഇല്ലാതെ തട്ടിപ്പറിച്ചുകൊണ്ടാണ് മാഷമ്മാർ തൊണ്ടി സാധനവുമായി പോവുക. പിന്നെ തിരിച്ചു കൊടുക്കൽ ഏർപ്പാട് എന്റെ അറിവിൽ ഇല്ല. (പഴയ ബിസിനസ്സ്കാർ ഇവിടെ ഉണ്ടെങ്കിൽ അവർക്ക് പറയാം). എനിക്ക് തോന്നുന്നത് അന്നൊക്കെ സ്റ്റാഫ് റൂമിൽ വൈകുന്നേരത്തെ സ്ഥിരം ''കടി'' തന്നെ പാവം പയ്യമ്മാരെ പട്ടാപകൽ കവർച്ച ചെയ്തെടുക്കുന്ന ക്രാക്കെര്സ് ആണെന്നാണ്‌..; ഒരു മേയ്തീൻ മാഷുണ്ടായിരുന്നു. ഇയാളാണ് ചെറുകിട കച്ചോടക്കാരെ പിടിച്ചു പറിച്ചു പുട്ടടിക്കുന്ന വില്ലൻ . പുള്ളി പറഞ്ഞിരുന്ന ഞായം - ഇത് കഴിച്ചാൽ പിള്ളേരെ വയറു കേടാകുമത്രെ. നമ്മുടെ നാട്ടിലെ സകല കടകളിലും ഇത് തന്നെയാണ് വിൽക്കുന്നതെന്നു ആർക്കാണ് അറിയാത്തത് ? ചില പിള്ളേരെ ഓര്മ്മ ഉണ്ട്. ''പെട്ടി''കച്ചോടക്കാരുടെ കൂടെ വെറുതെ നടക്കും. പശുവിന്റെ പുറത്ത് ഒരു കാക്കയെ കാണാറില്ലേ - അത് പോലെ. കാക്കയ്ക്ക് ചെള്ളും ചെപ്പിയുമെങ്കിലും കിട്ടും. തോയി പുള്ളോക്ക് വല്ല കാര്യവുമുണ്ടോ? വിൽക്കാൻ പറ്റാത്ത പൊടിഞ്ഞ ഒരു കഷ്ണം തേൻചക്കിളി പോലും തോയിക്ക് മൊതലാളി കൊടുക്കില്ല. എന്നാലും ഒരു ''ആസ''ക്ക് പിന്നാലെ നടക്കും. ''എതർന്റെ കചോടായീന്ന് സൌകൂ'', ''കട്ടായി എത്ര ബാക്കി ഇണ്ട് ?'' ''അച്ചാർ നല്ല പാങ്ങ്ണ്ടാഉം അല്ലേ '' ഇങ്ങിനെ ഓരോന്ന് ചോദിച്ചു കൊണ്ടും പിള്ളേർ വലിച്ചെറിഞ്ഞ പല്ലിന്റിടയിൽ കുടുങ്ങുന്ന ''അരുൽജോതി''യുടെ കടലാസ് നക്കിയും .....പാവങ്ങൾ പിന്നാലെ ഓടും. ഓട്ടത്തിൽ ഒരു കാര്യവും ഇല്ലെന്ന് മനസ്സിലായാൽ ഇവർ ഉടനെ മേയ്തീൻ മാഷെ അടുത്ത് പോയി - ഒരു പരാതി പറച്ചിൽ. ''മാസേ ...മാസേ.... നാലാം ഗ്ലാസ്സിലെ കുൽസു , അഞ്ചിൽത്തെ സൌകൂന്റെര്ത്ത്ന്ന് കാറുയ്ക്ക്ന്നെ മുട്ടായുന്ന്റ്റ് ബാറ്റൊമ്പലോ .. ഇന്ന് സാലക്ക് ബന്നിറ്റാ ..." ഇത് എന്താണ് പറഞ്ഞതെന്ന് അവിടെ വന്ന ഏതെങ്കിലും പി.ടി. മെമ്പറോട് മേയ്തീൻ മാഷ്ചോദിച്ചു മനസ്സിലാക്കും. കാലി ചായയും പിടിച്ചു ഒരു ബിസ്കറ്റ് കഷ്ണം കിട്ടാൻ അമ്മിണി ടീച്ചറുടെ പിന്നാലെ കൂടി പരാജയപ്പെട്ട മേയ്തീൻ മാഷ്ക്ക് പരിഭാഷ കിട്ടുന്നതോടെ ലോട്ടറി അടിച്ച സന്തോഷത്തിൽ ഒരു റെയ്ഡ്. മുമ്പൊക്കെ മുംബൈ എയർപോർട്ടിൽ ഇറങ്ങി കസ്റ്റംസിനെ കണ്ട ശേഷമുള്ള അനുഭവം. എല്ലാം അതോടെ തീർന്ന് കിട്ടും.

മേയ്തീൻ മാഷ്സ്റ്റാഫ് റൂമിൽ തേന്ച്ചക്കിളിയും കൂട്ടി ചായ മോന്തുമ്പോൾ കുറെ മാഷന്മാർ കമന്റും - ''പാവം പിള്ളാരുടെ അടുത്ത് നിന്ന് തട്ടിപ്പറിച്ചു ഇങ്ങിനെ തിന്നാൽ വയറു കേടാവും മാഷേ... '' പുള്ളി അതെല്ലാർക്കും ടേയ്സ്റ്റ് നോക്കാൻ നുള്ളി കൊടുക്കുന്നതോടെ ''പിള്ളേർ പഠിക്കാൻ വരുന്നതല്ലേ..ബിസിനസ് ചെയ്യാനാണോ ..മാഷ്ചെയ്തത് ഏറ്റവും നന്നായി.... .'' കമന്റു ഗതി മാറി വരും. മേയ്തീൻ മാഷിനു സ്റ്റാഫ് വക ഗുഡ് സെര്ടിഫിക്കറ്റും. മിഠായി ഐറ്റംസിന് പുറമെ, പുളി, പുൾങ്കട്ടെ, പുൾങ്കായ്, ബേലിപ്പായം, ബേങ്ങപ്പായം, മൊൾച്ചോട്ടെ, നെല്ലിക്ക, മൂക്കട്ടെപായം, കാരെപ്പായം, ഏര്ങ്കിപ്പായം, എസൽപ്പുളി.....ഇതൊക്കെ വിൽപ്പന ചരക്കുകളായിരുന്നു. എന്റെ ക്ലാസ്സിലെ ഒരു സൗകു പൈസ കൊടുക്കാൻ ഇല്ലാഞ്ഞിട്ടു പുസ്തകത്തിന്റെ കടലാസ് പറിച്ചു കൊടുക്കേണ്ടി വന്നിട്ടുണ്ട്- പറ്റ് തീർക്കാൻ. ചിലർ കടം വാങ്ങിയാൽ അത് ചോദിക്കുമെന്ന് പേടിച്ച് നാല് ദിവസം വരാതിരിക്കും. കാശ് ചോദിച്ചാലോ ?ഒറ്റ പറച്ചിൽ -''ഞാനല്ലോനെ ബീയായ്ച്ചേ തന്നത്...'' എഴുതിതള്ളലല്ലാതെ വേറെ നിവൃത്തി ഇല്ല. ബേങ്ങപ്പായം എപ്പോൾ തിന്നാലും എനിക്ക് പിറ്റേ ദിവസം വയറു വേദന വരും. അതിന്റെ കാരണം ഇപ്പോഴും മനസ്സിലായില്ല. മധൂരിലെ പൊടിചേച്ചിയായിരുന്നു ഞങ്ങൾക്ക് പുളിയും പുളുങ്കുരു പാളയിൽ കെട്ടിത്തൂക്കി കൊണ്ട് വന്നിരുന്നത്. ഞാൻ ഒരു ദിവസം പൊടിചേച്ചിയെ അറിയാതെ പൊടിഞ്ഞാന്നു വിളിച്ചു പോയി. അത് കേട്ടത് ഒരു വിളവൻ സൗകു. എന്നെ അവൻ എന്നോട് പോലും ചോദിക്കാതെ കുറച്ചു ദിവസത്തേക്ക് ദീനിന്ന് പുറത്താക്കി ! ചേചീന്ന് വരെ വിളിക്കാൻ പാടില്ല പോലും. (അതൊക്കെ ഞാൻ വഴിയെ പറയുന്നുണ്ട് - ഇന്നെന്നെ ഉട്ക്കന്നാള് എട്ക്കേലാലോ ) ഇപ്പോൾ നല്ല നിലയിൽ എത്തിയ ഒരു സൌകൂനെ കാണുമ്പോൾ അവൻ അന്ന് ''പുൾങ്കട്ടെ...പുൾങ്കട്ടെ....ബർത്തെ പുൾങ്കട്ടെ....'' എന്ന് ഒരു പ്രത്യേക ഈണത്തിൽ പറഞ്ഞു സെയിൽ ചെയ്യുന്നത് ഓർമ്മ വരും. (ഒരു വറവും ഇല്ല -വാങ്ങാൻ വേണ്ടി അവന്റെ നമ്പര്). ഒരിക്കൽ ''അദറാ മേയ്തീൻ മാഷ്‌'' എന്ന് പുൾങ്കട്ടെ കച്ചോടം പൊടിപൊടിക്കുന്നതിനിടക്ക് ആരോ വിളിച്ചു പറഞ്ഞപ്പോൾ ഇവൻ പുളിങ്കുരു ''കൂട്ടെ'' യും തൂക്കി ക്ലാസ്സിലേക്കോടി. മേയ്തീൻ മാഷ്വളരെ കൂളായി പുള്ളിയെ കയ്യോടെ പിടി കൂടി, ബർക്കാത്ത പുൾങ്കട്ടെ കസ്റ്റഡിയിലെടുത്തു. ഓടുന്ന ഓട്ടത്തിൽ സഞ്ചിയിലെ ഒരു ദ്വാരത്തിൽ കൂടി പുളിങ്കുരു നിലത്തു വീണു വഴി ക്ലിയറാക്കിയാൽ ആർക്കാണ് പിടിക്കാൻ പറ്റാത്തത് ? (മേയ്തീൻ മാഷ്നല്ലൊരു ''പുളിങ്കുരു ഫാൻ'' കൂടി ആയിരുന്നുവെന്ന് പിന്നീടാണ് അറിഞ്ഞത് ). അന്ന് സജ്ജിഗെ ബീരമ്മ വരെ പുളുങ്കുരു ചവക്കുന്നത് കണ്ടിട്ടുണ്ട്. മേയ്തീൻ മാഷ്കൊടുക്കാതെ പിന്നെ ഇത് എവിടെ നിന്നാണ് പുള്ളിക്കാരിക്ക് കിട്ടുക. പെണ്പിള്ളേരെ വായിൽ ഇത് ഒന്നൊന്നര ഡസൻ കാണും. ഉച്ചയ്ക്കാണ് ഇവർ പുൾങ്കട്ടെ വായിൽ നിക്ഷേപ്പിക്കുക. രാവിലെ മദ്രസ്സയിൽ ഒരുത്തിയെ കയ്യോടെ പിടിച്ചത് കൊണ്ട് മൊത്തം പുൾങ്കട്ടെഭോജികളും സമയം മാറ്റി പിടിച്ചു. ഉച്ചയ്ക്ക് ശേഷം സ്കൂളിൽ മാഷമ്മാർ എന്ത് ചോദിച്ചാൽ ആരും മിണ്ടാത്തതിന്റെ ഗുട്ടന്സ് ഇതാണ്. വീട്ടിന്ന് ഇറങ്ങുമ്പോൾ തന്നെ ''പുൾങ്കെട്ടെട്ത്തോളെ ...മർന്നോണ്ടാ .." ഒരു കുൽസൂ വേറൊരു കുൽസൂനെ ഓർമിപ്പിക്കും. ശരിക്കും പുൾങ്കട്ടെ ഞങ്ങളുടെ ''ബബ്ൾഗം'' ആയിരുന്നു. ഒരു ദിവസം ക്ലാസ്സിനകത്ത് ഒരു മൊള്-വെടി പൊട്ടുന്ന ശബ്ദം. എല്ലാരും തിരിഞ്ഞു നോക്കുമ്പോൾ കുൽസുവിന്റെ വായിന്നു ചോര. ആകെ ബേജാറ്‌.. വിവരം അറിഞ്ഞു മേയ്തീൻ മാഷ്വന്നു അന്വേഷണം തുടങ്ങി. എഫ് . .ആർ തയ്യാറായി. കുൽസു ഹരത്തിൽ ഒന്ന് രണ്ട് പുളുങ്കുരു കടിച്ചു പൊട്ടിച്ചതാണ്. കടിയുടെ ആയം തെറ്റി, അറിയാതെ ചുണ്ടും കടിച്ചു, കൂട്ടത്തിൽ ഒരു കൊക്കരെ പല്ലും പോയി കിട്ടി. കൂടുതൽ അന്വേഷണത്തിൽ അന്ന് പലരുടെയും വായിന്ന് ''ബബ്ൾഗം'' കണ്ടെടുത്തു. മാഷ്വരുന്നതിനിടക്ക് ജനലിൽ തലയിട്ടു തുപ്പിക്കളഞ്ഞ സൗകു -കുൽസുമാരൊഴിച്ചു ബാക്കി മൊത്തം പേരും അടി വാങ്ങി. അന്ന് മുതൽ ക്ലാസ്സിൽ ഉച്ചയ്ക്ക് ശേഷം ''പുളുങ്കുരു ഇന്സ്പെക്ഷൻ'' കർശനമാക്കി. നന്ദി എല്ലാരോടും. പോസ്റ്റു ചെയ്യുന്നതും നോക്കി എല്ലാ വെള്ളിയാഴ്ചയും എന്നെ കാത്തിരിക്കുന്ന പ്രിയപ്പെട്ട ഉമ്മയ്ക്കും നല്ലപാതിക്കും എന്റെ കുസൃതി പിള്ളേർക്കും വേണ്ടി ''കു-ക്കാ-കു-കണ്ണുകൾ'' ഇനിയും തുടരും. കുറച്ചു ആഴ്ചകൾ ഇനി എന്റെ വായനക്കാർ അവർ മാത്രമായിരിക്കും. ഞാനിപ്പോൾ അവരുടെ ''ഫാവറൈറ്റ് എഴുത്തുകാരനാ''യിരിക്കുകയാണ്.

No comments: